നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമ്മതിദാനം കഴിഞ്ഞ് ആകാംക്ഷയും പ്രതീക്ഷയും ഉത്കണ്ഠയുമായി വോട്ടെണ്ണല്‍ കഴിഞ്ഞു ഫലപ്രഖ്യാപനം കാത്തിരുന്ന ഇടവേളയില്‍ മുമ്പു നടന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചു ചിന്തിച്ചുപോയി. 1960 ല്‍ നിയമസഭയിലേക്കു വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് സമ്മതിദാനം ഉപയോഗിക്കാന്‍ തക്കവിധം ഞാന്‍ പട്ടികയില്‍പ്പെട്ടത്. എന്നാല്‍ ഓര്‍മയിലുള്ള ആദ്യ തെരഞ്ഞെടുപ്പ് തിരുവിതാംകൂര്‍ നിയമസഭയായിരുന്ന ശ്രീമൂലം അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പാണ്.
മലയാള വര്‍ഷം 1120 ല്‍ (1945) ല്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ അഞ്ചുരൂപ കരംതീരുവയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കുമാണ് സമ്മതിദാനാവകാശം ഉണ്ടായിരുന്നതെന്നാണ് ഓര്മ. തൊടുപുഴ, മീനച്ചില്‍ താലൂക്കുകള്‍ ചേര്‍ന്ന ഒരു മണ്ഡലമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ കടകളില്‍ പാണ്ട്യാങ്കന് എസ്.ഗോപാലപിള്ളയ്ക്ക് വോട്ട് ചെയ്യുവിന്‍ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചത് ഓര്‍ക്കുന്നു. വോട്ടെടുപ്പു ദിവസം പോലീസ് വണ്ടികളും ഉദ്യോഗസ്ഥരുമൊക്കെ വന്നിരുന്നു. വൈദ്യന് സി.എന്‍.നമ്പൂതിരി (ധന്വന്തരി വൈദ്യശാലാ സ്ഥാപകന്‍) കാറില്‍ വന്നു വോട്ടു ചെയ്തത് നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു.
അടുത്ത തെരഞ്ഞെടുപ്പും തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തന്നെയായിരുന്നു. 1948 ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷമാണതു നടന്നത്. സര് സി.പി.രാമസ്വാമി അയ്യര്‍ ദിവാന് പദവി ഒഴിഞ്ഞുപോയശേഷം ചിത്തിരതിരുനാള്‍ രാജാവ് പ്രായപൂര്‍ത്തി വോട്ടധികാരപ്രകാരമുള്ള ഒന്നാം തെരഞ്ഞെടുപ്പു വിളംബരം ചെയ്തിരുന്നു. ഭാരതഭരണഘടന നിലവില്‍ വന്നിരുന്നില്ല. അന്നു തൊടുപുഴ മണ്ഡലത്തില്‍ പി.എം.വറുഗീസ് എന്ന കോണ്‍ഗ്രസ് നേതാവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുഴുവന്‍ സ്ഥാനങ്ങളും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ചു.
പുന്നപ്ര വയലാര്‍ കലാപത്തിന്റെ അന്തരീക്ഷം നിലനിന്നിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ഫലപ്രഖ്യാപനം കഴിഞ്ഞു ഏറെ ചെല്ലുന്നതിനുമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. അന്ന് ഏതോ പത്രത്തില്‍ വന്ന ഒരു ഫലിത കവിതയിലെ ചില വരികള്‍ ഇപ്രകാരമായിരുന്നു.
ടി.വി.തോമസ് വോട്ടിനുപോയി
പോയെടമെല്ലാം തോറ്റും പോയി
പോലീസിപ്പോള്‍ കൊണ്ടുംപോയി
കമ്മ്യൂണിസവും ചത്തും പോയി.
പിന്നീട് തിരുകൊച്ചി സംയോജനവും ഭരണഘടനയുടെ നിലവില്‍ വരലും കഴിഞ്ഞ് 1952 ലാണ് ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പു നടന്നത്. അന്ന് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ അതിന്റെ കോലാഹലത്തില്‍ പെടാതിരിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസില്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ വ്യക്തമായി വന്നു. കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍സഭകളുടെ സുശക്തമായ സ്വാധീനം ഹിന്ദുജനവിഭാഗങ്ങള്‍ക്ക് അസഹ്യമായി വന്നു. 16 മെത്രാന്മാര് ചേര്‍ന്നു കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഇറക്കിയ ഇടയലേഖനം വിവാദമായിരുന്നു. ഹിന്ദുമഹാമണ്ഡലം രൂപീകരണവും അതിന്റെ തകര്‍ച്ചയും അതിനിടെ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഹിന്ദുമഹാമണ്ഡലക്കാലത്ത് നടന്ന രണ്ടുപതെരഞ്ഞെടുപ്പുകളില്‍ നെടുമങ്ങാട്ട് ഹിന്ദു മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വാധീനം തെളിയിച്ചുകൊണ്ട് നീലഖണ്ഠരു പണ്ടാരത്തില്‍ ജയിച്ചു. നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയോട് തോറ്റു. ഹിന്ദുത്വത്തിന്റെ പേരില്‍ മാത്രമായി ഇന്നുവരെ ലഭിച്ച ഒരേ ഒരു വിജയമായിരുന്നു അത്.
ആ തെരഞ്ഞെടുപ്പില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ചിഹ്ന സമ്പ്രദായം ഉണ്ടായി. കോണ്‍ഗ്രസിന് നുകംവെച്ച കാള, കമ്മ്യൂണിസ്റ്റുകള്‍ക്ക് അരിവാളും നെല്‍ക്കതിരും സോഷ്യലിസ്റ്റുകള്‍ക്ക് കലപ്പയും ചക്രവും ഇങ്ങനെയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം നിലനിന്നതിനാല്‍ അവര്‍ ഐക്യമുന്നണിയായി മത്സരിച്ചു. പ്രചാരണത്തിന് രാഷ്ട്രീയ ഗാനങ്ങള്‍ അന്നാണുപയോഗിച്ചത് തുടങ്ങിയത്. വിദ്യാര്‍ത്ഥി ആയിരുന്ന ഒഎന്‍വിയും ടി.എം.പ്രസാദും മറ്റും എഴുതിയ ഗാനങ്ങള്‍ ജനങ്ങളെ ഇളക്കിമറിച്ചു. പുന്നപ്ര വയലാറും തെലുങ്കാനയും വടക്കന്‍ കൊറിയയും ചീനയും റഷ്യയുമൊക്കെ അവരുടെ ഗാനങ്ങള്‍ക്ക് വിഷയങ്ങളായി. മധുരമനോഹര മനോജ്ഞ ചീന ”വയലാര്‍ വയലാര്‍ വയലാര്‍
ഹാ”
വിശന്നു പൊരിയും വയറുകളേ
നിങ്ങളെ നോക്കി നോക്കി
നെല്ലിന്റെ കൂമ്പാരങ്ങള്‍ മാടി വിളിപ്പൂ”
”ഇന്ത്യയില്‍ ഹൈദ്രാബാദില്‍ താന്‍
നോക്കു തെലിങ്കാനയില്‍
നാല്‍പ്പതുലക്ഷം ജനങ്ങള്‍ മോചിതരായ്” തുടങ്ങിയവയ്ക്കു പുറമെ ചെങ്കൊടിയുടെ മാഹാത്മ്യം വിളിച്ചുപറഞ്ഞ
”പൊരുതും കൊറിയ നിന്റെ
നവകാന്തിയേറിടാനായ്
നിണമേകിയേകിയേകി
വിജയംവരിച്ചിടുന്നു” തുടങ്ങിയ ഗാനങ്ങളും മുഴങ്ങിയിരുന്നു.
സഖാക്കളുടെ പ്രചാരണ പ്രസംഗങ്ങളും ശ്രദ്ധയെ ആകര്‍ഷിക്കുന്നവയായിരുന്നു. പി.ടി.പുന്നൂസിനെപ്പോലുള്ളവര് ആറും ഏഴും മണിക്കൂര്‍ തുടര്‍ച്ചയായി ജനക്കൂട്ടത്തെ രസിപ്പിച്ചുകൊണ്ടു പ്രസംഗിച്ചുവന്നു. എതിരാളികളെ പരിഹസിക്കുന്ന പാട്ടുകളും ഉണ്ടായിരുന്നു.
”ടാറിട്ട റോഡേ നുകം വെച്ച കാള
കെ.എം.ജോസപ്പ് വലീ വലീ”
”മന്നത്തെയമ്മാവാ തിരിഞ്ഞുനിന്നന്‍പിനോടൊന്നു നോക്കു
എങ്ങു പോകുന്നീവണ്ണം കിഴക്കു നീ
കുമ്പസാരിച്ചുപോയോ?”
എന്നു ഹിന്ദുമണ്ഡലം തകര്‍ന്നതിന്റെ ഇച്ഛാഭംഗവും രോഷവും പ്രകടമാക്കുന്ന ഗാനവും കമ്മ്യൂണിസ്റ്റുകാര്‍ മുഴക്കി.
1954 ല്‍ ആയപ്പോഴേക്കും അനേകം മന്ത്രിസഭകളുടെ രൂപീകരണവും പതനവും കഴിഞ്ഞ് രാജപ്രമുഖന്‍ തിരുകൊച്ചി നിയമസഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. അന്നും തിരുവനന്തപുരത്തു വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ അതിന്റെ ചൂടിലും ചൂരിലും മുഴുകിക്കഴിയാന്‍ സാധിച്ചു. തിരുവനന്തപുരത്ത് ഭാരതീയ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി
അഡ്വ.അറയ്ക്കല്‍ നാരായണപിള്ള മത്സരിച്ചു. ദീനദയാല്‍ജിയുടെ സന്ദര്‍ശനവും തിരുകൊച്ചി സംസ്ഥാനത്ത് താല്‍ക്കാലിക സമിതി രൂപീകരിച്ചതും അക്കാലത്തായിരുന്നു. ഞങ്ങള്‍ ഏതാനും വിദ്യാര്‍ത്ഥി സ്വയംസേവകര്‍ അന്ന് പ്രചാരണത്തിന് ഇറങ്ങി, ജനസംഘത്തെയും അതിന്റെ ദീപം ചിഹ്നത്തെയും ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യം മാത്രമാണ് അതുകൊണ്ട് സാധിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും പട്ടംതാണുപിള്ളയുടെ പിഎസ്പിക്ക് കോണ്‍ഗ്രസും തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസും പിന്തുണ നല്കിയ ഒരു വിചിത്ര മന്ത്രിസഭയാണു തുടര്‍ന്നുണ്ടായത്. അതില്‍ തന്നെ വിനാശത്തിന്റെ വിത്ത് അടങ്ങിയിരുന്നതിനാല്‍ ഒരു കൊല്ലം പൂര്‍ത്തിയാകും മുമ്പ് മന്ത്രിസഭ തകര്‍ന്നു.
1957 ലെ തെരഞ്ഞെടുപ്പ് നടന്നത് കേരള സംസ്ഥാന രൂപീകരണത്തിനുശേഷമായിരുന്നു. അതിന്റെ കാലത്ത് രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന പങ്കല്ലാതെ ഒന്നും ചെയ്യാന്‍ തോന്നിയില്ല. സ്വയംസേവകനെന്ന നിലയ്ക്ക് കക്ഷിരാഷ്ട്രീയത്തിന്റെ നൂലാമാലകളില്‍ കുടുങ്ങാതെ കഴിയാനാണ് ശ്രദ്ധിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേക്ക് പ്രചാരകജീവിത പ്രവേശമാകുകയും ചെയ്തു. 1959 ലെ വിമോചന സമരത്തിന് സാക്ഷിയാകാന്‍ അവസരമുണ്ടായി.
അതുകഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലാണ് ആദ്യത്തെ സമ്മതിദാനാവകാശ പ്രയോഗം. പഴയകാലത്തെ പ്രത്യയശാസ്ത്ര പ്രചോദിതമായ ഗാനങ്ങളുടെയും പ്രസംഗങ്ങളുടെയും സ്ഥാനത്ത് വ്യക്തിപരമായ അധിക്ഷേപങ്ങളും തേജോവധങ്ങളും നിറഞ്ഞ പ്രചാരണങ്ങള്‍ സ്ഥാനം പിടിച്ചുതുടങ്ങി. അത് ഇപ്പോഴേക്ക് എത്ര ജീര്‍ണിച്ചഴുകിയ അവസ്ഥയിലായി എന്നത് ഇന്ന് നമുക്കനുഭവമാണല്ലൊ.
1967 നുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയെന്ന നിലക്ക് നേരിട്ട് ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1954 ലെ തിരുകൊച്ചി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം ആദ്യമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ വലിയ ബോര്‍ഡ് സ്ഥാപിച്ച് എഴുതി കാണിച്ചു. അവിടെ ജനം തടിച്ചുകൂടി ആഹ്ലാദാരവങ്ങള്‍ മുഴക്കി. അന്ന് അകാശവാണി തന്നെ അപൂര്‍വമായിരുന്നു.
പിന്നീട് ഓരോ തവണയും പുതിയ ആവിഷ്കരണങ്ങള്‍ വരികയും റേഡിയോ സര്‍വസാധാരണമാകുകയും ചെയ്തപ്പോള്‍ ഫലമറിയാന്‍ പിറ്റേന്നു പത്രങ്ങളെ ആശ്രയിക്കേണ്ടാത്ത സ്ഥിതി വന്നു. 1977 ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം കേള്‍ക്കാനായി ഉറക്കമിളച്ച് രണ്ടുരാത്രികള്‍ ജനക്കൂട്ടം പത്രമാഫീസുകള്ക്കുമുന്നില് നിന്നിരുന്നു. ഇതാണ് പിന്നീട് ‘ഇന്ത്യയുറങ്ങാത്ത രാത്രി’എന്നു പ്രസിദ്ധി നേടിയത്.
ഇന്ന് വോട്ടെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലാകയാല് അല്ലാം തത്സമയം അറിയാന്‍ കഴിയുന്നു. വോട്ടെടുപ്പു ദിവസം തന്നെ ഫലപ്രഖ്യാപനവും നടത്ത തക്കവിധം സജ്ജീകരണങ്ങളുണ്ടാകുന്ന കാലവും വിദൂരമായിരിക്കില്ല എന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: