പലഹാരത്തിന്റെ സ്വാദ് പ്രിയമാണെങ്കിലും അതില്‍നിന്നിറ്റുവീഴുന്ന എണ്ണ വല്ലാത്ത അസൗകര്യം തന്നെ. അതിനെ നിയന്ത്രിക്കണമെങ്കില്‍ നമുക്കൊരു സൂത്രമുണ്ട്-പഴയ പത്രക്കടലാസ്. നാലുമണിച്ചായക്കൊപ്പമെത്തുന്ന വടയും പഴം പൊരിയുമൊക്കെ പഴയ പത്രക്കടലാസിലിട്ട് നാല് ഞെക്കു കൊടുത്താല്‍ എണ്ണ മുക്കാലും പമ്പ കടക്കും. പക്ഷേ മറ്റൊരു വില്ലന്‍ നാമറിയാതെ അകത്തുകടക്കും. സാക്ഷാല്‍ കറുത്തീയം.
വൃക്കയും തലച്ചോറും മുതല്‍ ബുദ്ധിയും നാഡീവ്യവസ്ഥയും വരെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള കറുത്തീയം……..
ഉഴുന്നുവടയിലെ എണ്ണമയം അകറ്റാനും ചക്കയിലെ അരക്ക് ഒഴിവാക്കാനും ഉപ്പേരി വറുത്ത് ഉപ്പ് തളിച്ച് നിരത്താനും നമുക്ക് പത്രക്കടലാസ് കൂടിയേ തീരൂ. അച്ചാര്‍ അരിഞ്ഞുകൂട്ടാനും പരത്തിയ ചപ്പാത്തി നിരത്താനും വറുത്തപൂരിയുടെ എണ്ണകളയാനും പത്രക്കടലാസ് തന്നെ ശരണം. ഭക്ഷണം നിരത്താനും പൊതിയാനും കഴിക്കാനുമൊക്കെ നാം ആശ്രയിക്കുന്ന പത്രക്കടലാസില്‍ കുഴപ്പം അച്ചടിമഷിയിലാണ്!
അക്ഷരങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കറുത്തീയം എണ്ണയുടെ സാന്നിദ്ധ്യത്തില്‍ അലിഞ്ഞലിഞ്ഞ് നമ്മുടെ ഭക്ഷണവസ്തുക്കളിലേക്കെത്തുകയാണ്. നിശബ്ദനായ കൊലയാളിയെപ്പോലെ അന്തരീക്ഷത്തിലൂടെ നമ്മിലേക്കെത്തുന്ന ഈയത്തിന്റെ നിരവധി മടങ്ങാണ് അച്ചടിമഷിയില്‍ നിന്നും എണ്ണയിലലിഞ്ഞ് ആഹാരത്തിലേക്ക് സന്നിവേശിക്കുന്നത്.
ഒരുപാട് രാസവസ്തുക്കള്‍ ചേര്‍ന്നതാണ് അച്ചടി മഷി. അതില്‍ കറുത്തീയത്തിന്റെ അംശം താരതമ്യേന കുറവുമാണ്. വികസിത രാജ്യങ്ങളിലെ അച്ചടിമഷിയില്‍ അത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം കര്‍ക്കശമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറഞ്ഞ കടലാസുകളില്‍ മാത്രമല്ല, ഈയപ്പൊടിയുണ്ടാവേണ്ടത്: വര്‍ണങ്ങള്‍ വാരിച്ചുറ്റിയ പത്രക്കടലാസുകളിലുമുണ്ടാവും. സാക്ഷാല്‍ കറുത്തീയം!
കറുത്തീയം നമ്മുടെ ശരീരത്തിലെത്തുന്നത് പത്രക്കടലാസിലൂടെ മാത്രമാണെന്ന് കരുതേണ്ട. വാഹന പുകയിലൂടെ, കറുത്തീയ നിര്‍മിതമായ പൈപ്പിലെ ജലത്തിലൂടെ, കറുത്തീയംകൊണ്ട് സോള്‍ഡര്‍ ചെയ്ത പൈപ്പുകളിലൂടെ വര്‍ണശബളമായ പെയിന്റുകളിലൂടെ, ഒക്കെ കറുത്തീയം നമ്മെ തേടിയെത്തുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും ഗൃഹോപകരണങ്ങളിലുമൊക്കെ പലപ്പോഴും കറുത്തീയത്തിന്റെ സാന്നിദ്ധ്യമുണ്ട്. പായ്ക്ക് ചെയ്ത ഭക്ഷണം, കാജല്‍, കണ്മഷി, നര കറുപ്പിക്കുന്ന ഡൈ, സിന്ദൂരം, സിറാമിക് ഉപകരണങ്ങള്‍, ആധുനിക തറയോടുകള്‍ തുടങ്ങിയവയിലൊക്കെ ലെഡ് ഒളിഞ്ഞിരിക്കുന്നുവെന്നറിയുക.
കറുത്തീയം കാന്‍സര്‍കാരിയാണ്. കുടല് സംബന്ധമായ രോഗങ്ങള്‍ക്കു കാരണക്കാരനാണ്. വൃക്ക, നാഡീവ്യവസ്ഥ, തലച്ചോര്‍ രോഗങ്ങള്‍ എന്നിവക്കൊക്കെ വഴിതെളിക്കും. തളര്‍ച്ചയുണ്ടാക്കും. സര്‍വോപരി രക്തത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും. കറുത്തീയത്തിനൊപ്പം അച്ചടിമഷിയിലും മറ്റും അടങ്ങിയ കാഡ്മിയവും നാട്ടാരെ ശല്യം ചെയ്യുന്നതില്‍ പിന്നിലല്ല. ഇവയ്ക്കുപുറമെ മറ്റ് നിരവധി രാസവസ്തുക്കള്‍ കൂടി ചേര്‍ന്നതാണ് അച്ചടിമഷി. കറുത്തീയം എങ്ങനെ വേണമെങ്കിലും ശരീരത്തിനകത്തു കയറും. പക്ഷേ ആക്രമണം കൂടുതലും കുട്ടികളോടാണെന്നുമാത്രം.
മുതിര്‍ന്നവരേക്കാള്‍ നാലിരട്ടി കൂടുതലാണ് കുട്ടികള്‍ ഇതിനെ വലിച്ചുകയറ്റുകയെന്ന് കണക്കുകള്‍. വാഹനഗതാഗതവും വാഹനക്കുരുക്കുകളും ഏറിയ വന്‍നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളുടെ രക്തത്തില്‍ ഇതര നാടുകളിലെ കുട്ടികളിലുള്ളതിനെക്കാള് കറുത്തീയം കണ്ടെത്തിയതും അടുത്തകാലത്ത്. ‘പ്രോജക്ട് ലെഡ്ഫ്രീ’ എന്ന പേരില്‍ ബംഗളൂരില്‍ നടന്ന ഒരു ഗവേഷണ പഠനം, പരിശോധനാ വിധേയരാക്കിയ 40 ശതമാനം കുട്ടികളിലും ലെഡ് അധികരിച്ച അളവില്‍ കണ്ടെത്തി.
കറുത്തീയ വിഷബാധമൂലം ലോകമൊട്ടാകെ പ്രതിവര്‍ഷം ആറ് ലക്ഷം കുട്ടികള്‍ക്ക് ബുദ്ധിപരമായ തകരാറുകള്‍ സംഭവിക്കുന്നതായി മറ്റൊരു പഠനം സൂചിപ്പിക്കുന്നു.
ഗര്‍ഭിണികളും കറുത്തീയത്തെ ഭയക്കണം. കറുത്തീയം വല്ലാതെ അകത്തു കയറിയാല്‍ ഗര്‍ഭഛിദ്രം വരെ സംഭവിക്കാം. അകാലജനനവും നവജാത ശിശുവിനുണ്ടാകുന്ന രോഗങ്ങളുമൊക്കെ ഉണ്ടാക്കാന്‍ ഈയത്തിന് കഴിവുണ്ട്. മാതാവിന്റെ ശരീരത്തില്‍ കുരുങ്ങിക്കിടക്കുന്ന ഈയം നവജാത ശിശുവിലേക് പകരാനും സാധ്യതയുണ്ടത്രെ. അപ്രകാരം സംഭവിച്ചാല്‍ കുട്ടിയുടെ ബൗദ്ധിക ശേഷി (ഐക്യൂ) കുറയും. അവരുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
പൊതുജനാരോഗ്യത്തിന് ഹാനിയുണ്ടാക്കുന്ന പത്ത് രാസവസ്തുക്കളെ ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തപ്പോള്‍ കറുത്തീയത്തിനും കിട്ടി പട്ടികയില്‍ നല്ല സ്ഥാനം. പെയിന്റിലൂടെയാണ് ലെഡ് അധികവും മനുഷ്യരിലെത്തുക എന്നത് പരിഗണിച്ച് ലെഡ് മുക്ത പെയിന്റിനായി ലോകാരോഗ്യ സംഘടന ഒരു യജ്ഞം തന്നെ നടത്തുന്നു.
‘ഗ്ലോബല്‍ അലയന്‍സ് ടു എലിമിനേറ്റ് ലെഡ് പെയിന്റ്’ എന്ന ആ പരിപാടി ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സംഘടന(യുഎന്‍ഇപി)യുമായി ചേര്‍ന്നാണ് നടത്തുന്നത്. അമേരിക്കയിലെ ‘നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത്’ എന്ന സ്ഥാപനം നല്കുന്ന കണക്ക് വിശ്വസിക്കാമെങ്കില്‍ പ്രതിവര്‍ഷം 30 ലക്ഷം ജോലിക്കാര്‍ ജോലി സ്ഥലത്ത് കറുത്തീയ വിഷബാധ നേരിടുന്നുണ്ട്.
ഇനി നമുക്ക് പഴംപൊരി പൊതിയുന്ന പഴയ പത്രത്തിന്റെ താളുകളിലേക്ക് മടങ്ങിവരാം. ആയിരത്താണ്ടുകളായി മനുഷ്യന് കറുത്തീയം ഉപയോഗിച്ചുവരുന്നു. ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യാമെന്നു കരുതിയാലും നടക്കില്ല. അപ്പോള്‍ വേണ്ടത് അകന്നു നില്‍ക്കുകയെന്നതുതന്നെ. അതിന്റെ തുടക്കം ആഹാരകാര്യത്തില്‍ നിന്നുതന്നെയാവട്ടെ. എണ്ണയുള്ളതാണെങ്കിലും അല്ലെങ്കിലും ആഹാരക്കാര്യത്തില്‍ നമുക്ക് കറുത്തീയത്തെ അകറ്റിനിര്‍ത്താം. അതിന് അച്ചടിമഷി പുരണ്ട പഴയപത്രത്താളുകള്ക്ക് അയിത്തമേര്പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: