സ്ത്രീക്ക് സുരക്ഷിതത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഒരു മാതൃദിനം കൂടി വന്നുചേര്‍ന്നിരിക്കുന്നു. അമ്മയും പെങ്ങളും മകളും സുഹൃത്തും എന്ന നിലയില്‍ നിന്നും സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കാണുന്ന അവസ്ഥയിലേക്ക് പൊതുസമൂഹം മാറിയിരിക്കുന്നു. ഭയാനകമാണ് ഈ സ്ഥിതിവിശേഷം. ഓരോ ബന്ധങ്ങളും ആഘോഷിക്കുന്നതിന് നമ്മള് ഒരു ദിനം കണ്ടെത്തിയിട്ടുണ്ട്. അതുപോലൊന്നാണ് മാതൃദിനമെങ്കിലും ഒരു ദിവസത്തെ ആഘോഷത്തിനപ്പുറം അതിന് സുപ്രധാനമായ മാനങ്ങള്‍ ഉണ്ടാവുകതന്നെ വേണം. എന്തുകൊണ്ട് സ്ത്രീക്ക് അരക്ഷിതമായ ചുറ്റുപാടില്‍ ജീവിക്കേണ്ടിവരുന്നു എന്നതിനപ്പുറം ആ ഒരു സ്ഥിതിയിലേക്ക് കാര്യങ്ങളില്‍ എത്തിച്ചതില്‍ നാമോരോരുത്തര്‍ക്കും എത്രത്തോളം പങ്കുണ്ടെന്നുകൂടി ആലോചിക്കണം.
ഇന്ന് എല്ലാത്തിലും കാണാം ഒരു ന്യൂജെന്‍ ചിന്ത. അമ്മയോട്, സഹോദരിയോട്, ഭാര്യയോട്, മകളോട് എന്നിവരോടുള്ള സമീപനത്തിലും അത്തരം ഒരു ചിന്താഗതിയാണ് വച്ചുപുലര്‍ത്തുന്നത്. മക്കളെ വളര്‍ത്തിയതിന്റെ കഷ്ടപ്പാടിനപ്പറ്റി പറയുന്ന മാതാപിതാക്കളോട് അവന് അല്ലെങ്കില്‍ അവള് പറയും, എന്നെ വളര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടോ, നിങ്ങള്‍ക്ക് ഭ്രൂണഹത്യ ചെയ്യാമായിരുന്നില്ലെ, അല്ല ജനിച്ചുപോയെങ്കില്‍ വളര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം, അതിന് ഇങ്ങനെ കണക്കുപറയണ്ട. ഇത് ഒരു സാമ്പിള്‍ മാത്രം. മുമ്പൊക്കെയാണെങ്കില്‍ അങ്ങനെപറയുന്ന അമ്മയോട് ഒരിത്തിരികൂടി അലിവ് മക്കള്‍ക്ക് തോന്നുമായിരുന്നു. നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുകയെന്നതുമാത്രമാണ് ഈ ധാര്മികച്യൂതിയില് നിന്നും കരകയറുവാനുള്ള ഏകമാര്‍ഗ്ഗം. അതിലേക്കുള്ള ചൂണ്ടുപലകയാണ് മാതാ അമൃതാനന്ദമയി ദേവിയുടെ ഈ വാക്കുകള്‍. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം, സംസ്കാരത്തിന് ചേരാത്ത പരിഷ്കാരം, ധാര്‍മികതയില്ലാത്ത വിദ്യാഭ്യാസം, ആരോഗ്യം മറന്നുള്ള ജീവിത രീതി ഇതെല്ലാമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് അമ്മ പറയുമ്പോള്‍ ആര്‍ക്കും ആ വാക്കുകളെ വെറുതെ തള്ളിക്കളയാനാവില്ല.
വികസനത്തിന് വേണ്ടിയുള്ള മുറവിളിയാണ് എങ്ങും. വികസനമെന്നാല്‍ കാടും വനവും വെട്ടി, കുന്നും മലയും നിരത്തി, പുഴയും തോടും വറ്റിച്ചുകൊണ്ടാവണം എന്നാണ് ധാരണ. നമുക്കുള്ള ഒരിത്തിരിവട്ടം ഭൂമിയില്‍ നിന്നുകൊണ്ടു വികസനം നടത്തുമ്പോള്‍, അത് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലല്ല എന്ന് ആരും ഉറപ്പുവരുത്താറില്ല. കാടുവെട്ടിത്തെളിച്ച് ഭൂമി കൈയേറുമ്പോള്‍ നാളെ പെയ്യേണ്ടുന്ന മഴയെക്കുറിച്ച്, കുറഞ്ഞുപോകുന്ന ഓക്സിജന്റെ അളവിനെക്കുറിച്ച്, വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച്, ദുരന്തം വിതച്ചേക്കാവുന്ന മണ്ണൊലിപ്പിനെക്കുറിച്ച് നമ്മള് ചിന്തിക്കാറില്ല. കുന്നും മലയും ഇടിച്ചുനിരത്തുമ്പോള്‍ നഷ്ടപ്പെടുന്ന ജൈവവൈവിധ്യത്തെക്കുറിച്ച്, ഇല്ലാതാവുന്ന നീരുറവയെക്കുറിച്ച് ആര്‍ക്കും തെല്ലും അങ്കലാപ്പില്ല. പുഴയും കായലും കൈയേറുമ്പോള്‍, മാലിന്യം തള്ളുമ്പോള്‍, മണല്‍ വാരുമ്പോള്‍ ഓര്‍ക്കാറില്ല രൂക്ഷമാകുന്ന ജലക്ഷാമത്തെക്കുറിച്ച്, കുറയുന്ന മത്സ്യസമ്പത്തിനെക്കുറിച്ച്, പുഴയില്‍ പൊലിയാനിടയുള്ള ജീവിതങ്ങളെക്കുറിച്ച്. പ്രകൃതിയും അമ്മതന്നെ എന്നാണ് സങ്കല്പം.
അമ്മയെപ്പോലെതന്നെ പരിപാലിക്കണം എന്നര്‍ത്ഥം. പക്ഷെ അമ്മയെ നോക്കാന്‍ സമയമില്ലാത്ത നമ്മള് എങ്ങനെ പ്രകൃതിയെ പരിപാലിക്കും. അമ്മയില്‍ നിന്നും വേണ്ടുന്നതെല്ലാം ഊറ്റിയെടുത്ത് അമ്മയെ തെരുവിലേക്കിറക്കുന്നപോലെ പ്രകൃതിയില്‍ നിന്നും നമ്മള് ആവശ്യമായതെല്ലാം ഊറ്റിയെടുക്കുന്നു, വികസനത്തിന്റെ പേരും പറഞ്ഞ്. ഈ വികസനം നമ്മെ എവിടേയും കൊണ്ടെത്തിക്കില്ല. തോരാമഴയില്‍, കഠിന ചൂടില്‍, ഒരു കൊച്ചു ഭൂമികുലുക്കത്തില്‍ വികസനം കൂപ്പുകുത്തും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ , സുരക്ഷിതത്വവും നമ്മുടെ നാടിന്റെ പുരോഗതി വിലയിരുത്തുന്ന അളവുകോലെങ്കില്‍, പ്രകൃതിയും അമ്മയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഓരോ നാടിനും അതിന്റേതായ സംസ്കാരമുണ്ട്. അതില്‍ നിന്നും വ്യതിചലിച്ചു സഞ്ചരിക്കുമ്പോഴാണ് കൊള്ളയും കൊലപാതകവും കാമഭ്രാന്തന്മാരുടെ എണ്ണവും പെരുകുന്നത്. ജീവിതം ആസ്വദിക്കുന്നതിനും ആഡംബരത്തിനും വേണ്ടിയുള്ളതാണെന്ന ചിന്തയാണ് പല അരുതായ്മകളിലേക്കും മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നത്. കേവലം ലൗകികമായ സുഖലോലുപതയ്ക്കുപിന്നാലെ പായുമ്പോള്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ ദര്‍ശനത്തില്‍ നിന്നും നാം ഏറെ അകലെയാകുന്നു. ആത്മീയതയിലൂന്നിയ ജീവിതമായിരുന്നു ഭാരതീയന്റേത്. ജീവിതം നിലനിര്‍ത്തിപ്പോരുന്നതിനുള്ള സൗകര്യങ്ങള്‍ക്കപ്പുറം അവന് ഒരിക്കലും അന്യന്റെ ജീവിതവുമായി തന്റെ ജീവിതം തട്ടിച്ചുനോക്കിയിരുന്നില്ല. സുഖസൗകര്യങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളെക്കുറിച്ച് കണക്കെടുപ്പും നടത്തിയില്ല. എന്നാലിന്ന് ലോകം മാറുന്നതിനനുസരിച്ചുള്ള സാങ്കേതികവിദ്യയും പരിഷ്കാരവും സ്വന്തമാക്കാനുള്ള വ്യഗ്രതയാണ് ഏവര്‍ക്കും. അതിനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കും. സ്ത്രീയെ ആരാധിച്ചിരുന്ന, ആദരിച്ചിരുന്ന ഭാരതീയ സംസ്കാരത്തില്‍ നിന്നും അവള് ഭോഗിക്കാനുള്ള വസ്തുവായി പരിണമിച്ചു.
സംസ്കാരം മറന്നതുകൊണ്ടാണ് ഈ ദുരവസ്ഥ വന്നതെന്ന് നിസംശംയം പറയാം. നമ്മുടെ വസ്ത്രധാരണ രീതിയില്‍ പോലും പ്രകടമായ മാറ്റം സംഭവിച്ചു. കാലാവസ്ഥയ്ക്കുയോജിക്കാത്ത, സഭ്യമല്ലാത്ത രീതിയിലേക്ക് വസ്ത്രധാരണം മാറി. രാവും പകലും വ്യത്യാസമില്ലാതെ ലഹരിയില്‍ ആനന്ദത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയുന്നവര്‍ പെരുകി. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മദ്യപിക്കുന്നതും ആണിനെപ്പോലെ വേഷം കെട്ടുന്നതും പെണ്ണിനെപ്പോലെ കണ്ണെഴുതുന്നതും പരിഷ്കാരമായി കരുതുന്നവര്‍. ഈ പരിഷ്കാര പ്രവണത യഥാര്‍ത്ഥ സംസ്കാരത്തില്‍ നിന്നും ജീര്‍ണിത സംസ്കാരത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. താല്കാലിക സുഖത്തിന് പിന്നാലെ മനസ്സ് പായുമ്പോള്‍ കണ്മുന്നില് കാണുന്നതെന്തിലും അവര്‍ സുഖം തേടും, പരിഷ്കാരത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍. ഈ മാതൃദിനത്തില്‍ നിന്നുകൊണ്ട് ചിന്തിക്കേണ്ടത്, നമ്മെ നാമായിമാറ്റിയ സംസ്കാരത്തെ മറന്നുകൊണ്ട്, സ്വന്തം അസ്തിത്വത്തെപ്പോലും കളങ്കപ്പെടുത്തുന്ന പരിഷ്കാരത്തിനുപിന്നാലെ പോകേണ്ടതുണ്ടോ എന്നാവട്ടെ.
വിദ്യാഭ്യാസമാണ് മനുഷ്യനെ സംസ്കാരമുള്ളവനാക്കിത്തീര്ക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസം അത്തരത്തിലുള്ളതാണോയെന്ന സംശയം ശക്തമാകുന്നു. മൂല്യങ്ങള്‍ക്ക് തെല്ലും പ്രാധാന്യം നല്കാതെയുള്ള, ഭാരതീയ ദര്‍ശനങ്ങളെ പാടെ വിസ്മരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. ഏതൊരു രാജ്യവും അവരുടെ സത്യസന്ധമായ ചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് പകര്ന്നുനല്കുമ്പോള്, ഭാരതത്തില്‍ മാത്രം നമ്മെക്കുറിച്ച് വിദേശികള്‍ കുറിച്ച ചരിത്രമാണ് പുസ്തകത്തിലൂടെ കുട്ടികളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ നമ്മള് പരാജയപ്പെടുന്നു. ഉപജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള പഠിപ്പ് മാത്രമേ അവര്‍ വിദ്യാലയങ്ങളില്‍ നിന്നും നേടുന്നുള്ളു.
ഇംഗ്ലീഷ് സംസാരിക്കുന്നതിനും നാലാള് കൂടുന്നിടത്ത് തന്റെ മക്കള്‍ ഇന്ന സ്കൂളിലാണ് പഠിക്കുന്നതെന്ന് വീമ്പിളക്കുന്നതിനും അപ്പുറം വിദ്യാഭ്യാസം എന്നത് മൂല്യങ്ങളുടെ, ധാര്‍മിക ബോധത്തിന്റെ പരന്നൊഴുകല്‍ കൂടിയാണെന്ന് വിസ്മരിക്കപ്പെടുന്നു. നഷ്ടമായ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍, ഭാരതീയ മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്, അത് വിദ്യാഭ്യാസത്തിലൂടെമാത്രമേ സാധിക്കുകയുള്ളു. അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ കൊലപ്പെടുത്തുന്ന, ശിഷ്യരെ ചൂഷണം ചെയ്യുന്ന അധമ മാര്‍ഗ്ഗമല്ല നമ്മള് പിന്തുടരേണ്ടത്. പരസ്പരം ബഹുമാനിക്കുന്ന, സമൂഹത്തിലെ ഓരോ ജീവജാലത്തേയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള, പ്രകൃതിയെക്കുറിച്ച് ബോധ്യമുള്ളവരായി വളര്‍ത്തിയെടുക്കേണ്ടത് വിദ്യാഭ്യാസത്തിലൂടെ അധ്യാപകരും പ്രാവര്‍ത്തികമാക്കാന്‍ ശക്തിപകരേണ്ടത് മാതാപിതാക്കളുമാണ്.
മറ്റൊന്ന് ഭക്ഷണരീതിയാണ്. കഴിക്കുന്ന ഭക്ഷണത്തിനുപോലും മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് വിശപ്പുമാറ്റുന്നതിന് വേണ്ടി മാത്രമായിരുന്നില്ല. ആരോഗ്യത്തിനും വേണ്ടിയാണ്. എന്നാലിപ്പോള്‍ രുചിയുള്ള ഭക്ഷണം തേടിയലയുകയാണ് മലയാളി. അങ്ങനെ വരുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നത് ആരോഗ്യമാണ്. പണ്ട് ഭക്ഷണം കഴിക്കുന്നതിന് ഒരു ക്രമവും അളവും ഉണ്ടായിരുന്നു. രാവിലെ പലഹാരം, ഉച്ചയ്ക്ക് ഊണ്, രാത്രിയില്‍ കഞ്ഞിയോ അതുപോലെയുള്ള ലളിതമായ ആഹാരം. എന്നാല്‍ ഇപ്പോള്‍ ജീവിത ശൈലിയില്‍ വന്ന മാറ്റം ഭക്ഷണശൈലിയിലും പ്രകടമാണ്. അണുകുടുംബങ്ങള്‍ പെരുകിയപ്പോള്‍, വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കാരയപ്പോള് എല്ലാവര്ക്കും തിരക്കാണ്. അഡ്ജസ്റ്റ്മെന്റ് എന്നത് ജീവിതത്തില്‍ മാത്രമല്ല ഭക്ഷണകാര്യത്തിലും വന്നു.
രാവിലെ തിരക്കിട്ട ഓട്ടത്തിനിടയില്‍ പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവര്‍, ഫാസ്റ്റ് ഫുഡിലും ജങ്ക് ഫുഡിലും അഭയം കണ്ടെത്തുന്നവര്‍ അവിടെ തുടങ്ങുന്നു അനാരോഗ്യകരമായ ജീവിത ശൈലി. ഉച്ചയ്ക്ക് ഓഫീസ് ക്യാന്റിനില്‍ നിന്നോ ഹോട്ടലില്‍ നിന്നോ ഉള്ള ഭക്ഷണം. വിശപ്പുമാറാന്‍ എന്തെങ്കിലും കഴിച്ചെന്നുവരുത്തും. കുട്ടികളുടെ കാര്യത്തിലും ഏതാണ്ട് ഇതൊക്കെത്തന്നെ സ്ഥിതി. വീട്ടില്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികളും ഏറെയാണ്. സ്കൂളില്‍ കൊണ്ടുപോകാന്‍ വരെ ബര്‍ഗറും കോളയും മതിയെന്നായി സ്ഥിതി.
രാത്രിയിലാണ് മിക്കവരും വയറ് നിറച്ച് കഴിക്കുന്നത്. അതാവട്ടെ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരവുമാവും. മനുഷ്യരെ ഭക്ഷണത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി രുചിവര്‍ധക സാമഗ്രികള്‍ ചേര്‍ക്കുക എന്നതിനപ്പുറം ഹോട്ടലുകാര്‍ക്ക് മറ്റുള്ളവരുടെ ആരോഗ്യകാര്യത്തില്‍ പ്രതിപത്തി പുലര്‍ത്തേണ്ട ആവശ്യവുമില്ല. നിറയെ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയ ആഹാരരീതിയാണ് നാം പിന്തുടരേണ്ടത്. മത്സ്യമാംസാദികളോടുള്ള പ്രിയം ഏറുന്ന കാഴ്ച. ഒരു വ്യക്തിയെ വളരെപ്പെട്ടെന്നു തന്നെ രോഗിയാക്കാനും അതല്ല അരോഗദൃഢഗാത്രരായി ഇരിക്കുന്നതിനും നാം തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിനുതന്നെയാണ് മുഖ്യപങ്ക്.
പണ്ട് പാടത്തും പറമ്പിലും പണിയെടുത്തിരുന്നവരുടെ പകുതി ആരോഗ്യമില്ല ഇന്നത്തെ തലമുറയ്ക്ക്. ദേഹമനങ്ങിയുള്ള പണിയൊന്നും അവര്‍ക്ക് ശീലമില്ല. ഓഫീസില്‍ ഒരേയിരുപ്പില്‍ മണിക്കൂറുകളോളം ഇരുന്ന് പണിയെടുക്കാന്‍ അവര്‍ക്ക് മടിയില്ല. അത്തരത്തിലുള്ള ജോലി നിരവധി ആരോഗ്യപ്രശ്നങ്ങളും സമ്മാനിക്കുന്നുണ്ട്. സമയത്തിന് ഭക്ഷണംപോലും കഴിക്കാതെ എത്രനേരം വേണമെങ്കിലും കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്ന് നേരം പോക്കുന്നവര്‍ സ്വന്തം ശരീരത്തെയാണ് പീഡിപ്പിക്കുന്നതെന്ന് മറന്നു. പ്രായമായവര്‍ പറയാറുണ്ട് കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി കഴിക്കുന്നവരും ഉണ്ടെന്ന്. രാവും പകലും അധ്വാനിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാവുമ്പോള്‍, ആരോഗ്യം മറന്നുള്ള അധ്വാനം വിപരീത ഫലമല്ലേ നല്‍കൂ.
മക്കള്‍ക്ക് സ്നേഹത്തോടെ രുചിയുള്ള ഭക്ഷണം വച്ചുണ്ടാക്കി കൊടുക്കേണ്ടത് അമ്മമാരുടെ ചുമതലയാണ്. ഭക്ഷണത്തിലൂടെയാണ് ഹൃദയത്തിലേക്കുള്ള വഴി തുറക്കേണ്ടത്. ഭക്ഷണ ശൈലീ രോഗങ്ങളാണ് ഇന്ന് പലരിലും കണ്ടുവരുന്നത്. അതൊഴിവാക്കി ദീര്‍ഘനാള്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കണം.മദ്യവും സിഗരറ്റും ലഹരിവസ്തുക്കളും ഉപേക്ഷിക്കണം. കുട്ടികളില്‍ മികച്ച ഭക്ഷണ സംസ്കാരവും വളര്‍ത്തിയെടുക്കണം. ഇക്കാര്യത്തില്‍ സ്ത്രീക്കുള്ള പങ്ക് ചെറുതല്ല. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളില്‍ സുരക്ഷിതമായിരിക്കണം. പുലരും മുന്നേ ഉണരുകയും പാതിരയാവും മുന്നേ ഉറങ്ങുകയും ചെയ്ത തലമുറ ഒരു വശത്ത്, ഇതിന് നേരെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നവര്‍ മറ്റൊരുവശത്ത്. ജീവിതത്തിന് ഒരു ശ്രുതിയും താളവും ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന നേരില്ലായ്മയ്ക്കുനേരെ പ്രതികരിക്കാന്‍, നേരോടെ നടക്കാന്‍ നമ്മുടെ യഥാര്‍ത്ഥ സംസ്കാരത്തിലേക്കുതന്നെ മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. അമ്മ എന്ന യാഥാര്ത്ഥ്യത്തിലൂടെയെ അത് സാധ്യമാവുകയുള്ളു.
ഈ ലോകം അമ്മയെപ്പോലെ മറ്റാരേയും വാഴ്ത്തിയിട്ടുണ്ടാവില്ല. ഈശ്വരനായും പ്രകൃതിയായും സര്വ്വംസഹായായും അമ്മയെ പ്രകീര്‍ത്തിക്കുന്നു. തലമുറകളിലേക്ക് സംസ്കാരവും ധര്‍മവും പകര്ന്നുനല്കാന് അമ്മയെപ്പോലെ കരുത്ത് മറ്റാര്‍ക്കും ഉണ്ടാവില്ല. ആ സംസ്കാരത്തില്‍ വിദ്യാഭ്യാസ സംസ്കാരവും ഭക്ഷണസംസ്കാരവും എല്ലാം ഉള്‍പ്പെടുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും ആര്‍ജിക്കാന്‍ സാധിക്കാത്ത വിദ്യാഭ്യാസമാണ് മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം, അവരോട് എങ്ങനെ പെരുമാറണം, അവരുടെ വിഷമങ്ങളില്‍ എങ്ങനെ സഹായിക്കണം എന്നതൊക്കെ. പണ്ട് അമ്മമാര്‍ ഒരുപിടി അരി മാറ്റിവയ്ക്കുന്ന പതിവുണ്ടായിരുന്നു.
വീട്ടില്‍ സഹായം തേടിയെത്തുന്നവര്ക്കുവേണ്ടിയുള്ള കരുതലായിരുന്നു ഇത്. ഇത് കണ്ടുവളരുന്ന മക്കള്‍ തീര്‍ച്ചയായും ആ പാത പിന്തുടരും. അതുപോലെ പ്രകൃതിയോടുമുണ്ടായിരുന്നു കരുതല്‍. വീട്ടിലെ പക്ഷിമൃഗാദികളുടെ വിശപ്പകറ്റാതെ, മുറ്റത്തുനില്ക്കുന്ന ചെടികളില്‍ വെള്ളം പകരാതെ അവരുടെ ഒരു ദിവസവും കടന്നുപോയിരുന്നില്ല. അമ്മയുടെ അസാനിധ്യത്തിലും ഈ പ്രവര്‍ത്തികള്‍ ചെയ്യാന്‍ മക്കളെ പരിശീലിപ്പിച്ചിരുന്നു. ജീവിതത്തിന്റെ ചിട്ട നിശ്ചയിച്ചിരുന്നത് അമ്മയായിരുന്നു. വീട്ടുകാരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണ സംസ്കാരമായിരുന്നു അവര്‍ പിന്തുടര്ന്നിരുന്നത്. എന്നാല്‍ ഈ മാതൃഭാവത്തെ ഉള്‍ക്കൊള്ളാന്‍ എല്ലാവര്ക്കും സാധിക്കേണ്ടിയിരിക്കുന്നു.
പ്രസവിച്ച് മക്കളെ പാലൂട്ടി വളര്ത്തുന്നവള്ക്ക് മാത്രമുള്ളതല്ല മാതൃത്വം. പ്രകൃതിയോട്, സഹജീവികളോട്, മറ്റ് ജീവജാലങ്ങളോട് വാത്സല്യവും സ്നേഹവും കരുതലും മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ അത് മാതൃഭാവമല്ലാത്തെ മറ്റെന്താണ്. എല്ലാവരിലും ഉള്ളതാണ് മാതൃത്വത്തിന്റെ അംശം. അത് തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചാല്‍ മാത്രം മതി, ഇന്നുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരം കാണാം. അതല്ലാതെ മാതൃദിനം എന്നത് അമ്മയ്ക്കൊരു സന്ദേശം അയയ്ക്കുന്നതോ, ഒരു സ്നേഹ ചുംബനം നല്കുന്നതോ മാത്രമായി ചുരുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: