ആദ്യത്തെ ചെയര്‍പേഴ്സണായിരുന്ന സി.കെ. നാരായണി
65 വര്‍ഷമായി സ്ത്രീകള്‍ ക്ഷേത്രഭരണം നടത്തുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് കരമന അരശുംമൂട് തളിയല്‍ ശങ്കരവിലാസം ശ്രീ ഭദ്രകാളീദേവീക്ഷേത്രം. തിരുവനന്തപുരം നഗരത്തിലെ പ്രധാന നദികളിലൊന്നായ കരമന നദിക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറ്റുകാല്‍ ദേവീക്ഷത്രം ട്രസ്റ്റ് മാതൃകയില്‍ കുടുംബാംഗങ്ങളാണ് ക്ഷേത്രഭരണം പരമ്പരാഗതമായി നിയന്ത്രിക്കുന്നത്.
2005 ല്‍ ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ സ്ത്രീകള്‍തന്നെ ഭാരവാഹിത്വം വഹിക്കുന്നത് തുടരണമെന്ന് ബൈലോയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ദേവിയെ സേവിക്കാന്‍ സ്ത്രീകളടങ്ങുന്ന ഭരണസമിതി എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയത് 65 കൊല്ലം മുന്‍പാണ്. അന്ന് ചെയര്‍പേഴ്സണായിരുന്നത് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന സി.കെ. നാരായണിയായിരുന്നു. തുടര്‍ന്ന് മകള്‍ ലീലാ ബാഹുലേയന് ചെയര്‍പേഴ്സണായി. തുടര്‍ന്ന് ഇന്നുവരെ അവരുടെ മകള്‍ ഗായത്രിദേവിയാണ് ചെയര്‍പേഴ്സണ്‍.
ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളായ ലീലാ
ബാഹുലേയന്, ഗായത്രീദേവി, ശ്രീദേവി, ശ്രീവിദ്യ, ഐശ്വര്യ എന്നിവര്‍
സഹോദരി ശ്രീദേവി, ശ്രീവിദ്യ, ഐശ്വര്യ, ലീലാ ബാഹുലേയന് എന്നിവരാണ് ക്ഷേത്ര ഭരണസമിതിഅംഗങ്ങള്‍.
ശ്രീപത്മനാഭസ്വാമിക്ഷേത്ര ശില്പികളുടെ പിന്മുറക്കാരുടെനിയന്ത്രണത്തിലുള്ളതാണ് ഈ ക്ഷേത്രം. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തറക്കല്ലിട്ടത് ആനയായിരുന്നു. അതുപോലെ 2009 ല്‍ പുനഃപ്രതിഷ്ഠ നടത്താനായള്ള ശിലയിട്ടതും ആനയായിരുന്നു. ഇത് ഒരു നിമിത്തമായാണ്് ഇവര്‍ കരുതുന്നത്. ആധാരശില കൊണ്ടുവന്നതാകട്ടെ ശ്രീപത്മനാഭസ്വാമിക്ഷത്രത്തില് നിന്നും.
തമിഴ്നാട്ടില്‍ നിന്നെത്തിയ മാന്ത്രികം, വൈദ്യം, ജ്യോതിഷം എന്നിവയില്‍ പ്രാവീണ്യം നേടിയവരാണ് ഈ കുടുംബക്കാര്. പൂജാകര്‍മ്മങ്ങളിലൂടെ ബ്രാഹ്മണ്യം നേടിയ കുടുംബാംഗങ്ങള്‍ തന്നെയാണ് പൂജാ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവരുന്നത്. ഇപ്പോഴത്തെ ക്ഷേത്രതന്ത്രി, ചെയര്‍പേഴ്സണായ ഗായത്രീദേവിയുടെ മകന് ശങ്കരനാരായണന് പോറ്റിയാണ്. മത്സരങ്ങലും പിണക്കങ്ങളും സാമ്പത്തിക ക്രമക്കേടുകളുമില്ലാതെ ഈ ക്ഷേത്രഭരണം മുന്നോട്ടു കൊണ്ടുപോകാനാകുന്നത് സ്ത്രീകള്‍ ഭരണ സാരഥ്യം ഏറ്റെടുത്തതുകൊണ്ടുമാത്രമാണെന്ന് നാട്ടുകാരും ഭക്തരും വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിന്റെ കീഴില്‍ സംഗീത, വാദ്യ കലാക്ഷേത്രവും പ്രവര്‍ത്തിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: