അദ്ധ്യാപനം ഒരു കലയാണ്. വര്‍ഷങ്ങളോളം ഉറക്കമില്ലാതെ പഠിച്ചതുകൊണ്ടുമാത്രം നല്ല അദ്ധ്യാപകനോ അദ്ധ്യാപികയോ ആകാന്‍ ആര്‍ക്കും സാധിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ കണ്ടെത്തുന്നതിനും അവയെ വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതും അദ്ധ്യാപകരുടെ കടമയാണ്.
മാതാ പിതാ ഗുരു ദൈവം എന്നതു യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അദ്ധ്യാപകരും അതിനനുസൃതമായി വിദ്യാര്‍ത്ഥികളുടെ ഉത്തമ മാര്‍ഗ്ഗ ദര്ശ്ശകരായി മറേണ്ടതുണ്ട്.
ദേവഭാഷയാണ് സംസ്കൃതം. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ സംസ്കൃതാചാര്യന്മാര്ക്ക് രാജ സഭകളില്‍ പണ്ഡിത സ്ഥാനം നല്കി ആദരിച്ചിരുന്നു. ഇത്തരത്തില്‍ സംസ്കൃത ഭാഷയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ് അതിനുവേണ്ടി ജിവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു ഭാരതി ടീച്ചര്‍. സംസ്കൃതം ഒരു ഭാഷ മാത്രമല്ല, നമ്മുടെ സംസ്കാരം കൂടിയാണെന്നാണ് അവര്‍ പറയുന്നത്.
സംസ്കൃതാദ്ധ്യാപകന്‍ പൈങ്കുളം കിഴക്കേപ്പാട്ട് വാരിയത്ത് പണ്ഡിതരാജന്‍ തൃക്കോവില്‍ രാമ വാര്യരുടേയും കാളിക്കുട്ടി വാര്യരുടേയും പത്തുമക്കളില്‍ അഞ്ചാമതായാണ് ഭാരതി ടീച്ചറിന്റെ ജനനം. സംസ്കൃതത്തിലുണ്ടായിരുന്ന പാണ്ഡിത്യം മക്കളിലേക്കും പകര്‍ന്നു നല്കാന് രാമ വാര്യര്‍ക്ക് സാധിച്ചു. പിതാവില്‍ നിന്നുകിട്ടിയ അറിവ് ഉള്‍ക്കൊണ്ട് ഭാരതി സംസ്കൃതത്തെ ഉപരി പഠനത്തിനുള്ള വിഷയമായി തിരഞ്ഞെടുക്കുകയായിരുന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ നിന്നും ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കില്‍ പാസ്സായാണ് ഭാരതിയുടെ അദ്ധ്യാപന രംഗത്തേയ്ക്കുള്ള പ്രവേശനം.
പഠനം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തോളം സ്വകാര്യ കോളേജില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷമാണ് തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ അദ്ധ്യാപികയായി പ്രവേശിക്കുന്നത്. രണ്ടു വര്‍ഷത്തോളം ഇവിടെ സേവനം അനുഷ്ഠിച്ച ശേഷം മഹാരാജാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പിഎച്ച്ഡി നേടിയത്.
നീണ്ട 31 വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1998ല്‍ മഹാരാജാസില്‍ നിന്നു വിരമിച്ച ഭാരതി ടീച്ചര്‍ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം പാലക്കാട് വിശ്രമ ജീവിതത്തിലാണ്.
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അദ്ധ്യാപന ജീവിത്തതിലെ മധുര സ്മരണകളാണ് ടീച്ചറിന്റെ വിശ്രമ ജീവിതത്തിലെ കൂട്ട്. പാലക്കാട്ടെ സ്വന്തം വീട്ടില്‍ ഭര്‍ത്താവിനൊപ്പം വിശ്രമത്തിലാണെങ്കിലും പ്രായത്തിന്റെ ജരാനരകളൊന്നും ഭാരതി ടീച്ചറെ ബാധിച്ചിട്ടില്ല. ഏതെങ്കിലും വിദ്യാര്‍ത്ഥിയോ ശിഷ്യരോ സംസ്കൃത സാഹിത്യം സംബന്ധിച്ച് എന്തെങ്കിലും സംശയമോ സഹായങ്ങളോ അഭ്യര്‍ത്ഥിച്ചാല്‍ ടീച്ചര്‍ ഇപ്പോഴും തയ്യാര്‍. അതുകഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ.
എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാര്‍ക്ക് നല്കുന്ന രീതിയോട് ടീച്ചര്‍ക്ക് തൃപ്തിക്കുറവുണ്ട്. ഗ്രേഡിങ് സിസ്റ്റം വന്നതോടെ വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുതാത്തവര് കൂടി പാസാകുമെന്ന സ്ഥിതിലേക്കെത്തിയെന്നാണ് ടീച്ചര്‍ പറയുന്നത്. കൂടാതെ സ്വന്തം വിഷയമായ സംസ്കൃതഭാഷ ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ടീച്ചര്‍ ആവലാതിപ്പെടുന്നുണ്ട്. ഭാരതത്തിന്റെ വേദഭാഷയായിരുന്നിട്ടുകൂടി വേണ്ടത്ര പ്രചാരം ഇതിനു ലഭിക്കുന്നില്ലെന്നതാണ് മുഖ്യകാരണം.
സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപന വൃത്തിയല്ലാതെ മറ്റൊരു ജോലി സാധ്യതയില്ലാത്തതുകൊണ്ടാണ് ഈ മേഖലയിലേക്ക് യുവജനങ്ങള്‍ കടന്നുവരാന്‍ മടിക്കുന്നതും. കൂടാതെ സംസ്കൃതഭാഷയില്‍ ഗവേഷണത്തിന് ഒട്ടേറെ സാധ്യതകള്‍ ഉണ്ടെങ്കിലും ഇതിന് പണച്ചെലവേറിയതിനാല് ആരും മുന്നോട്ടു വരാന്‍ തയ്യാറല്ല. സംസ്കൃത ഭാഷയെ വളര്‍ത്തിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ വാഗ്ദാനം പ്രാവര്‍ത്തികമാവുന്നതോടെ ദേവഭാഷയുടെ ഇപ്പോഴുള്ള ദുരവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണ് ഭാരതി ടീച്ചര്‍.
അദ്ധ്യാപന വൃത്തിയില്‍ മാത്രമൊതുങ്ങുന്നതല്ല ടീച്ചറിന്റെ ജീവിതം അക്ഷരശ്ലോകവേദികളിലെ നിറ സാന്നിധ്യമാണ് അവര്‍. വിദ്യാര്‍ത്ഥികളില്‍ അക്ഷരശ്ലോകത്തിനോടുള്ള താല്പര്യം വളര്‍ത്തിയെടുക്കുന്നതിനും അവര്‍ എന്നും പരിശ്രമിച്ചിക്കുന്നു. ഇതിലെല്ലാം ഉപരി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ശങ്കരാചാര്യരുടെ നിലവില്‍ ലഭ്യമായിട്ടുള്ള എല്ലാ സ്തോത്രങ്ങളുടേയും അന്വയാര്‍ത്ഥ വിവര്‍ത്തനം പൂര്‍ത്തിയാക്കി മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നതിന്റെ നടപടികളിലാണ്. ഇതുകൂടാതെ പ്രകരണ ഗ്രന്ഥങ്ങളുടേയും അന്വയാര്‍ത്ഥ വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പും നടന്നുവരുന്നുണ്ട്.
സംസ്കൃത ഭാഷയ്ക്കുവേണ്ടി നല്‍കിയിട്ടുള്ള ഈ സംഭാവനകളെല്ലാം മുന്‍നിര്‍ത്തി ഒളപ്പമണ്ണ ട്രസ്റ്റിന്റെ ദേവീ പ്രസാദം പുരസ്കാരം ഇത്തവണ ഭാരതി ടീച്ചര്‍ക്കാണ് ലഭിച്ചത്. ഇതുകൂടാതെ ഒട്ടനവധി അക്കാദമിക പുരസ്കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ നല്ല അദ്ധ്യാപികയെന്ന വിദ്യാര്‍ത്ഥികളുടെ അംഗീകാരമാണ് ഏറ്റവും മികച്ച അവാര്‍ഡെന്നാണ് ടീച്ചര്‍ പറയുന്നത്. ഇന്ത്യന്‍ പൊട്ടാസ്യം ലിമിറ്റഡില്‍ അക്കൗണ്ട്സ് മാനേജര്‍ ആയിരുന്ന കൂഞ്ഞിക്കുട്ടന് വാര്യരാണ് ഭര്‍ത്താവ്. ഉമ, അഡ്വ. ഹരി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: