എ .അയ്യപ്പന്. മലയാളത്തിലെ മികച്ച കവികളിലൊരാളായിരുന്നു. അദ്ദേഹവുമായി അടുത്തവര്ക്കൊക്കെ ഒട്ടേറെ കഥകള്‍ പറയാനുണ്ടാകും. സമൂഹജീവി എന്ന തലത്തില്‍ നിന്നും മാറിനില്‍ക്കുന്ന വസ്തുതകളും കണ്ടേക്കാം. ദസ്തോവസ്കിയുടെ ജീവചരിത്രം എഴുതുമ്പോള്‍ കെ. സുരേന്ദ്രന് എന്ന പ്രശസ്ത എഴുത്തുകാരന് ഒന്നുകുറിച്ചു.
അത് ഇതായിരുന്നു. ഒരു ഈറത്തണ്ടില്‍ സുഷിരങ്ങള്‍ വീണ് വികലമാകുമ്പോള്‍ അത് ഓടക്കുഴലായി മാറുന്നു. അതായത് ഈറത്തണ്ടിന്റെ ഭദ്രതയല്ല, വൈകല്യമാണ് അതിനെ ഓടക്കുഴലാക്കിമാറ്റുന്നത്. അതുപോലെ മനുഷ്യവ്യക്തിത്വത്തില്‍ ഏല്ക്കുന്ന ഏതോ വൈകല്യമാണ് അതിനേയും കലാസൃഷ്ടിക്ക് കഴിവുള്ളതാക്കി തീര്‍ക്കുന്നത്. എന്നുവച്ച് വൈകല്യമുള്ളവരെല്ലാം കലാകാരന്മാരാകുന്നില്ല.
സുഷിരങ്ങള്‍ വീണ ഈറത്തണ്ടുകളെല്ലാം വേണുവുമാകുന്നില്ല. സുഷിരങ്ങള്‍ക്ക് ഒരു പ്രത്യേക സംവിധാനം വേണമെന്നതാണ് ഇവിടുത്തെ നിയാമകമായ രഹസ്യം. ഓടക്കുഴലിനെ സംബന്ധിച്ച ഈ സംവിധാന രഹസ്യം നമുക്കറിയാം. കലാകാരനെ സംബന്ധിച്ച രഹസ്യമാകട്ടെ ജീവന്റെ മഹാരഹസ്യത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നു.കവിയെന്ന അയ്യപ്പനെ ആസ്വാദകര്‍ക്ക് ഒക്കെയറിയാം.
എന്നാല്‍ അയ്യപ്പന് എന്ന വ്യക്തിയെക്കുറിച്ച് ഒട്ടേറെപ്പറയാന് അദ്ദേഹവുമായി പരിചയപ്പെട്ടവരൊക്കെയും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പരത്തി എന്ന പേരില്‍ ഒരു വാരിക എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്നു. ടോപ് ആര്‍ട്സ് കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ആ വാരികയുടെ പത്രാധിപര്‍ ഞാന്‍ ഗുരുതുല്യനായി കണ്ടിരുന്ന നോവലിസ്റ്റ് സി.രാധാകൃഷ്ണനായിരുന്നു. ആ വാരികയില്‍ സ്ഥിരമായിത്തന്നെ ഞാന്‍ ഫീച്ചറുകള്‍ എഴുതിക്കൊണ്ടിരുന്നു.
എറണാകുളം പബ്ലിക് ലൈബ്രറിയുടെ അടുത്തായിരുന്നു വാരികയുടെ ഓഫീസ്. അതിന് വടക്കുവശം എംജി റോഡിനേയും ടിഡി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡുണ്ട്. അതിനുമപ്പുറത്ത് ഒരു ചെറിയ മുറിയില്‍ മറ്റൊരു പ്രസിദ്ധീകരണ ചുമതലയുമായി അയ്യപ്പന് താമസിച്ചിരുന്നു. ചില ഉച്ചനേരങ്ങളില്‍ അയ്യപ്പനെ കാണാന്‍ ചെല്ലും. അയ്യപ്പന് മദ്യപിക്കുമായിരുന്നുവെങ്കിലും ആ മദ്യപാനം ഇന്നത്തെയത്രയും വാര്‍ത്താപ്രാധാന്യം നേടിയ കാലമായിരുന്നില്ല അന്ന്.
ഷെല്ലിയെക്കുറിച്ചും കീറ്റ്സിനെക്കുറിച്ചും സംസാരിക്കും. അതേപോലെ തന്നെ മലയാളകവിതയെക്കുറിച്ചും കവിതയിലെ പുതിയ പ്രവണതകളെക്കുറിച്ചും ദീര്‍ഘമായിത്തന്നെ വിലയിരുത്തും, വ്യാഖ്യാനിക്കും. അന്ന് ലേശം കവിതാ അസ്കിത ഉണ്ടായിരുന്നതിനാല്‍ ഇത്തരം സംഗമങ്ങള്‍ എനിക്കും പ്രചോദനാത്മകങ്ങളും ജ്ഞാനപ്രദാനങ്ങളുമായിരുന്നു. സായാഹ്നങ്ങളില്‍ ഇത്തരം ചര്‍ച്ചകളില്‍ പങ്കുകൊണ്ടിരുന്നത് എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിലായിരുന്നു. നക്സല്‍ പ്രസ്ഥാനവുമായി അന്ന് ബന്ധമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നു. നല്ല കവികളും സാഹിത്യബോധം ഉള്ളവരുമായിരുന്ന അവരുമായുള്ള സംവാദങ്ങളും കവിത ചൊല്ലലുമെല്ലാം അക്കാലത്തെ ഉന്മേഷദായകങ്ങളായ സായാഹ്നങ്ങളായിരുന്നു.
ഒരു ദിവസം ഞാന്‍ ‘ചെമ്പരത്തി’യില്‍ ഫീച്ചര്‍ ഏല്‍പ്പിച്ച ശേഷം കാര്‍ട്ടൂണിസ്റ്റും പത്രപ്രവര്‍ത്തകനുമായ ജോഷി ജോര്‍ജിനോട് സംസാരിച്ചിരിക്കുമ്പോഴാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ എന്റടുത്തേക്കെത്തിയത്. അയ്യപ്പനെ പോലീസുകാര്‍ കൊണ്ടുപോയിരിക്കുന്നു. സ്റ്റേഷന്‍വരെ പോകണം. അതായിരുന്നു ആവശ്യം.
അന്ന്, എറണാകുളം മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള ജങ്ഷനില്‍ (കൊച്ചി സിസി ജങ്ഷന്) ഒരു ട്രാഫിക് ഐലന്റ് ഉണ്ടായിരുന്നു. അവിടെ ഗതാഗതം നിയന്ത്രിച്ചുകൊണ്ടു നിന്നിരുന്ന പോലീസിനെ അയ്യപ്പന് എന്തോ പറഞ്ഞു. പോലീസുകാരന് ദേഷ്യപ്പെട്ടു.
ഉടനെ ട്രാഫിക് ഐലന്റില്‍ കയറി പോലീസുകാരന്റെ ചെകിടത്ത് ഒന്ന് പോട്ടിച്ചശേഷം അയ്യപ്പന് പറഞ്ഞത്രെ, നീയൊക്കെ എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമല്ലെ?. പിന്നത്തെ കഥ പറയാനുണ്ടോ?. പോലീസുകാരനെയല്ലെ അടിച്ചത്. വണ്ടിവന്ന് അയ്യപ്പനെ കൊണ്ടുപോയി. ആ അയ്യപ്പനെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുവരാന് വേണ്ടിയായിരുന്നു ആ വരവ്. ഒടുവില്‍ പോലീസുകാരെ കണ്ട് കൈയും കാലും പിടിച്ച് ആവശ്യത്തിന് വാങ്ങിയ അയ്യപ്പനെ ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നിറക്കി.
പിന്നീട് അയ്യപ്പനെ ഞാന്‍ കണ്ടു. പല സ്ഥലത്തുവച്ചും. കണ്ടു എന്നല്ല, പല സ്ഥലത്തും എന്റെ മുന്നില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാതെ, പ്രതീക്ഷിക്കാതെതന്നെ പ്രത്യക്ഷനായി എന്നാണ് പറയേണ്ടത്.
കോട്ടയത്ത് ഒരു വാരികയില്‍ ജോലി ചെയ്യുമ്പോള്‍ അവിടേക്ക് പലവട്ടവും അയ്യപ്പന് കടന്നുവന്നു. അയ്യപ്പന്റെ രീതി മനസ്സിലാക്കിയിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍ കൈയിലെ പണം ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പാന്റ്സിന്റെ പോക്കറ്റിലേക്ക് മാറ്റാന്‍ ഓര്‍മിപ്പിച്ചെങ്കിലും ചിലപ്പോഴൊക്കെ മറന്നു. അതുകൊണ്ട് പലപ്പോഴും അയ്യപ്പന് വന്നുപോയ ശേഷം എനിക്ക് വീടെത്താന്‍ സഹപ്രവര്‍ത്തകരോട് പണം കടം വാങ്ങേണ്ടിയും വന്നു.
ഞാന്‍ പത്രസ്ഥാപനത്തിലെ ജോലി രാജിവച്ചുകഴിയുന്ന കാലം. ആലപ്പുഴ സിജെഎം കോടതിയില്‍ എനിക്കെതിരെ രണ്ട് കേസുകള്‍ ഉണ്ട്. അതിനായി കോടതിയിലേക്ക് പോവുകയായിരുന്നു ഞാന്‍. അവധിക്ക് അപേക്ഷകൊടുത്തതെല്ലാം കഴിഞ്ഞു. ഇനി കോടതിയില്‍ ഹാജരായേ പറ്റു. അപ്പോഴാണ് ബസ് സ്റ്റാന്റിനടുത്ത് ഒരിടവഴിയില്‍ നിന്നും അ്യ്യപ്പന് എന്റെ മുന്നില്‍ പ്രത്യക്ഷനാകുന്നത്. കൂടെ കൊച്ചിയിലെ കുപ്രസിദ്ധനായ ഒരു പിമ്പും ഉണ്ട്. കണ്ടപാടെ ചോദിച്ചു
”നീ എങ്ങോട്ടാ!”
”അയ്യപ്പാ…ഞാന്‍ ആലപ്പുഴയ്ക്കാ…”
”ഇത്ര വെളുപ്പിനെ ആലപ്പുഴയ്ക്കോ…”
”എനിക്കൊരു കേസുണ്ട് അയ്യപ്പാ…”ആദ്യം വക്കീലോഫീസിലെത്തണം. പിന്നെ കോടതിയില്‍ ഹാജരാകണം. അയ്യപ്പന് എന്നെ നോക്കി. പിന്നെ സ്വതസിദ്ധമായ ചിരിചിരിച്ചു.
”അപ്പോ വക്കീലിന് കൊടുക്കാനുള്ള ഫീസുമായിട്ടാ യാത്ര അല്ലെ?.” ഞാനൊന്നും മിണ്ടിയില്ല. അയ്യപ്പന്റെ കണ്ണ് എന്റെ പോക്കറ്റിലേക്ക് നീണ്ടു. എടാ നീ ആലപ്പുഴയ്ക്കും പോകണ്ട… കോടതീലും കേറണ്ട…നമുക്കൊക്കെ ഇങ്ങനല്ലേ ഈ എസ്റ്റാബഌഷ്മെന്റിനെതിരെ പ്രതികരിക്കാനാകൂ. നീ ആ കാശ് എടുക്ക്.
പറ്റില്ലല്ലോ അയ്യപ്പാ…മൂല്യങ്ങളെ നമുക്കെതിര്‍ക്കാം. വിചാരണ ചെയ്യാം. പക്ഷെ, നിയമത്തെ ലംഘിച്ചാല്‍ അകത്തുപോകും. അതാ പ്രശ്നം. എഴുത്തിലൂടെ എതിര്‍പ്പൊക്കെ പങ്കുവയ്ക്കാം.
”നീ എന്തിനാ ഭീരുവാകുന്നെ…ആ കാശെടുക്ക്… നീ ഒരു എഴുത്തുകാരനല്ലേടാ..നിന്റെ സ്വാതന്ത്ര്യം നീ മനസ്സിലാക്കുന്നില്ല.”
എഴുത്തുകാരന് ജീവിതത്തില്‍ ഒരു പൗരന് ഉള്ളതിനേക്കാള്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എനിക്ക് ഒരു കുടുംബമുണ്ടെന്ന് അയ്യപ്പനറിയാല്ലോ…എസ്റ്റാബ്ലിഷ്മെന്റിനെതിരെ പറയുമ്പോഴും നമ്മള് എസ്റ്റാബ്ലിഷ്മെന്റിനകത്തല്ലേ അയ്യപ്പാ…
എന്റെ ന്യായവാദങ്ങളൊന്നും അയ്യപ്പന് പിടിച്ചില്ല. പക്ഷെ, ആ പിമ്പ് പറഞ്ഞു. സാറിനെ വിട്…സാറ് കേസിന് പോകുന്നതല്ലെ.
നീയൊക്കെ എന്റെ നല്ല കവിതകള്‍ വായിക്കുന്ന ആളാ. അതോര്‍ക്കണം. അയ്യപ്പന് തിളച്ചു.
”പക്ഷെ… ആ കവിതാ പുസ്തകങ്ങള്‍ക്ക് ഞാന്‍ വില കൊടുക്കുന്നുണ്ട്. അതിന്റെ റോയല്‍റ്റിയാണ് അയ്യപ്പന്റെ അന്നം. എന്നോട് മതി വിധേയത്വം. പിന്നെ അയ്യപ്പന് കവിയല്ലെന്ന് വച്ചാല്‍ ഈ ലോകത്ത് ഒന്നും സംഭവിക്കില്ല. പകരം മനുഷ്യനല്ലാതായാല് അത് പ്രശ്നമാണ്. ഞാനും തിളച്ചു.
”അപ്പോ നീ കാശ് തരില്ല അല്ലേ”
ഇല്ല അയ്യപ്പാ… ഞാന്‍ തീര്‍ത്തുപറഞ്ഞു. പിമ്പ് ഇടപെട്ടു. ഞാന്‍ ആലപ്പുഴയ്ക്ക് ബസ്കയറി. പിറ്റേന്ന് ഒരു പതിനൊന്ന് മണി സമയം. അയ്യപ്പന് എന്റെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യമായിട്ടാണ് വരവ്. എങ്ങനെ എത്തിയെന്നറിയില്ല. ആരോടൊക്കയോ വഴി ചോദിച്ചറിഞ്ഞെത്തിയതാണെന്ന് വ്യക്തം. എന്നെ കണ്ടിട്ട് വലിയ മൈന്റൊന്നും ചെയ്തില്ല. പകരം വിളിച്ചു. അമ്മേ…പൂമുഖത്തേക്ക് വന്ന അമ്മയുടെ കാലിലേക്ക് അയ്യപ്പന് വീണു. അമ്മ അന്ധാളിച്ചു. ഞാനിവനെ കാണാന്‍ വന്നതല്ല…അമ്മയെ കാണാന്‍ വന്നതാ…എന്റമ്മയെ എനിക്ക് കാണണ്ടെ. ഇവനെന്നാ ഇങ്ങനെ ധിക്കാരിയായത്.
അമ്മയ്ക്കൊന്നും മനസ്സിലായില്ല. അയ്യപ്പന് തലേദിവസത്തെ കുറ്റബോധം ഇറക്കിവയ്ക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന് വലിയ കവിയാണെന്നൊക്കെ അമ്മയെ പരിചയപ്പെടുത്തി.
കവിയായാലും ഇല്ലേലും എന്തുനല്ല കുട്ടി…നല്ല സ്വഭാവം…അമ്മ വിലയിരുത്തി. ഞാന്‍ അറിയാതെ ചിരിച്ചുപോയി.
ഉച്ചയൂണും കഴിഞ്ഞ് ലഹരി ആവശ്യം ദമ്പടിയുമായി അയ്യപ്പന് മടങ്ങി.
”കാഴ്ച” എന്ന കവിതയില്‍ അയ്യപ്പന് എഴുതി
ഒരു കുരുടനായ് ജനിച്ചുവളര്‍ന്ന്
ഒരു കുരുടിയെ വേളികഴിച്ച്
അന്നു ഇന്നും എന്നും സ്നേഹിക്കുന്ന എന്നെ
കാഴ്ചയില്ലാത്തവനെന്നുചൊല്ലി കളിയാക്കരുത്
……………………………………….
………………………………………..
മരണവും കാലത്തിന്റെ നാവിലെ തുപ്പലാണോ-
കാലവും കുരുടനാണോ
പക്ഷെ, ചരിത്രത്തിന്റെ അക്ഷരപ്പാടുകള്‍ തപ്പി
തെറ്റും ശരിയും നുണയും സത്യവും
കുരുടന് മനസ്സിലാക്കുന്നു”.
ജീവിതത്തില്‍ സ്നേഹം കൊണ്ട് ജീവിച്ച് സൗഹൃദത്താല്‍ കഴിഞ്ഞുപോയ അയ്യപ്പന് പല കോംപ്രമൈസുകള്‍ക്കും തയ്യാറായി. പക്ഷെ, കവിതയില്‍ ഒരു കോംപ്രമൈസും ഉണ്ടായില്ല. ടോയ്ലറ്റില് പോകുമ്പോള്‍ പോലും കൈയില്‍ കരുതിയിരുന്ന സിഗരറ്റ് പാക്കറ്റിന്റെ എഴുതാപ്പുറത്ത് അയ്യപ്പന് കവിതകളെഴുതി. ലോകത്തോടും സാമ്പ്രദായികങ്ങളോടും കലഹിച്ചു. തികച്ചും കാവ്യപരമായിത്തന്നെ. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കവിയരങ്ങിന്റെ വേദി. വേദിയില്‍ ഹാസ്യകവിതകള്ക്കൊണ്ട്-സാമൂഹ്യവിമര്‍ശനം കൊണ്ട് ശ്രദ്ധേയനായിത്തീര്‍ന്ന കവിയും ഇരിപ്പുണ്ട്. കവിയരങ്ങില്‍ എത്തിയിരിക്കുന്ന ഒരു കവി അയ്യപ്പനാണ്.
അധ്യക്ഷനായ(അതോ ഉദ്ഘാടകനോ?) ആ ഹാസ്യകവി കവിതവായിക്കും മുമ്പ് ഗദ്യകവിതകളേയും കവിതകളിലെ പുതുപ്രയോഗങ്ങളേയും നിശിതമായി വിമര്‍ശിക്കുകയും ഇതൊന്നും കവിതയല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അയ്യപ്പനതേറ്റു. അയ്യപ്പന് എഴുതിയ വൃത്ത നിബദ്ധമായ കവിതചൊല്ലി. പിന്നീട് വൃത്തം ഒഴിവാക്കിയ കവിതയും ചൊല്ലി. അതിനുശേഷം അയ്യപ്പന് സംസാരിച്ചു. ഇതുരണ്ടും കവിതയാണ്. എഴുതുന്നതില്‍ കവിതയുണ്ടാകണം എന്നതാണ് കാര്യം. പരക്കെ ചീത്തപറയാന് വൃത്തത്തിലാക്കിയതുകൊണ്ട് കവിതയാകില്ല. വൃത്തം അറിഞ്ഞാലെ നല്ല കവികള്‍ക്ക് വൃത്തം ഇല്ലാതെയും കവിതയെഴുതാനാകൂ. എഴുതുന്നതില്‍ കവിതയുണ്ടോയെന്ന് ആത്മപരിശോധന നടത്തുക. അല്ലെങ്കില്‍ കവി എന്നുപറഞ്ഞു നടക്കുന്നതുതന്നെ നാണക്കേടാകും. പരക്കെ വിമര്‍ശിച്ചാല്‍ ആരും ഹാസ്യകവിയാകില്ല.
ലഹരി പൂത്തമണവുമായി സംഘാടകര്‍ നല്കിയ കവറുവാങ്ങി അയ്യപ്പന് നടന്നകന്നു. അതോ കാറ്റിലെ കരിയിലപോലെ പറന്നകന്നോ.
കവിത പ്രസിദ്ധീകരിക്കാന്‍ കൊടുക്കുമ്പോള്‍ പ്രസിദ്ധീകരണക്കാരോടും പറയും പ്രതിഫലം കൈയില്‍ തന്നേക്ക്. അയച്ചുതരാനാണെങ്കില് എനിക്ക് വിലാസം ഒന്നുമില്ല. (തിരുവനന്തപുരത്തെ ഒരു ബാര്‍ബര്‍ഷോപ്പോ മറ്റോ വിലാസമായി ഇടയ്ക്ക് വയ്ക്കുമായിരുന്നു.)
കവിതകൊണ്ടുമാത്രമല്ല, ജീവിതം കൊണ്ടും അയ്യപ്പന് വ്യവസ്ഥിതിയോടും കാലത്തോടും കലഹിച്ചു. പക്ഷേ സുഹൃത്തുക്കളോട് പിണങ്ങിയും ഇണങ്ങിയും ജീവിച്ചു. ആധാര്‍കാര്‍ഡോ ഐഡിയോ ഇല്ലാതെ, നിയതമായ ഒരു വിലാസം ഇല്ലാതെ കടത്തിണ്ണയിലും സുഹൃത് ഇടങ്ങളിലും കിടന്നുറങ്ങി. അപ്പോഴും കവിത എഴുതി. ഒരിക്കലും ആരോടും ശത്രുത കാണിച്ചില്ല. ഇണങ്ങാവുന്ന, ഇണങ്ങുന്ന പിണക്കങ്ങളെ ഉണ്ടാക്കിയിട്ടുള്ളു. സുഹൃത്തുക്കളോടൊപ്പം എല്ലാം പങ്കിട്ട് അനുഭവിച്ചു.
തിരുവനന്തപുരം നഗരത്തിലെ ലൈംഗികത്തൊഴിലാളികളെ സദാചാരമാന്യന്മാര്‍ ആവശ്യത്തിന് ഉപയോഗിച്ച് അറിയാത്തവരായി നടന്നു സദാചാരം മുറയ്ക്കു പറഞ്ഞു. ചിത്രകലാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവരെ അനാട്ടമി ക്ലാസില്‍ വരുത്തി പഠിച്ചു. പക്ഷെ അയ്യപ്പന് അവരോടൊപ്പവും നഗരത്തിലൂടെ നടന്നു. മറ്റുള്ളവര്‍ കണ്ട അവരുടെ ശരീരത്തിനപ്പുറം അവരുടെ മനസ്സിന്റെ തെളിമയിലേക്ക് ഊളിയിട്ടു. ആ മനസ്സുകളുടെ, ജീവിതങ്ങളുടെ അഗാധതലങ്ങള്‍ സ്പര്‍ശിച്ചു. അയ്യപ്പന് അതായിരുന്നു. സൗഹൃദങ്ങളുടെ തണല്‍പ്പറ്റി, ജീവിതച്ചൂടില് വിശ്രമിച്ച അയ്യപ്പന്.
അയ്യപ്പന്റെ ജീവിതം വളച്ചുകെട്ടിവച്ചിരിക്കുന്ന, ചില നിയമങ്ങളെ, സങ്കല്പങ്ങളെ പൊളിച്ചു മാറ്റിയതാകാം. അതുകൊണ്ടുതന്നെ അതിനെ നമുക്ക് കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ആകാം. പക്ഷെ ആ കവിതകള്‍. അത് കവിതകളായിരുന്നു. മലയാളത്തിന് നല്കിയ കാവ്യമുത്തുകള്‍ തന്നെ!. തര്‍ക്കത്തിന് കഴിയില്ല. മരിച്ചുകിടന്നപ്പോഴും അയ്യപ്പന്റെ എഴുതിയ കവിതാശകലം ഉണ്ടായിരുന്നുവത്രെ. സര്‍വാത്മനാ കവി. ഇനിയും എത്രയെത്ര അയ്യപ്പന് കഥകള്‍. ലക്കങ്ങളായി കുറിയ്ക്കാന്‍ കഴിയുന്നത് ബാക്കി.
ഒരര്‍ത്ഥത്തില്‍ ജീവിതം കാവ്യാത്മകമാണ്. രസാത്മകവും. രസമാകട്ടെ ദ്വന്ദാത്മകമാകുന്നു. ദ്വന്ദങ്ങള്‍ അന്യോന്യ വിരോധികളുമാണ്. അതുപോലെ തന്നെ പരസ്പര പൂരകങ്ങളും. തമ്മില്‍ കലര്‍ന്ന് മൂന്നാമതൊന്നിനെ സൃഷ്ടിക്കുന്നതും നിഷേധ നിഷേധംകൊണ്ട് സമസ്ഥിതിയെ പ്രാപിക്കുന്നവയുമാണ്. അയ്യപ്പന്റെ ജീവിതത്തേയും കവിതയേയും നമുക്കിങ്ങനെയും കണ്ടുകൂടെ.
പുതുമൊഴി
അവനവനെ സ്നേഹിച്ചാല്‍
അപകടത്തില്‍ പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: