ഭാവനാത്മകമായി ചിന്തിക്കാന്‍ കഴിയുന്നവര്ക്കുമുന്നില് ഒന്നും അസാധ്യമല്ല. ഉപയോഗശൂന്യമെന്ന് കരുതുന്ന വസ്തുക്കളെപ്പോലും ഭാവന കൊണ്ടവര്‍ ഉപയോഗയോഗ്യമാക്കും. പിന്നീട് അവരുടെ ജീവിതഗതി തന്നെ നിര്‍ണയിക്കുക അത്തരം പാഴ്വസ്തുക്കളായിരിക്കും. ആസാമിലെ ഭാലഗുരി ഗ്രാമത്തിലെ ദാലിമി പട്ഗിരിയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതാണ്. ദാരിദ്രം തന്നെയാണ് ഇവരേയും വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഭര്‍ത്താവ് സ്വകാര്യ സ്കൂളിലെ അധ്യാപകന്. രണ്ട് കുട്ടികള്‍. തട്ടിമുട്ടി ജീവിച്ചുപോകാം എന്നല്ലാതെ ഭാവിയിലേക്കുവേണ്ടി കരുതാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടയിലാണ് അടയ്ക്കാമരത്തിന്റെ പാളകൊണ്ട് ഉണ്ടാക്കിയ ഉത്പന്നങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ദാസിനെക്കുറിച്ച് അറിഞ്ഞത്. ആ വഴിതന്നെ തിരഞ്ഞെടുക്കാന്‍ ദാലിമിയും തീരുമാനിച്ചു. കേവലം പണം സമ്പാദിക്കുകയെന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മറ്റുള്ളവര്‍ക്ക് മാതൃകയാവുക എന്നതുമായിരുന്നു.
സ്വയംസഹായ സംഘങ്ങള്‍ വഴി 50,000 ത്തോളം പാളകള്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുകയെന്നതായിരുന്നു ആദ്യപടി.
ഈ സംഘം ആദ്യ ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നുവെങ്കിലും തണുങ്ങില്‍ നിന്നും പ്ലേറ്റ് നിര്‍മിക്കുന്നതിനുള്ള നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇവരില്‍ നിന്നും പിന്തുണ കിട്ടിയില്ല. അതിനാല്‍ തന്നെ ദാലിമി ഒറ്റയ്ക്കുതന്നെ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ബാങ്കില്‍ നിന്നും ഇതിനായി വായ്പ എടുത്തിരുന്നു. ഗ്രാമീണര്‍ക്കിടയില്‍ നിന്നും പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടായെങ്കിലും ഏറ്റെടുത്ത ജോലി ഭംഗിയായി തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ ദാലിമി ശ്രമിച്ചു.
ഇതേപോലെ തന്നെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവര്‍ ഒത്തുചേര്‍ന്നതോടെ ധൃതി-ദ കറേജ് വിതിന്‍ എന്ന പേരിലൊരു ചെറുകിട സംരംഭം തന്നെ തുടങ്ങി. അടയ്ക്കാമരത്തിന്റെ പാളകള്‍ കൊണ്ടുള്ള ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളേക്കാള്‍ മികച്ചതും പരിസിത്ഥി സൗഹൃദവുമായതിനാല്‍ ഈ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. 44 യൂണിറ്റുകളാണ് ഇപ്പോഴുള്ളത്. അഞ്ച് ലക്ഷത്തില്‍ അധികം പ്ലേറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിച്ച തണുങ്ങുകളുടെ വില്പനയിലൂടെ ഗ്രാമീണരിന്ന് അധിക വരുമാനം നേടുന്നു. സംരംഭകരുടെ വീടുകളില്‍ തന്നെയാണ് നിര്‍മാണ യൂണിറ്റുകളും ഉള്ളത്. അസമില്‍ ഏകദേശം 36.09 ശതമാനം പേരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ്. തൊഴിലില്ലായ്മയാണ് ഇവരെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതും. ഈ സാഹചര്യത്തില്‍ പാളകള്ക്കൊണ്ടുള്ള പ്ലേറ്റ് വ്യവസായം അസമിന്റെ മുഖഛായതന്നെ ഇന്ന് മാറ്റിയിട്ടുണ്ട്.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദം, രാസവസ്തു രഹിതം, വൃത്തിയുള്ളത്, ആകര്‍ഷകമായത്, ഉറപ്പുള്ളതും, ഭാരം കുറഞ്ഞതും, ബുഫേകളിലും മറ്റും അനായാസം ഉപയോഗിക്കാം തുടങ്ങി നിരവധി പ്രത്യേകതകളാണ് പാളകൊണ്ടുള്ള പ്ലേറ്റുകളേയും ബൗളുകളേയും ശ്രദ്ധേയമാക്കുന്നത്.
ഇത് അസമിലെ കാര്യമാണെങ്കില്‍ നമ്മുടെ കേരളത്തിലും പാളകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ തീര്‍ക്കുന്നവരുമുണ്ട്. പഴുത്തുവീണ് ജീര്‍ണിച്ചുപോകുന്ന പാളകള്‍ക്കൊണ്ട് പ്ലേറ്റുകളും മറ്റും ഉണ്ടാക്കാന്‍ സാധിച്ചാല്‍ വീട്ടമ്മമാര്‍ക്കും ഇതിലൂടെ വരുമാനം നേടാന്‍ സാധിക്കും. അത് പരിസ്ഥിതിക്കും കൂടുതല്‍ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: