പത്തനംതിട്ട: അറുപത് വര്‍ഷം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളുടെ നേട്ടം ജനങ്ങള്‍ക്ക് വിശപ്പടക്കാന്‍ മാലിന്യം ഭക്ഷിക്കേണ്ട ഗതികേടും, മരിച്ചാല്‍ അടുക്കള പൊളിച്ച് സംസ്ക്കരിക്കേണ്ട സ്ഥിതിയുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. എന്‍ഡിഎ ആറന്മുള നിയോജകമണ്ഡലം കണ്വന്ഷന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഗണനയും മാറിമാറിവന്ന സര്‍ക്കാരുകള്‍ നല്‍കിയില്ല. സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ ആളുകള്‍ ഇന്നും ഭൂരഹിതരാണ്. കഴിഞ്ഞ അറുപത് വര്‍ഷം കൊണ്ട് കേരളം ഒന്നും നേടിയില്ല. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടന പത്രികകള്‍ തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ല. കേരളവും സാഹചര്യവും മാറിയെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ അതേപോലെ നിലനില്ക്കുന്നു. യുവജനങ്ങളുടെ തൊഴില്‍ സാധ്യതകളെകുറിച്ച് രണ്ട് പ്രകടന പത്രികയിലും പരാമര്‍ശമില്ല. ഇതില്‍ നിന്നെല്ലാമൊരു മോചനമാണ് എന്‍ഡിഎ മുന്നോട്ട് വെയ്ക്കുന്നത്.
വിവിധ മേഖലകളില്‍ ഗവേഷണവും വികസനവുമാണ് സംസ്ഥാനത്തിന് ആവശ്യം. ആയൂര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ അതിനെ അടിസ്ഥാനമാക്കി യാതൊരു ഗവേഷണവും നടക്കുന്നില്ല. ഭക്ഷ്യ ഗവേഷണ സംസ്ക്കരണ ശാലകള്‍ എല്ലാം സംസ്ഥാനത്തിന് പുറത്താണ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന വിധിയെഴുത്താണ് സംരംഭകരെ ഇവിടെ നിന്നും കറ്റുന്നത്. നമ്മുടെ നാട്ടറിവുകളെ പ്രോത്സാഹിപ്പിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം.
കേരളത്തിലെ അഴിമതിയാണ് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ തടസ്സമാകുന്നത്. മന്ത്രിമാര്‍ മുതല്‍ താഴെഅറ്റം വരെയുള്ളവര്‍ക്ക് കൈക്കൂലി നല്‍കണമെന്നതാണ് സ്ഥിതി. അഴിമതി ഭരണത്തിലും, തട്ടിപ്പിലും, വെട്ടിപ്പിലും ഇടതു വലതു മുന്നണികള്‍ തമ്മില്‍ മത്സരമാണു. ഇവിടെ ഒത്തു തീര്‍പ്പ് രാഷ്ട്രീയം കളിയ്ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും പശ്ചിമ ബംഗാളില്‍ ഒന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സഖാവ് പി.കൃഷ്ണപിള്ളയുടെ പ്രതിമയും വീടും ആക്രമിച്ചവരാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍.
ക്രിസ്ത്യന്‍, മുസ്ലിം മത വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്. മത സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ഇരു മുന്നണികള്‍ക്കും മതേതരത്വം വില്പ്പനച്ചരക്കാണ്. തെരഞ്ഞെടുപ്പില്‍ വോട്ടുനേടാന്‍ മതങ്ങളെ ഉപയോഗിക്കുന്നു. കേരളത്തില്‍ മത സൗഹാര്‍ദ്ദം പുലര്‍ന്നാല്‍ ഇരു മുന്നണികള്‍ക്കും നിലനില്‍പ്പില്ലാതാകും. മാനവെമെത്രിയാണ് എന്‍ഡിഎ വിഭാവനം ചെയ്യുന്നതെന്നും സമുഹിക നവോത്ഥാനത്തിന്റെ മണ്ണായ പത്തനംതിട്ടയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ആര്.മോഹന്‍ദാസ് അദ്ധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ആമുഖ പ്രസംഗം നടത്തി. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. കേരളാ കോണ്‍ഗ്രസ് ജില്ലാ കണ്‍വീനര്‍ അഡ്വ.മാത്യു പി., എല്‍ജെപി സംസ്ഥാന ചെയര്മാന് മനോഹരന്,ബിഡിജെഎസ് വനിതാ വിഭാഗം കണ്‍വീനര്‍ ലോലമ്മ ടീച്ചര്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി
ആറന്മുള മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പ്രഭാഷണം നടത്തി.ആറന്മുളയിലേത് ധാര്‍മ്മികതയുടെ പോരാട്ടമാണെന്ന് എം.ടി.രമേശ് പറഞ്ഞു. മതാധിപത്യത്തിനും പണാധിപത്യത്തിനും എതിരേയാണ് എന്‍ഡിഎ മത്സരിക്കുന്നത്. മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് തെരഞ്ഞെടുപ്പ് വരുമ്പോള്‍ മതം അനിവാര്യമാണ്. അവരുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മതങ്ങളാണ്. സമ്പന്ന ശക്തികളെയാണ് യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. ആറന്മുളയുടെ പൈതൃകം നശിപ്പിക്കാന്‍ ശ്രമിച്ച ശക്തികളാണ് യുഡിഎഫിന്റെ പിന്‍ബലം. എന്‍ഡിഎ ഇവരെ നേരിടുന്നത് സാധാരണക്കാരുടെ പിന്‍ബലത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഡി.സുരേന്ദ്രന് സ്വാഗതവും, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് നന്ദിയും പറഞ്ഞു.
എന്‍ഡിഎ റാന്നി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.പത്മകുമാര്‍, കോന്നി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍, ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, മേഖലാ പ്രസിഡന്റ് എന്‍.പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍, സെക്രട്ടറി പി.ആര്.ഷാജി, ഭാരവാഹികളായ അജിത്ത് പുല്ലാട്, കെ.കെ.ശശി, ബിന്ദുപ്രസാദ്, ശോഭനാ അച്യുതന്, രമണി വാസുക്കുട്ടന്, ജയാശ്രീകുമാര്‍, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് വിദ്യാസാഗര്‍, നിയോജകമണ്ഡലം സംയോജകരായ കെ.പ്രദീപ് കുമാര്‍, എന്‍.വേണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: