കണിക്കൊന്നയെ സംബന്ധിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ചിലങ്കയുടെ മണികളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കുലകുലയായ് ഞാന്നുകിടക്കുന്ന പൂക്കളോടുകൂടിയ കൊന്നമരം വലിയ ഔഷധ ഗുണമുള്ള സസ്യം കൂടിയാണ്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യം കൂടിയതും ത്രിദോഷഹരവുമാണ്. വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങള്‍ അകറ്റാന്‍ കണിക്കൊന്നയ്ക്ക് സാധിക്കും.
ഈ വൃക്ഷത്തിന്റെ വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. കണിക്കൊന്നയുടെ ഇല, തൊലി എന്നിവ അരച്ചു സേവിക്കുന്നത് പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് ഉത്തമ പരിഹാരമായിട്ടാണ് കണക്കാക്കുന്നത്. ത്വക്ക് രോഗങ്ങള്‍ക്കും കണിക്കൊന്ന നല്ല ഔഷധമാണ്.
കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക് രോഗങ്ങളും ശമനമുണ്ടാകുമെന്നും പറയുന്നു. ഉഷ്ണകാലരോഗങ്ങള്ക്കും കണികൊന്ന ഉത്തമ പരിഹാരം തന്നെ. തലേദിവസം കണിക്കൊന്നപ്പൂവിട്ട വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നേത്രരോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ നല്ലതാണ്. കണിക്കൊന്നയുടെ വേര് ചതച്ച് പാലില്‍ ചേര്‍ത്ത് സേവിക്കുന്നത് മസ്തിഷ്ക രോഗങ്ങള്‍ക്കും ഉത്തമമാണ്.
ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വക്ക് രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്.
ഈ ഔഷധം രക്തശുദ്ധിയുണ്ടാക്കാനും നല്ലതാണ്. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധ യോഗ്യമാണ്. കണിക്കൊന്ന വേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദര കൃമികളെ നശിപ്പിക്കും. ഇലകള്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: