കുച്ചിപ്പുടിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മഭൂഷണ്‍ ഡോ.വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യഗണത്തിലെ പ്രഗത്ഭയായ നര്‍ത്തകിയാണ് അനുപമാമോഹന്‍. സിനിമാ സംവിധായകന് മോഹന്റെ ഭാര്യ. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ അനുപമ നാലാം വയസ്സിലാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ നിരവധിവേദികളില്‍ പെര്‍ഫോം ചെയ്ത അനുപമ തുടര്‍പഠനത്തിനായി വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴില്‍ ചെന്നൈയിലെ കുച്ചിപ്പുടി ആര്‍ട്ട് അക്കാദമിയില്‍ പഠനം ആരംഭിച്ചു.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കുച്ചിപ്പുടി അഭ്യസിച്ച അനുപമ, ഭര്‍ത്താവ് മോഹന്‍ സംവിധാനം ചെയ്ത ഏതാനും മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ നൃത്തസംവിധാനവും ചെയ്തിട്ടുണ്ട്. ഇന്ന് കുച്ചിപ്പുടിക്ക് മാത്രമായി ജീവിക്കുകയാണ് അനുപമ. നിരവധി ഡാന്‍സ് ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുള്ള അനുപമ കേരളത്തിലെ നര്‍ത്തകര്‍ക്കായി ഡാന്‍സ് ഫെസ്റ്റിവെലുകള്‍ നടത്താറുണ്ട്. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗുരുവിന്റെ പേരില്‍ ഡാന്‍സ് ഫെസ്റ്റിവല്‍ തുടങ്ങിയത്.
പിന്നീട് ഗുരുവിനെ ഫെസ്റ്റിവലില്‍ എത്തിക്കുന്നതിനായി ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് 2014ല്‍ നാട്യകൗസ്തുഭത്തിന്റെ പേരില്‍ ഫെസ്റ്റിവല്‍ നടത്തി. ഇതില്‍ കൂടുതലായും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയത്.
പുരുഷനര്‍ത്തകര്‍ക്ക് അവസരം നല്‍കുന്നതിനായി അവര്‍ക്കുവേണ്ടിമാത്രമായി ഫെസ്റ്റിവല്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് അനുപമ പറഞ്ഞു.
സ്കൂള്‍ കലോത്സവങ്ങളില്‍ അപ്പീലുകളുടെ ബഹളത്തില്‍ മുങ്ങിപ്പോകുന്ന കഴിവുള്ള ധാരാളം കുട്ടികളുണ്ട്, അവര്‍ക്കായി അനുപമ പ്രത്യേക അപ്പീല്‍ കലോത്സവം തന്നെ നടത്തി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കലോത്സവങ്ങളില്‍ ഫൈനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും എന്നാല്‍ അപ്പീല്‍ നല്കി കാത്തിരുന്ന് പിന്നീട് അവസരം ലഭിക്കാതെ പോകുമ്പോള്‍ നിരവധി കഴിവുള്ള കുട്ടികള്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. ഇതാണ് ഇത്തരത്തിലുള്ള കലോത്സവം നടത്താന്‍ അനുപമയ്ക്ക് പ്രചോതനമായത്.
സ്കൂള്‍ കലോത്സവങ്ങളില്‍ പോയിന്റ് നേടുകയെന്ന ഉദ്ദേശ്യത്തോടെ മിക്കകുട്ടികളും ഐറ്റം തികയ്ക്കുന്നതിനായി മാത്രം കുച്ചിപ്പുടി തെരഞ്ഞെടുക്കുന്നവരുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില കുട്ടികള്‍ മാത്രമാണ് കുച്ചിപ്പുടിയോടുള്ള താല്പര്യംകൊണ്ട് ഇതിലേയ്ക്ക് കടന്നുവരുന്നുള്ളൂവെന്നും അനുപമ പറയുന്നു. വ്യത്യസ്ത കലാരൂപങ്ങള്‍ കാണുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് ഫെസ്റ്റിവലുകളുടെ ലക്ഷ്യം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അനുപമ മോഹന്‍ ഈ മാസം 29,30 തീയതികളില്‍ എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നാട്യകൗസ്തുഭം നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയെന്ന നിലയ്ക്കും കേരളത്തില്‍ ഇന്ന് അറിയപ്പെട്ടുന്ന ഏറ്റവും നല്ല കുച്ചിപ്പുടി നര്‍ത്തകി എന്നനിലയ്ക്കും അനുപമയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ശിഷ്യകളായുണ്ട്. കുച്ചിപ്പുടിയെ അതിന്റെ തനതുശൈലിയില്‍ തന്നെ കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് അനുപമ തന്റെ സത്യാജ്ഞലി നൃത്ത വിദ്യാലയത്തിലൂടെ. പ്രശസ്തരായ നിരവധിപേര്‍ അനുപമയുടെ കീഴില്‍ കുച്ചിപ്പുടി അഭ്യസിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു ശിഷ്യയാണ് എംജി സര്‍വ്വകലാശാല കലോത്സവത്തില്‍ ഹാട്രിക്കോടെ കലാതിലകപ്പട്ടം സ്വന്തമാക്കിയ അര്‍ച്ചിത അനീഷ്.
കണ്ണൂര്‍ സ്വദേശികളായ അനീഷ്-അനിത ദമ്പതിയുടെ ഏകമകളാണ് അര്‍ച്ചിത അനീഷ്. നാലുവയസുമുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. കുട്ടിക്കാലം മുതല്‍ തന്നെ സ്കൂള്‍ കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു അര്‍ച്ചിത. സ്കൂള്‍ തലങ്ങളില്‍ ഏറ്റവും കൂടതല്‍ പോയിന്റുകള്‍ കരസ്ഥാമാക്കുന്നത് അര്‍ച്ചിതയായിരുന്നു. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളിയാഴ്ചകളില്‍ വൈകിട്ട് എറണാകുളത്തേയ്ക്ക് കുച്ചിപ്പുടി ക്ലാസിനായി എത്തും. എന്നിരുന്നാലും പഠനത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല.
എസ്എസ്എല്‍സിക്ക് 9 എ പ്ലസ് നേടിയിരുന്നു. പ്ലസ്ടുവിന് 98ശതമാനം മാര്‍ക്കോടെയും വിജിയിച്ചു. പിന്നീട് ബിരുദ പഠനത്തിനായാണ് എറണാകുളം സെന്റ്തെരേസാസില്‍ എത്തിയത്. നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും കൂടുതല്‍ ഫെര്‍ഫോമന്‍സ് നടത്തുന്നതിനുമുള്ള അവസരം എറണാകുളത്ത് ലഭിക്കുമെന്നതിനാലാണ് താമസം മാറിയത്. സര്‍വ്വകലാശാല കലോത്സവത്തിന്റെ ആദ്യവര്‍ഷം മത്സരങ്ങളില്‍നിന്നും വിട്ടുനിന്ന അര്‍ച്ചിത രണ്ടാംവര്‍ഷം മുതലാണ് കലോത്സവങ്ങളില്‍ നിറസാന്നിദ്ധ്യമായത്.
അന്നുമുതല്‍ കലാതിലകപ്പട്ടം അര്‍ച്ചിതയ്ക്കൊപ്പമാണ്. പഠനത്തിനൊപ്പം ഡാന്‍സും കൊണ്ടുപോകുകയാണ് അര്‍ച്ചിതയുടെ ലക്ഷ്യം. കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലകപ്പട്ടം സ്വന്തമാക്കിയ അര്‍ച്ചിത ഇനി സിനിമയിലേക്കാണ് ചുവടുവയ്ക്കുന്നത്. ഒരു മലയാളം ടെലിസീരിയലില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീനില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: