കോഴിക്കോട്: ഭീമ ബാലസാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ സ്വഭാവ ആവിഷ്കരണത്തിനുതകുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും 2015 ല്‍ പ്രസിദ്ധീകരിച്ച രചനകളാണ് അവാര്‍ഡുകള്‍ക്ക് പരിഗണിക്കുകയെന്ന് ഭീമ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഡോ. കെ. ജയകുമാര്‍, വൈസ് ചെയര്മാന് സി. രാധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
മുതിര്‍ന്നവര്‍ രചിച്ച മികച്ച ബാലസാഹിത്യകൃതിയ്ക്ക് എഴുപതിനായിരം രൂപ ക്യാഷ്പ്രൈസും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്ന ഭീമാ അവാര്‍ഡ് സമ്മാനിക്കും. കുട്ടികളുടെ കൃതികള്‍ക്കായുള്ള സ്വാതി കിരണ്‍ സ്മാരക അവാര്‍ഡിനും, ബാലസാഹിത്യ കൃതിയിലെ മികച്ച ചിത്രീകരണത്തിനുള്ള വനജ ഭീമഭട്ടര്‍ സ്മാരക അവാര്‍ഡിനും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവും പതിനായിരം രൂപ വീതം ക്യാഷ്പ്രൈസും നല്‍കും. ഭീമാഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കെ. ഭീമഭട്ടരുടെ സ്മരണാര്‍ത്ഥം ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയതാണ് ഭീമാ പുരസ്കാരം.
ജൂലൈ 27 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അതോടനുബന്ധിച്ച് മൂന്ന് ദിവസം നീളുന്ന ബാലസാഹിത്യ രചനാശില്പശാലയും സംഘടിപ്പിക്കും. പുരസ്കാരത്തിനുള്ള അപേക്ഷ കൃതികളുടെ അഞ്ച് പ്രതികള്‍ സഹിതം ‘രവി പാലത്തുങ്കല്‍, ജനറല്‍ സെക്രട്ടറി, ചൈതന്യ, എസ്എല്‍ പുരം പി ഒ, 688523’ എന്ന വിലാസത്തില്‍ ഏപ്രില്‍ 25 ന് മുമ്പ് അയക്കണം. ചൈതന്യ പ്രസിഡന്റ് ബി. ഗിരിരാജന്‍, ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: