മധ്യവേനലവധി വരാന്‍ കാത്തിരിക്കുന്ന ഒരു കുട്ടിക്കാലമെനിക്കുണ്ടായിരുന്നു. അപ്പോള്‍ മാത്രമേ കുറച്ചു ദിവസം അച്ഛന്റെ വീട്ടില്‍ പോയി താമസിക്കാന്‍ സാധിച്ചിരുന്നുള്ളൂ. നടന്നുപോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് അച്ഛന്റെ കൈയുംപിടിച്ച് ഇടവഴികളില്‍ കൂടിയും പാടവരമ്പുകളില്‍ കൂടിയും ഓരോരോ കിന്നാരങ്ങളും പറഞ്ഞുകൊണ്ടുള്ള നടത്തം. അന്നും ഇന്നും എനിക്കൊരുപാടു സംശയങ്ങളാണ്. ചോദിച്ച് ചോദിച്ച് ഞാന്‍ അച്ഛനെ ഉത്തരം മുട്ടിക്കും. ചങ്ങമ്പുഴയുടെ രമണന് എത്ര പാടിയാലും മതിയാകില്ല എച്ഛന്.
എത്ര കേട്ടാലും മതിയാവില്ല എനിക്ക്. രമണന് തൊണ്ണൂറു ശതമാനം കാണാപ്പാഠമാണ് മൂപ്പര്‍ക്ക്. കാക്ക ഏകാദശി നോറ്റ കഥയും കിണറ്റിന്‍കരയിലിരുന്ന് അമ്മൂമ്മ തുന്നുന്ന കഥയും മനോഹരമായി അവതരിപ്പിക്കും. അമ്മൂമ്മക്കഥ എന്നെ ഉത്തരം മുട്ടിക്കുന്നതായതുകൊണ്ട് മിക്കവാറും പിണക്കത്തിലായിരിക്കും അവസാനിക്കുക. മുഖം കേറ്റിപ്പിടിച്ച് കുറേനേരം പിണങ്ങിയിരിക്കുന്നൊരു ചീത്തസ്വഭാവം കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു. ഇങ്ങനെ കളിയും കാര്യവും ഇണക്കവും പിണക്കവുമൊക്കെയായി വീടെത്തുന്നതറിയാറേയില്ല എന്നതാണ് സത്യം.
അമ്മയുടെ വീടിനേക്കാളധികം അച്ഛന്റെ വീടായിരുന്നു എനിക്കിഷ്ടം.
മൂന്നുപുറവും വീതിയുള്ള വരാന്തയും തട്ടിന്‍പുറവും തട്ടിന്‍പുറത്തേക്കു കയറാന്‍ കോണിയും അറയുമെല്ലാമുള്ള ഓലമേഞ്ഞ വലിയ വീട്. വീടിനു മുന്‍വശത്തായി പൂമുഖമുള്ള വലിയ കയ്യാല. വീടിനും കയ്യാലയ്ക്കും ഇടയിലായി മനോഹരമായ പൂന്തോട്ടം. പിന്‍ഭാഗത്ത് പശുവിനുള്ള തൊഴുത്ത്, വലിയ വിറകുപുര. എല്ലാം വൃത്തിയായി അടുക്കും ചിട്ടയോടും കൂടി വയ്ക്കുന്നതില്‍ അച്ഛച്ഛനും അച്ഛമ്മയും ഒരുപാട് ശ്രദ്ധിച്ചു.
സ്വര്‍ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തിനിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതൊക്കെയും
ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ
എന്ന് ആരും ചോദിച്ചുപോകുന്ന അന്തരീക്ഷം. അച്ഛച്ഛന് ഒന്നാന്തരം കൃഷിക്കാരനും അച്ഛമ്മ ഒന്നാന്തരം വീട്ടുകാരിയുമായിരുന്നു. ചിട്ടയുടേയും വൃത്തിയുടേയും കാര്യത്തില്‍ എന്റെ മനസ്സില്‍ അന്നും ഇന്നും ഒന്നാംസ്ഥാനം അവര്‍ക്കുതന്നെ. കാരണം അത്ര സുന്ദരമായൊരു വീടും പരിസരവും ഞാനെന്റെ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം. ആ തൊടിയിലില്ലാത്ത വൃക്ഷങ്ങളുണ്ടായിരുന്നില്ല. പൂന്തോട്ടത്തിലില്ലാത്ത ചെടികളുണ്ടായിരുന്നില്ല. പൂമരങ്ങള്‍ക്കെല്ലാം അച്ഛച്ഛന് തറകെട്ടി നിര്‍ത്തി.
മെയ്മാസത്തില്‍ പൂക്കുന്ന രണ്ടു പൂവാകകളുണ്ടായിരുന്നു. നിറയെ പൂത്തുനില്ക്കുന്ന ആ സൗന്ദര്യം വര്‍ണിക്കാന്‍ പറ്റുന്നതല്ല. എത്ര സമയം കണ്ണിമയ്ക്കാതെ നോക്കിനിന്നിരിക്കുന്നു. കണ്ടാലും കണ്ടാലും മതിയാകാത്ത ഈ ചുവപ്പും പച്ചയും ഇടകലര്‍ന്ന സൗന്ദര്യം. പൂന്തോട്ടത്തില്‍ നിറയെ പൂവിട്ടു നില്ക്കുന്ന നാടന്‍ റോസ്, ജമന്തി, മുല്ല, തോട്ടവാഴ, ലില്ലി, പത്തുമണിപ്പൂവ് – ഇങ്ങനെയിങ്ങനെ എത്രയെത്ര. ഒരു പൂവ് പൊട്ടിച്ചാല്‍ അച്ഛച്ഛന്റെ ഭാവം മാറും. ഒരു റോസാപ്പൂവ് പൊട്ടിച്ച് മുടിയില്‍ ചൂടാനും കൈയില്‍ പിടിച്ച് അതിന്റെ സൗന്ദര്യം ആസ്വദിക്കാനും അന്നൊക്കെ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നോ. അതിനുവേണ്ടി എത്ര പിണങ്ങിനടന്നിരിക്കുന്നു.
മുറ്റത്തെ കൈവേലിയുടെ ഇടയ്ക്ക് നിറയെ പൂത്തുനില്ക്കുന്ന രണ്ട് സ്വര്‍ണമല്ലിച്ചെടികളുണ്ടായിരുന്നു. മഞ്ഞയും ചുവപ്പും. അതിലെ കായ തിന്നാനെത്തുന്ന മുളന്തത്തകളെ നോക്കി എത്ര സമയമാണ് ശ്വാസമടക്കിപ്പിടിച്ചുനിന്നിരുന്നത്. അവര്‍ക്കാവശ്യമുള്ളത് കൊത്തിത്തിന്നു കഴിഞ്ഞാല്‍ എനിക്കാവശ്യമുള്ളത് ഞാനും പൊട്ടിച്ചുതിന്നും. ഇന്നത്തെ കുട്ടികള്‍ക്ക് മില്‍ക്കിബാറും ഡയറിമില്‍ക്കുമെല്ലാം കിട്ടുമ്പോഴുള്ള സന്തോഷത്തിന്റെ ഇരട്ടി സന്തോഷമായിരുന്നു എനിക്ക് ഈ പവിഴമല്ലിക്കായും താമരയല്ലീം പേരക്കായും കാരക്കായും ഒക്കെ കഴിക്കുമ്പോഴുണ്ടായിരുന്നത്.
അവധിക്കാലത്തു മാത്രം ചെല്ലുന്ന എനിക്ക് അവിടെ കൂട്ടുകാരുണ്ടായിരുന്നില്ല. അച്ഛമ്മയും അച്ഛച്ഛനും ഇടയ്ക്കെപ്പോഴെങ്കിലും വരുന്ന അച്ഛനും പിന്നെ അവിടെ സഹായിക്കാന്‍ വരുന്നവരൊക്കെയുമായിരുന്നു എന്റെ കൂട്ടുകാര്‍. പറമ്പു നിറയെ കൃഷിയായിരുന്നതുകൊണ്ടും ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രായമായതുകൊണ്ടും വീട്ടിലെപ്പോഴും സഹായത്തിനായി രണ്ടുമൂന്നുപേരുണ്ടായിരുന്നു. അവരുടെ കുട്ടികളാണ് എനിക്ക് പേരക്കായ പൊട്ടിച്ചുതരുന്നതും താമരയുടെ അല്ലിക്ക പൊട്ടിച്ചുതരുന്നതും കളിക്കാന്‍ കൂട്ടുവരുന്നതുമെല്ലാം.
പറമ്പില്‍ അഞ്ചോ ആറോ കുളങ്ങളുണ്ടായിരുന്നു.
ഒരു കുളത്തില്‍ നിറച്ച് വെള്ളത്താമര. അതങ്ങനെ നിറച്ചു വിരിഞ്ഞുനില്‍ക്കുമ്പോഴത്തെ ഒരു ഭംഗി. മനസ്സില്‍ നിന്നൊരിക്കലും മായാത്ത വര്‍ണഭംഗി. ഈ കാഴ്ചകളൊന്നും ഇന്നത്തെ കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റുന്നില്ലല്ലോ എന്നതെത്ര സങ്കടകരമാണ്. നമ്മള് കണ്ടുവളര്‍ന്ന നല്ല നല്ല കാഴ്ചകളും കാര്യങ്ങളും അവര്‍ക്കറിയാതെ പോകുന്നതില്‍ വല്ലാത്ത ദുഃഖം തോന്നുന്നു. വേനല്‍ക്കാലത്തെപ്പോഴും തിരക്കോടു തിരക്കാണിവിടെ. പുരകെട്ടിമേയല്‍, പറമ്പ് മുഴുവന്‍
കിളച്ചുമറിച്ച് തടമെടുത്ത് ചേന, ചേമ്പ്, ചെറുകിഴങ്ങ് ഇതൊക്കെ നടല്‍, നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കിവെക്കല്‍, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ ഇതൊക്കെ ചെറുകയറില്‍ കെട്ടി കഴുക്കോലില്‍ തൂക്കിയിടല്‍, ചക്ക വറുത്തുവെക്കല്‍, വരട്ടിവെക്കല്‍- ഇങ്ങനെ ഇങ്ങനെ നൂറുകൂട്ടം. അരിയോ പച്ചക്കറിയോ കാശുകൊടുത്തു വാങ്ങേണ്ടിവരാറേയില്ല.
നെല്ല് പുഴുങ്ങുമ്പോള്‍ അച്ഛമ്മ ആ നെല്ലിനുള്ളില്‍ വെച്ച് ആവികേറ്റി ചെറുകിഴങ്ങ് പുഴുങ്ങിത്തരും. ഇതില്‍ കൂട്ടാന്‍ ഉള്ളിച്ചമ്മന്തിയുമുണ്ടാകും. ഇതെല്ലാം നമുക്ക് അപൂര്‍വ്വമായി കിട്ടുന്ന സ്വാദുകളാണ് – നാവില്‍ നിന്നൊരിക്കലും മാറിപ്പോകാത്ത സ്വാദുകള്‍.
സുന്ദരിയായിരുന്നു അച്ഛമ്മ. അതിസുന്ദരി. നല്ല വെളുത്ത നിറം. മുറുക്കിച്ചുവപ്പിച്ച ചൊക ചൊകന്നനെയുള്ള ചുണ്ടുകള്‍, തുമ്പു കെട്ടിയിട്ട നീളമുള്ള തലമുടി. കൊച്ചു കൊച്ചു പുള്ളികളുള്ള റവുക്ക, കഴുത്തില്‍ മജന്ത കളര്‍ കല്ലുപതിച്ച പതക്കമുള്ള നല്ല കട്ടിയുള്ള മുത്തരഞ്ഞാണം. രണ്ടു കൈയിലും കാപ്പ്. കാതില്‍ തോട – ആരും കൊതിച്ചുപോകുന്ന രൂപസൗന്ദര്യം. കാച്ചിയ എണ്ണ തേക്കുന്നതുകൊണ്ട് അച്ഛമ്മയ്ക്കൊരു പ്രത്യേക വാസനയാണ്.
അച്ഛമ്മയ്ക്കുള്ള എല്ലാ സാധനങ്ങളും അച്ഛന്പെങ്ങള് മൈസൂരില്‍ നിന്നാണ് കൊണ്ടുവരിക. ഒരു കൊല്ലത്തേക്കുള്ള മൈസൂര്‍ സാന്‍ഡല്‍വുഡ് സോപ്പ്, പൗഡര്‍, റൗക്കയ്ക്കുള്ള തുണി ഇതെല്ലാം മൂപ്പരുടെ വകയാണ്. അച്ഛമ്മ ഇതൊക്കെ മുണ്ടും പെട്ടിയിലാക്കി സൂക്ഷിച്ചുവെക്കും. ഒരു കൊല്ലത്തേക്കുള്ള കാച്ചിയ എണ്ണയുംകൂടി ഉണ്ടാക്കിവെച്ചിട്ടാണ് തിരിച്ചുപോവുക. അച്ഛന്പെങ്ങള് വരുന്നു എന്നറിഞ്ഞാല്‍ എനിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്.
എന്റെ കൂട്ടുകാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള പാവാടയും ബ്ലൗസും കിട്ടും. പലതരത്തിലുള്ള വളകളും മാലകളും കമ്മലുമൊക്കെ കിട്ടും. പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കിത്തരും. അങ്ങനെ ആകപ്പാടെ ഒരുത്സവ പ്രതീതി. തിരിച്ചുപോകുമ്പോള്‍ ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പുപോലെയാകും വീട്. രണ്ടു മൂന്നു ദിവസം അച്ഛമ്മയ്ക്ക് മിണ്ടാട്ടമേയില്ല. എപ്പോഴും കൃഷിപ്പണിയായതുകൊണ്ട് ഈ തിരിച്ചുപോക്ക് അച്ഛച്ഛനെ വല്ലാതെ ബാധിക്കാറില്ല. അല്ലെങ്കിലും ഇതെല്ലാം കൂടുതല്‍ അമ്മമാരെയാണല്ലൊ ബാധിക്കുക.
അച്ഛമ്മയുടെ മുണ്ടുംപെട്ടിയെക്കുറിച്ചു പറഞ്ഞുവല്ലോ. ഈ പെട്ടി തുറന്നാല്‍ ഒരു പ്രതേയക വാസനയാണ്. കൈതപ്പൂവിന്റെ വാസന – കൈതപ്പൂ എന്നു പറഞ്ഞാല്‍ കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ കൈതേ കൈനാറി എന്ന് കവി പാടി പുകഴ്ത്തിയ സാക്ഷാല്‍ കൈനാറിപ്പൂവ്.
പടിഞ്ഞാറെതൊടിയിലെ തോട്ടുവക്കത്ത് നിറയെ ശിഖരങ്ങളുള്ള ഒരു പൂക്കൈതയുണ്ടായിരുന്നു. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രമേ കൈതപ്പൂവിരിയാറുള്ളൂ. ഈ കൈത വളരെ സത്യമുള്ളതാണെന്നച്ഛമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പരമാര്‍ത്ഥം എനിക്കറിയില്ല. എന്തായാലും അതിന്റെ വാസന ഒരു വാസന തന്നെയാണ്.
പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലു കാണാന്‍
പുഴവക്കില്‍ പൂക്കൈത കുളിര്‍നിലാ
ചന്ദനക്കുറിയിട്ടു നില്ക്കുന്ന കാഴ്ച കാണാന്‍
എന്നിനി എന്നിനിപ്പോകും നാം – എന്റെ
നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ
ഇങ്ങനെയുള്ള പാട്ടുകളൊക്കെ കേള്ക്കുമ്പോല് മനസ്സ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചു പായുകയാണ്. ഞാനൊരു കൊച്ചുപാവാടക്കാരിയാവുകയാണ്.
ഇത്ര നല്ല വാസനകളും രുചികളും കാഴ്ചകളുമെല്ലാം ഇനി ജീവിതത്തിലെപ്പോഴെങ്കിലും അനുഭവിക്കാന്‍ പറ്റുമോ എന്ന് എത്ര സങ്കടത്തോടെയാണ് നമ്മളോര്‍ക്കുന്നത്. അഞ്ചോ പത്തോ സെന്റില്‍ രണ്ടോ മൂന്നോ നിലകളുള്ള വീടുപണിത് മുറ്റം മുഴുവന്‍ ഓടു പാവി മതി ഇതിലേ – ഇനി ആരും വേണ്ട എന്നു പറഞ്ഞ് മതിലുംകെട്ടി മണ്ണും മനുഷ്യനും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതരത്തില്‍ നീറ്റ് ആന്‍ഡ് ക്ലീനാക്കിവെച്ച് ഇതിലും മീതേ ഒരു സ്വര്‍ഗമുണ്ടോ എന്ന് ചിന്തിക്കുന്നവര്‍ക്കെന്തു വാസന – എന്ത് രുചി, എന്ത് കാഴ്ച – എല്ലാ കാഴ്ചകളും കമ്പ്യൂട്ടറില്‍ കാണുന്നു, ടെലിവിഷനില്‍ കാണുന്നു.
ഇതിലപ്പുറം എന്തു കാഴ്ച എന്തു ലോകം. കാണേണ്ടതു കാണുന്നതിനു പകരം കാണേണ്ടാത്തതു കാണാനായിരിക്കുന്നു കണ്ണ്. പണം വിദേശത്തുനിന്ന് വേണ്ടതിലധികം വരുന്നു. അരിയും പച്ചക്കറിയും തമിഴ്നാട്ടില്‍ നിന്നുവരുന്നു. ഓരോ നേരത്തേക്കുള്ള ഭക്ഷണവും പാഴ്സലായി വാങ്ങാന്‍ കിട്ടുന്നു. പിന്നെ നമുക്കെന്തിനാണ് നമ്മുടെ നാടന്‍രുചികളും കാഴ്ചകളും.
വിഷുവിന് മുമ്പേ അച്ഛച്ഛന് എനിക്കു കാശുതരും. കാരണം വിഷുവിന്റെ തലേദിവസം അച്ഛന് വന്ന് എന്നെ കൊണ്ടുപോരും.
ഇങ്ങനെ കിട്ടുന്ന കാശൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഓരോരോ ചെപ്പുകളുണ്ടായിരുന്നു എനിക്ക്. ഓരോന്നിലും ഓരോതരത്തിലുള്ള നാണയങ്ങളായിരുന്നു. കുട്ടിക്കാലത്തെ ഇങ്ങനെയുള്ള കുട്ടിസ്വഭാവങ്ങള്‍ക്ക് ഇന്നും ഒരു വ്യത്യാസവുമില്ല. അന്നൊന്നും എന്താവശ്യം വന്നാലും ചെപ്പുനിറയാതെ ഞാന്‍ കാശെടുക്കാറില്ല. നിറഞ്ഞുകഴിഞ്ഞാല്‍ അമ്മ കമ്മലോ മോതിരമോ അങ്ങനെ എന്തെങ്കിലും ഉപയോഗ സാധനങ്ങള്‍ വാങ്ങിത്തരും. അമ്മയുടെ കൈയില്‍നിന്നാണ് വിലപ്പെട്ടതെന്തും സൂക്ഷിച്ചുവെക്കുന്ന സ്വഭാവം പഠിച്ചത്.
വിഷു കഴിഞ്ഞാല്‍ വീണ്ടും ഞാന്‍ അച്ഛന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോകും. പിന്നെ സ്കൂള്‍ തുറക്കുന്നതുവരെ അവിടെത്തന്നെ. സ്കൂള്‍ തുറക്കുന്നതിന്റെ തലേദിവസം മധ്യവേനലവധിയോട് വിട പറഞ്ഞ് അവിടെനിന്നു തിരിച്ചുപോരുമ്പോഴുണ്ടായിരുന്ന ഒരു സങ്കടം – ഞാനും അച്ഛനും കണ്ണില്‍നിന്ന് മറയുന്നതുവരെ അച്ഛമ്മയുടെ നോക്കിനില്പ്. തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കിയുള്ള എന്റെ നടത്തം. മധുരിപ്പിക്കുന്ന ഓര്‍മ്മകള്‍ നമുക്കെപ്പോഴും രസം പകരുന്നതാണല്ലോ.
(കവി കുഞ്ഞുണ്ണിമാഷിന്റെ മരുമകളാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: