ജീവിതപ്രാരാബ്ധങ്ങളാണ് വസന്തകുമാരിയെ വളയം പിടിക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവും മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ടുപോകണമെങ്കില്‍ ഭര്‍ത്താവിന്റെ അധ്വാനം മാത്രം മതിയാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വസന്തകുമാരിയും തൊഴില്‍ തേടിയിറങ്ങിയത്. തിരഞ്ഞെടുത്തതാവട്ടെ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയും. 23 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു~സ്ത്രീ ബസിന്റെ സ്റ്റിയറിങ് തിരിക്കുക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. അങ്ങനെ ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറായി മാറി വസന്തകുമാരി.
ഇപ്പോള്‍ ഡ്രൈവിങ് എന്നത് ഇവര്‍ക്കൊരു പാഷനാണ്.
കന്യാകുമാരിയിലായിരുന്നു വസന്തകുമാരിയുടെ ജനനം. കുഞ്ഞായിരുന്നപ്പോഴേ അമ്മയെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന് രണ്ടാമത് വിവാഹം ചെയ്തു. 19-ാം വയസ്സില്‍ വസന്തകുമാരി വിവാഹിതയായി. നാല് പെണ്മക്കളുടെ അച്ഛനായിരുന്നു വരന്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. ചെന്നൈയില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു ഭര്‍ത്താവ്.
കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി ബസ് ഡ്രൈവറായി ജോലി നോക്കാന്‍ തയ്യാറായ വസന്തകുമാരി സര്‍ക്കാര്‍ ജോലിക്കുവേണ്ടിയാണ് ശ്രമിച്ചത്. ലോകത്ത് എവിടെയെങ്കിലും വനിതാ ബസ് ഡ്രൈവര്മാരുണ്ടോയെന്നായിരുന്നു അധികൃതരുടെ ചോദ്യം. പുരുഷന്മാര്പോലും വെല്ലുവിളി നേരിടുന്ന മേഖലയില്‍ എങ്ങനെ നിലനല്ക്കാന് കഴിയുമെന്നും അവര്‍ ചോദിച്ചു. വല്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുളള ലൈസന്‍സും വസന്തകുമാരി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവളുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരവസരം പോലും ലഭിച്ചില്ല. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരിടത്തുനിന്ന് വിളി വന്നു.
ടെസ്റ്റിനായി ചെന്നപ്പോഴും അവിടെയുണ്ടായിരുന്നവര്‍ക്ക് തന്നില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നുവെന്നും വസന്തകുമാരി ഓര്‍ക്കുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ചെന്നപ്പോള്‍ എട്ടെടുക്കാനായിരുന്നു നിര്‍ദ്ദേശം. വണ്ടി ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അധികൃതര്‍ അവരുടെ പ്രാണരക്ഷാര്‍ത്ഥം ഓടിമാറിയതായും വസന്തകുമാരി പറയുന്നു. 1993 ല്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ വനിതാ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അവിടെ പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല.
നാഗര്‍കോവില്‍-തിരുവനന്തപുരം റൂട്ടിലായിരുന്നു സര്‍വീസ്. രാത്രി 10 മണിക്കായിരുന്നു ഷിഫ്റ്റ് അവസാനിച്ചിരുന്നത്. കുട്ടികളെ അയല്പക്കത്തുള്ളവരെ ഏല്‍പ്പിച്ചായിരുന്നു വസന്തകുമാരി ജോലിക്ക് പോയിരുന്നത്. ജോലി സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പല സ്ത്രീകളും ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചശേഷം ഓഫീസ് ജോലികളിലേക്ക് മാറുന്നതും അതുകൊണ്ടാണെന്നും അവര്‍ പറുന്നു.
എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് വസന്തകുമാരിയോട് പലരും ചോദിച്ചിട്ടുണ്ട്. അതിന് അവര്‍ നല്കുന്ന മറുപടി ഇതാണ്, എല്ലാത്തിലും ബുദ്ധിമുട്ടുണ്ട്, പക്ഷേ നമ്മള് അതെങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനമെന്ന്. 2017 ഏപ്രിലിലാണ് വസന്തകുമാരി ജോലിയില്‍ നിന്നും വിരമിക്കുക.
അതിനുശേഷം സ്ത്രീകള്‍ക്കായി ഒരു ഡ്രൈവിങ് സ്കൂള്‍ തുടങ്ങണമെന്നാണ് ആഗ്രഹം. കൂടാതെ കോളേജ് വാഹനത്തില്‍ ജോലി കിട്ടുന്നതിനും പ്രയാസമില്ലെന്നും ഇവര്‍ പറയുന്നു. കാര്യം എന്തൊക്കെയായാലും ഇനി ജീവിതത്തില്‍ നിന്നും ഡ്രൈവിങിനെ മാറ്റിനിര്‍ത്താന്‍ തത്കാലം വസന്തകുമാരി ഉദ്ദേശിക്കുന്നില്ല. ആ കൈകള്‍ വളയം പിടിക്കുകതന്നെ ചെയ്യും, എന്നും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: