കടുത്തവേനലില്‍ എന്തുവേണമെന്നറിയാതെ വലയുകയാണ് എല്ലാരും. വേനല്‍ക്കാലത്ത് ചൂടുമാത്രമല്ല വില്ലന്‍. വേനല്‍ക്കാല രോഗങ്ങളുടെ കാര്യത്തിലും കരുതല്‍ വേണം. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. വേനല്‍ക്കാല രോഗങ്ങളുടെ പ്രധാന കാരണം കുട്ടികളുടെ ഭക്ഷണം തന്നെയാണ്. ഭക്ഷണകാര്യത്തില്‍ ഒട്ടൊന്നു ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്തെ ആരോഗ്യസംരക്ഷണം എളുപ്പമാവും. കടുത്ത ചൂടില്‍ ഉരുകുന്ന ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണമാണ് കൂടുതല്‍ അഭികാമ്യം. വേനല്‍ക്കാലത്ത് ശരീരത്തിനേറ്റവും ആവശ്യം വെള്ളമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്ന വേനല്‍ക്കാലത്ത് സാധാരണയില്‍ കൂടുതല്‍ വെള്ളം കിട്ടാതെയാവുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് പോലുള്ള രോഗങ്ങള്‍ കുട്ടികള്‍ക്കുണ്ടാവുന്നത്. പൊതുവേ കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ ഇല്ലാര്യത്തില് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ഉപ്പിട്ട് കൊടുക്കുന്നതും ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ നല്ലവഴിയാണ്. അതല്ലെങ്കില്‍ ഒആര്‍എസ് ലായനി കലക്കി ഇടയ്ക്കിടക്ക് കുട്ടികള്‍ക്ക് നല്‍കുക.
അവധിക്കാലമായതിനാല്‍ പുറത്തൊക്കെ പോയി കറങ്ങുന്നതിനിടയില്‍ അതും ഇതും എല്ലാം വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണം.
സോഫ്റ്റ് ഡ്രിങ്ക്സ് പോലെയുള്ള പാനീയങ്ങള്‍ കുട്ടികള്‍ക്ക് വേനല്‍ക്കാലത്ത് നല്കാതിരിക്കുകയാണ് ഉത്തമം. പകരം പഴച്ചാറോ കരിക്കിന് വെള്ളമോ, സംഭാരമോ നല്‍കാം. ശരീരത്തെ തണുപ്പിക്കുന്ന പഴങ്ങളാണ് വേനല്‍ക്കാലത്ത് കഴിക്കേണ്ടത്. അതുപോലെ തന്നെ പച്ചക്കറികളും വേനല്‍ക്കാലത്ത് ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു. ആപ്രിക്കോട്ട്, ബട്ടര്‍ഫ്രൂട്ട്, ബ്ലൂബെറി, പഴം, തണ്ണിമത്തന്, പേരയ്ക്ക, ഓറഞ്ച്, പൈനാപ്പിള്‍, ചക്കപ്പഴം, പപ്പായ തുടങ്ങിയ പഴങ്ങള്‍ വേനല്‍ക്കാലത്തിന് അനുയോജ്യമാണ്. ശരീരത്തിനാവശ്യമായ തണുപ്പ് നല്കുന്നു എന്ന് മാത്രമല്ല ആപ്രിക്കോട്ട്, പപ്പായ തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിടിക്കുന്നത് കൊണ്ടുതന്നെ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുവാന്‍ സാധിക്കും. ബട്ടര്‍ ഫ്രൂട്ട്, ബ്ലൂബെറി, തണ്ണിമത്തന്, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിനുകളും, കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല ധാരാളം വെള്ളത്തിന്റെ അംശവുമുണ്ട്. പഴങ്ങള്‍ പോലെതന്നെ പച്ചക്കറികളും പ്രധാനമാണ്. വെള്ളരിക്ക, ക്യാരറ്റ്, റാഡിഷ്, ഫാവ ബീന്‍സ്, പടവലങ്ങ, പാവയ്ക്ക, തക്കാളി, ഇലക്കറികള്‍, വാഴപ്പിണ്ടി തുടങ്ങിയ പച്ചക്കറികളും വേനല്‍ക്കാലത്തിന് അനുയോജ്യമായ പച്ചക്കറികളാണ്. ഉരുളക്കിഴങ്ങും നല്ലതാണ്. ചെറുനാരങ്ങാ നീരില്‍ ഇഞ്ചിനീരും പഞ്ചസാരയും ചേര്‍ത്തു കുറുക്കി തണുപ്പിച്ചു സൂക്ഷിച്ചാല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. വെള്ളരിക്ക, പടവലങ്ങ, പാവയ്ക്ക, ചെറുകായ്കള്‍, തക്കാളി, ഇലക്കറികള്‍ തുടങ്ങിയവ ചേര്‍ത്ത പുലാവ് ഉച്ചയൂണിനു പകരമാക്കാം. കുമ്പളം, വെള്ളരി, കോവയ്ക്ക, വാഴപ്പിണ്ടി എന്നിവയും ധാരാളമായി ഉപയോഗിക്കണം. ഇടിച്ചുപിഴിഞ്ഞ് നീരെടുത്തോ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിപോലെയോ തോരനായോ സാലഡ് രൂപത്തിലോ ഇവ ഉപയോഗിക്കാം.
വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങള്‍ കഴിയുന്നതും വേനല്‍ക്കാലത്ത് ഒഴിവാക്കുക. ബിരിയാണി പോലെയുള്ള ദഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. ഫാസ്റ്റ്ഫുഡുകളും ഇതുപോലെ തന്നെ. മാത്രമല്ല വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ അസുഖമുണ്ടാവുന്നത് മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. വൃത്തിയുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുമായി ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടുപോകുന്നത് നന്നായിരിക്കും. വേനല്‍ക്കാലത്ത് ഭക്ഷണകാര്യങ്ങളിലും മറ്റും അല്പമൊന്ന് ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളുടെ അവധിക്കാലം ആഹ്ലാദകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: