പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മമത ബാനര്‍ജിയും തമ്മില്‍
അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ പാടെ നിരാകരിക്കുയാണ് രൂപ ഗാംഗുലി.
അത്തരത്തിലൊരു ചോദ്യം ഉയരേണ്ട ആവശ്യം തന്നെയില്ലെന്ന് അവര്‍ പറയുന്നു.
കാരണം മമതയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. കഴിഞ്ഞ
അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് ഭീകര ആധിപത്യമാണ് അവര്‍
കെട്ടഴിച്ചുവിട്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരമേറുമ്പോള്‍ ബംഗാള്‍ ജനത കരുതിയിരിക്കാം കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്കും മാറ്റവും എല്ലാം ഉണ്ടായേക്കാമെന്ന്. പക്ഷേ അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ബംഗാള്‍ ജനത. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ ഇഴഞ്ഞുനീങ്ങിയ ഭരണം. അതിക്രമങ്ങള്‍ക്കൊന്നും കുറവുമുണ്ടായിരുന്നില്ല. ഭരണമാറ്റം ഇവിടേയും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുകയാണ് അഭിനേത്രിയും ബിജെപിയിലെ തിളങ്ങുന്ന താരവുമായ രൂപാ ഗാംഗുലി. നടിയെന്ന നിലയില്‍ മാത്രമല്ല തികഞ്ഞ രാഷ്ട്രീയ ബോധവും രൂപയെ വ്യത്യസ്തയാക്കുന്നു.
പശ്ചിമ ബംഗാളില്‍ ബിജെപിയും മമത ബാനര്‍ജിയും തമ്മില്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ പാടെ നിരാകരിക്കുകയാണ് രൂപാ ഗാംഗുലി. അത്തരത്തിലൊരു ചോദ്യം ഉയരേണ്ട ആവശ്യം തന്നെയില്ലെന്ന് അവര്‍ പറയുന്നു. കാരണം മമതയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് ഭീകര ആധിപത്യമാണ് അവര്‍ കെട്ടഴിച്ചുവിട്ടിരിക്കുന്നത്.
”ഒരുവര്‍ഷം മുമ്പ് മുംബൈയില്‍ നിന്നും ബംഗാളിലേക്ക് വരുമ്പോള്‍ ഒരു അപകടത്തിന് ഞാന്‍ സാക്ഷിയായി. അപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ കിടന്ന് വേദനകൊണ്ട് പുളയുന്നു. ഞാന്‍ അയാളെ സഹായിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ കുറച്ച് ആണ്‍കുട്ടികള്‍ എനിക്ക് മുന്നറിയിപ്പു നല്കി. അവരെന്നെ ബഹുമാനത്തോടെ ദ്രൗപദിയെന്ന് വിളിച്ചുകൊണ്ടാണ് സംസാരിച്ചത്. ‘ദ്രൗപദിജി ഇത് താങ്കളുടെ ബംഗാള്‍ അല്ല എന്നാണവര്‍ പറഞ്ഞത്. അവിടെ താങ്കള്‍ ആരെയെങ്കിലും സഹായിച്ചാല്‍ അത് നിങ്ങള്‍ക്ക് ദോഷകരമാവില്ല. എന്നാലിവിടെ എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തുകയേയുള്ളു. ദയവുചെയ്ത് നിങ്ങള്‍ തിരിച്ചുപോകണം’. അവര്‍ പറഞ്ഞു. എനിക്ക് നിസ്സഹായത തോന്നി. മമതയുടെ കീഴില്‍ ബംഗാളില്‍ കാട്ടിലെ നയമാണ് നടപ്പാക്കുന്നത്. ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരുന്നു, പണ്ട്. എന്നാലിപ്പോള്‍ ഭാരതത്തില്‍ ബലാല്സംഗങ്ങള് കൂടുതല്‍ നടക്കുന്നത് ഇവിടെയാണ്”. രൂപ പറയുന്നു.
2014 ന് ശേഷം ബംഗാളില്‍ കരുത്തരായ രാഷ്ട്രീയ ശക്തിയായാണ് ബിജെപിയുടെ ഉദയം. എന്നാലിപ്പോള്‍ ആ പ്രതാപം നഷ്ടമായി എന്ന പ്രചാരണമൊന്നും വാസ്തവമല്ല. അടുത്തിടെ രണ്ട് നിയോജക മണ്ഡലങ്ങളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. അടുത്തിടെ കംദുനിയില്‍ നിന്നും കാക്ദ്വിപിലേക്ക് നടത്തിയ പത്ത് ദിവസം നീണ്ട പര്യടനത്തിനിടയില്‍ ജനങ്ങള്‍ അടുത്തെത്തി അവരുടെ പിന്തുണ അറിയിച്ചിരുന്നു. ദിവസവും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യാതനകളാണ് അന്ന് പങ്കുവച്ചത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ആഗ്രഹം മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബംഗാളിലെ നിരവധി ജനങ്ങളാണ് ഇവിടെ സ്ഥാപിക്കാനിരുന്ന ടാറ്റാ നാനോ പദ്ധതി ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്ന് ചിന്തിക്കുന്നത്. അതുകൊണ്ട് ബംഗാളിന് പ്രയോജനം ഉണ്ടാകുമായിരുന്നുവെന്ന് ഇവര്‍ കരുതുന്നു. മോദിക്ക് ഒരു കാഴ്ചപ്പാടുള്ളതുകൊണ്ടാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തയ്യാറായത്. ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. വളര്‍ച്ചയും വികസനവും ഉണ്ടാകണമെന്ന് അവര്‍ കരുതുന്നു. ബിജെപിയാണ് അവര്‍ക്ക് മുന്നിലുള്ള ഏക ബദലെന്നും രൂപാ ഗാംഗുലി.
”പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാ വിഷയങ്ങളിലും കടന്നാക്രമിക്കുകയെന്നത് ഇന്നൊരു ഫാഷനായി മാറിയിരിക്കുന്നു. ദേശീയത, വധശിക്ഷ, അസഹിഷ്ണുത ഇതുപോലെയുള്ള വിഷയങ്ങളാണ് ഇന്ന് എല്ലായിടത്തും ചര്‍ച്ച. സ്വച്ഛ് ഭാരത് മുതല്‍ മേക് ഇന്‍ ഇന്ത്യ വരെയുള്ള എല്ലാകാര്യങ്ങളേയും പരിഹസിക്കുന്നത് എന്നില്‍ വിസ്മയമാണ് ഉളവാക്കുന്നത്. എന്താണ് അവര്‍ യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഭീകരവാദത്തിനെതിരെ പ്രവര്ത്തിക്കാതിരിക്കുകയാണോ വേണ്ടത്”-രൂപ ചോദിക്കുന്നു.
രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ട് രൂപ ഗാംഗുലിക്ക്. കലാകാരിയാകുന്നതിന് മുമ്പ് ധനപരമായി വളരെ കഷ്ടിച്ചേ മറ്റുള്ളവരെ സഹായിക്കാന്‍ സാധിച്ചിരുന്നുള്ളു. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി സ്ത്രീകളെ ഏറ്റെടുത്ത് അവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു. ഭക്ഷണവും വസ്ത്രവും നല്കി. ദാരിദ്ര്യം എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കിയ വ്യക്തിയാണ് രൂപ. അതുകൊണ്ടൊക്കെത്തന്നെ മറ്റുള്ളവരുടെ വിഷമതകളും തനിക്ക് മനസ്സിലാകുമെന്നും രൂപ പറയുന്നു. സമൂഹത്തിന് നല്ലത് ചെയ്യുവാനുള്ള അവസരം രാഷ്ട്രീയത്തിലൂടെ ലഭിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാര്‍ട്ടിയിലേക്ക് ക്ഷണം കിട്ടിയത്. മഹാഭാരതത്തില്‍ കൂടെ അഭിനയിച്ച നിരവധി താരങ്ങള്‍ അന്നേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വാജ്പേയിയുടെ ആരാധികയായിരുന്നു താനെന്നും രൂപ പറയുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ജോലിചെയ്യുന്ന ശൈലിയുമെല്ലാം ഏറെ ആകര്‍ഷിച്ചു. ഇപ്പോഴുള്ള ബിജെപി നേതൃത്വത്തിലും മതിപ്പാണുള്ളത്. റിക്ഷ ഓടിക്കുന്നവര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് തുറന്നു നല്കിയ മോദി സര്‍ക്കാരിന്റെ നടപടിയാണ് പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിച്ച ആദ്യ ഘടകമെന്നും രൂപ ഗാംഗുലി പറയുന്നു.
കടപ്പാട്: ഔട്ട്ലുക്ക് വാരിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: