ഒരുവശത്ത് ദേശസ്നേഹത്തിന്റെ അലയടികള്‍, മറുവശത്ത് കൊടുങ്കാറ്റായുയരുന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. മുമ്പെങ്ങും ഇല്ലാത്ത വിധം രാജ്യത്തെ തകര്‍ക്കാന്‍ ഉള്ളില്‍ നിന്നുതന്നെ ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഒരു രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയും ആഭ്യന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയെന്നതാണല്ലോ?.രാജ്യസ്നേഹത്തിന് പുതുനിര്‍വചനം നല്കുന്നു, ‘തലതിരിഞ്ഞ’ ഭാവി വാഗ്ദാനങ്ങള്‍.
നമ്മുടെ രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കാന്‍ പ്രയത്നിക്കുന്ന കേന്ദ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കാന്‍ രാഷ്ട്രീയ വൈരികള്‍ മറുഭാഗത്ത്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍ നിന്നും ഒരുവള്‍ ധീരതയോടെ പറഞ്ഞിരിക്കുന്നു തന്റെ മകളെ സൈന്യത്തില്‍ ചേര്‍ക്കുമെന്ന്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് ആ മാതൃഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍ക്ക് അത്രമാത്രം തീക്ഷ്ണതയുണ്ട്. കാരണം ഇതുപറയുന്നത് ഒരു സൈനികന്റെ ഭാര്യയാണ്.
സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന് ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവിയാണ് ആ ധീരയായ അമ്മ. ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയിലും അവരുടെ രാജ്യസ്നേഹം ജ്വലിക്കുകയാണിവിടെ. അച്ഛന്റെ സ്നേഹ വാത്സല്യങ്ങള്‍ ആവോളം ആസ്വദിക്കാന്‍ ഭാഗ്യം കിട്ടാതെപോയ മകള്‍ നേത്രയെ നെഞ്ചോടുചേര്‍ത്താണ്, ആ അച്ഛനുവേണ്ടി മകള്‍ക്കു നല്കാവുന്ന ശരിയായ ശ്രദ്ധാജ്ഞലിയും ഇതുതന്നെയാണെന്ന് മഹാദേവി പറയുന്നത്.
യുവാക്കള്‍ രാഷ്ട്രത്തിനുവേണ്ടി ജീവന് ത്യജിക്കാന്‍ സന്നദ്ധരാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് മഹാദേവി. പോലീസ് സേനയിലേക്ക് സെലക്ഷന് കിട്ടിയെങ്കിലും സൈന്യത്തില്‍ ചേര്‍ന്ന ഭര്‍ത്താവ് ഹനുമന്തപ്പയുടെ തീരുമാനത്തില്‍ ഒരിക്കലും മഹാദേവി ദുഃഖിതയായിട്ടില്ല. രാജ്യത്തിനുള്ളില്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിലുള്ള വേദനയും അവരുടെ വാക്കുകളിലുണ്ട്. ഭാരതത്തിലാണ് നാം ജനിച്ചതെന്നും ജീവിക്കാന്‍ ഇടം നല്കിയതും ഭാരതമാതാവാണെന്നും അതിനെ നാം ദുരുപയോഗം ചെയ്യരുതെന്നും മഹാദേവി പറയുന്നു.
തനിക്ക് ഒരു മകനില്ല, എന്നാല്‍ തനിക്ക് സ്നേഹമയിയായ ഒരു മകളുണ്ട്. അവളെ രാജ്യാഭിമാനമുള്ളവളാക്കി വളര്‍ത്താനാണ് ആഗ്രഹം. വളരുമ്പോള്‍ അവളെ ഭാരത സൈന്യത്തില്‍ ചേര്‍ക്കും. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഭര്‍ത്താവിനേയും രാജ്യത്തേയും സ്നേഹിക്കുന്ന മഹാദേവിക്ക് പറയാനാവുക. നാഗ്പൂരില്‍ എബിവിപിയും യുവജാഗരണ്‍ മഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച ഹനുമന്തപ്പ അനുസ്മരണ പരിപാടിയിലാണ് മഹാദേവി തന്റെ മനസ്സ് വെളിപ്പെടുത്തിയത്. ഇവരെപ്പോലുള്ള ധീരമാതാക്കള്‍ ഉള്ളപ്പോള്‍ ഭാരതം ഒരിക്കലും മരിക്കില്ല എന്ന് നിശ്ചയദാര്‍ഢ്യത്തോടെതന്നെ നമുക്ക് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: