വൈകല്യം മറികടന്ന് ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാനാകുക ദൈവാനുഗ്രഹമുണ്ടെങ്കില് മാത്രമേ അത് സാധിക്കൂ. അത്തരത്തില്‍ ദൈവത്തിന്റെ അനുഗ്രഹം നേടിയ കലാകാരികളില്‍ ഒരാളാണ് വി.ആര്.വന്ദന. ഒരു കാല് മാത്രമുള്ള വന്ദന അതുകൊണ്ടുതന്നെ മറ്റുകുട്ടികളെപ്പോലെ നൃത്തം ചെയ്യുന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നു വിശ്വസിക്കുന്നു.
തിരുവനന്തപുരം പേരൂര്‍ക്കട ജയ്നഗറില്‍ താമസിക്കുന്ന വന്ദന, രവീന്ദ്രന്റെയും വത്സലയുടെയും ഏകമകളാണ്. ആറാം വയസില്‍ അമ്മാവന്റെ കുട്ടികള്‍ നൃത്തം ചെയ്യുന്നതുകണ്ടപ്പോള്‍ തോന്നിയ ആഗ്രഹമാണ് ഇന്ന് വന്ദനയെ രാജ്യാന്തര ശ്രദ്ധനേടിയ നര്‍ത്തകിയാക്കിയത്. ആറാം വയസ്സില്‍ രാധിക ടീച്ചറില്‍ നിന്ന് നൃത്തപഠനം തുടങ്ങി. എങ്കിലും അദ്ധ്യാപികയ്ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം കുറവായിരുന്നു. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് നൃത്തത്തിന്റെ ബാലപാഠങ്ങള്‍ ഒന്നൊന്നായി പഠിച്ചു മുന്നേറുകയായിരുന്നു. മറ്റ് കുട്ടികളുടെ നൃത്തച്ചുവടുകള്‍ കണ്ട് ആസ്വദിച്ചിരുന്ന തനിക്ക് നൃത്തത്തിന്റെ ബാലപാഠങ്ങള്‍ വേഗം ഹൃദിസ്ഥമാക്കാനായെന്ന് വന്ദന പറയുന്നു.
അരങ്ങേറ്റം കഴിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും ഏറെ പ്രോത്സാഹിപ്പിച്ചത് നൃത്തം തുടരാന്‍ പ്രചോദനമായി. അസാദ്ധ്യമെന്നുകരുതിയത് സാദ്ധ്യമായിതിന്റെ ആഹഌദത്തിലാണ് മാതാപിതാക്കള്‍. നൃത്തം മാത്രമല്ല സംഗീതവും അഭ്യസിച്ചിട്ടുള്ള വന്ദന സ്കൂള്‍ തലത്തില്‍ മത്സരിച്ച് സമ്മാനങ്ങള്വാരിക്കൂട്ടിയിട്ടുണ്ട്. മുദ്രകളും സപ്തസ്വരങ്ങളും നിറഞ്ഞ ലോകമായി വന്ദനയുടെ ലോകം മാറാന്‍ അധികകാലം വേണ്ടിവന്നില്ല.തങ്ങളുടെ ഏക മകളുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരിശ്രമിക്കുകയാണ് കൂലിപ്പണിക്കാരനായ പിതാവ്.
നേമം സന്തോഷ് എന്ന നൃത്താദ്ധ്യാപകനാണ് വന്ദനയുടെ കഴിവുകള്‍ മനസിലാക്കിയത്. മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്തമായി പരിശീലനം നല്കാന് സന്തോഷ് പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനാല്‍ തന്നെ നൃത്തച്ചുവടുകള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ചെയ്യാനുമാകുന്നു എന്നത് അത്ഭുതകരമാണ്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. അതോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ വേദികളില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചു. കൂടാതെ ഗള്‍ഫ് രാജ്യങ്ങളായ മസ്ക്കറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. മധുരയില്‍ ഒരു കോളേജില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു മുന്നില്‍ നൃത്തം ചെയ്തത് വലിയ ഭാഗ്യമായി വന്ദന കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നില്‍ നൃത്തം ചെയ്യണം എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്നും വന്ദന.
സര്‍ക്കാരില്‍ നിന്ന് വികലാംഗ പെന്ഷന് ലഭിക്കുന്നുണ്ട്. കൂടാതെ ഈ അടുത്തിടെ മുച്ചക്രവാഹനം ലഭിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസം വന്നു. ഇനി ഒരു തൊഴില്‍ തേടണം. അതോടൊപ്പം നൃത്തവും ഒപ്പം കൊണ്ടുപോകണം. കൊല്ലൂര്‍ മൂകാംബികയിലും വിവിധ ക്ഷേത്രങ്ങളിലും ലയണ്‍സ് ക്ലബ്ബ് പോലുള്ള ക്ലബ്ബുകളുടെ യോഗങ്ങളിലും നൃത്തം ചെയ്യാനായി. ഭിന്നശേഷിയുള്ള കുട്ടികളില്‍ മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ദേശീയ ബാലതരംഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. സൂര്യാ ഫെസ്റ്റിവലിലും വിവിധ റിയാലിറ്റി ഷോകളിലും പങ്കെടുത്ത് സ്പെഷ്യല്‍ റിയാലിറ്റി ഡാന്‍സര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: