പാലക്കാട്: അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ വേര്തിരിച്ചുനല്കാത്തവര്ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. ഇത്തരക്കാരില്‍ നിന്നു തല്‍സമയ പിഴയായി 250 രൂപ ഈടാക്കും. പിന്നിട് മാലിന്യം ശേഖരിക്കുകയുമില്ല. ഇതിനായി ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്തിരിച്ചുനല്കാത്തവരുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിറ്റുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് വിവരങ്ങള്‍ നല്‍കേണ്ടത്. നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പരാതി ശരിയാണെന്നു കണ്ടെത്തിയാല്‍ ഉടനടി പിഴ നോട്ടീസ് നല്‍കും. ഇതോടൊപ്പം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. വീടുകള്‍ക്കും ഇതു ബാധകമാണ്. അഴുകുന്ന മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിക്കണമെന്നാണു നഗരസഭയുടെ നിലപാട്. ഘട്ടം ഘട്ടമായി ഈ നിര്‍ദേശം കര്‍ശനമാക്കും. ഇതുമായി ബന്ധപ്പെട്ടു നടന്ന ശുചീകരണത്തൊഴിലാളികളുടെ യോഗത്തില്‍ ചെയര്‍പഴ്സന്‍ പ്രമീളാ ശശിധരന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: