പാലക്കാട്: സംസ്ഥാനത്ത് ഓപ്പറേഷന് കുബേര പ്രഹസനമായതോടെ ഒരിടവേളക്കുശേഷം വീണ്ടും പാലക്കാടന്‍ ഗ്രാമങ്ങള്‍ വട്ടിപ്പലിശക്കാരുടെ സങ്കേതങ്ങളാകുന്നു. റിസര്‍വ് ബാങ്കിന്റെ നിയമാവലികളോ മണിലെന്റിംഗ് ആക്ടിന്റെ മാനദണ്ഡങ്ങളോ പാലിക്കാതെ ഗുണ്ടായിസവും പിടിച്ചുപറിയുമായി ബ്ലേഡുമാഫിയകള്‍ വീണ്ടും അരങ്ങു വാഴുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട്ടും അയല്‍ജില്ലകളിലും ഓപ്പറേഷന് കുബേരയുടെ പേരില്‍ പോലീസിന്റെ നിരീക്ഷണങ്ങളില്പെട്ട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വമ്പന്‍ സ്രാവുകള്‍ പിടിക്കപ്പെട്ടപ്പോള്‍ നാട്ടിന്‍പുറങ്ങളിലും ചേരികളിലും ഇടപാടുകള്‍ നടത്തുന്ന ചെറുസംഘങ്ങളെ ശ്രദ്ധിക്കപ്പെടാതെ പോയി. തമിഴ്നാട്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ വട്ടിപ്പലിശക്കാര്‍ക്ക് സര്‍ക്കാര്‍ കര്ശനനിയന്ത്രണമേര്പ്പെടുത്തിയതോടെ ഇവര്‍ കേരളത്തില്‍ സജീവസാന്നിധ്യമുറപ്പിക്കുകയായിരുന്നു. കന്തുവട്ടി, അണ്ണാച്ചി എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന ഇവര്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് എത്താറുള്ളത്. 1000രൂപക്ക് 50-75രൂപയോളം എഴുത്തുകൂലിയിനത്തില് ഈടാക്കാറുണ്ട്. 125-130 വീതം 10 ആഴ്ചകളില്‍ തിരിച്ചടക്കുന്നതാണ് രീതി. തുടക്കത്തില്‍ കൈനീട്ടമായി 1000 കൊടുക്കുന്ന ഇവര്‍ തിരിച്ചടവിന്റെ സ്വഭാവംപോലെയാണ് കൂടുതല്‍ സംഖ്യ കൊടുക്കുന്നത്. ഇത് 10000 രൂപവരെയാവാം. കന്നിയടവ് മുടക്കം വരുത്തുന്നവരെയും കാലാവധി കഴിഞ്ഞും പണം മുഴുമിപ്പിക്കാത്തവരെയുമെല്ലാം ഇവര്‍ നെഗറ്റീവ് ലിസ്റ്റിലാക്കുന്നു. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കാലാവധിക്ക് മുന്നെ തട്ടിക്കിഴിച്ച് കൂടുതല്‍ പണം കൊടുക്കുന്നതും മറ്റൊരു സ്കീമാണ്. കല്യാണം, വിദ്യാഭ്യാസം, ഗൃഹപ്രവേശം, സ്കൂള്‍ സീസണ് എന്നീ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പണം കുറഞ്ഞ കാലാവധിക്ക് കൂടുതല്‍ പലിശക്ക് നല്‍കുന്നവരുമുണ്ട്. ദിണ്ഡിക്കല്‍, പൊള്ളാച്ചി, പഴനി, തിരുപ്പൂര്‍ സ്വദേശികളായ ഇവര്‍ ഇടപാടുകാര്‍ക്ക് മധുരപലഹാരം, കോടിമുണ്ടുകള്‍ എന്നിവ കൊടുത്ത് പ്രീതിപ്പെടുത്താറുണ്ട്. തിരിച്ചുവരുന്നതുവരെ ഇടപാടുകാര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്. കോളനികളില്‍ രാവിലെ 7നും 12നും ഇടക്ക് എത്തുന്ന സംഘങ്ങള്‍ ഓരോ ഏരിയയില്‍ ഒരു വീടിനെ കളക്ഷന്‍ സെന്ററായി നിയമിക്കുകയും ഇവരെത്തുന്ന സമയത്ത് മറ്റുള്ളവരെല്ലാം വന്ന് ഇടപാടുകള്‍ നടത്തുകയുമാണ് പതിവ്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാകട്ടെ ചെറിയ ചായക്കടകളും ഇവരുടെ താവളമാണ്. കല്‍മണ്ഡപം, കുന്നത്തൂര്‍മേട്, യാക്കര, ശെല്‍വപാളയം, മലമ്പുഴ, പുതുപ്പരിയാരം, പൂടൂര്‍, നരികുത്തി, പിരായിരി, പുതുശ്ശേരി, കഞ്ചിക്കോട് എന്നിവിടങ്ങളിലും ഇവര്‍ക്ക് ഇടപാട് കേന്ദ്രങ്ങളുണ്ട്. കല്‍മണ്ഡപം – പ്രതിഭാനഗര്‍ നെഹ്റുകോളനി ഭാഗത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേക്കേറിയ ഇവര്‍ക്ക് ഈ ഭാഗത്തുതന്നെ സ്വന്തം വീടും കാറും പുറമെ വീടുകള്‍ വാടകക്ക് കൊടുത്തവരുമുണ്ട്. സ്വന്തമായി റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്ഡ്എന്നിവക്കു പുറമെ കേരളത്തില്‍ ആധാര്‍ കാര്ഡെടുത്തവരും ഇക്കൂട്ടത്തില്‍പ്പെടും. ചേരികളില്‍ താമസിക്കുന്നവരും കൂലിപ്പണിക്കാരുമാണ് ഇവരുടെ ഇരകള്‍. പണത്തിനുപുറമെ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കാര്യമായ മുറവിളികളും ഭീഷണിയുമില്ലാതെ സ്നേഹവായ്പോടെ തിരിച്ചുപിടിക്കുന്നതിനാല്‍ ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുന്നില്ല. ഇതുകൂടാതെ ദിവസ അടവിനു കൊടുക്കുന്നവര്‍ 100 ദിവസ (മൂന്നരമാസം) ത്തിനുള്ളില്‍ തിരിച്ചുപിടിക്കുന്നു. ഇതിന്റെ പലിശ 20%മാണ്. ഇതിനുപുറമെ സ്പോട്ട് (10 ദിവസം), മീറ്റര്‍ (7 ദിവസം), ബ്ലോക്ക് ( ഒരു മാസം) രീതിയിലും കൊടുക്കന്നവരേറെ. ബസ്റ്റാന്റുകളിലും മാര്‍ക്കറ്റുകളിലും വഴിവാണിഭക്കാര്‍ക്കും ഉന്തുവണ്ടിക്കാര്‍ക്കും രാവിലെ കൊടുത്ത് വൈകീട്ട് തിരിച്ചുപിടിക്കുന്ന കട്ടര്‍ ഭീമനും സജീവമാണ്. ഇതിന്റെയും പലിശ പത്തു മുതല്‍ 15 ശതമാനം വരെയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ലോഡിംഗ് തൊഴിലാളികളും മാര്‍ക്കറ്റിലെ ചില ശിങ്കിടികളുമൊക്കെയാണ് എന്നതാണ് വാസ്തവം. ബ്ലേഡുമാഫിയകളുടെ ക്രൂരതയില്‍ വീടും കിടപ്പാടവും ജീവന് വരെ നഷ്ടപ്പെടുമ്പോള്‍ പല വമ്പന്മാരും ഇന്നും അധികൃതരുടെ കണ്ണില്‍പെടാതെ കര പറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: