പാലക്കാട്: മഴയാണെങ്കില്‍ പെരുമഴ,വെയിലാണെങ്കില്‍ പെരുംവെയില്‍.ഇതാണ് പാലക്കാട്.സംസ്ഥാനത്ത് ഏറ്റവുമധികം ചൂടുകൂടിയ ജില്ല. കാലം തെറ്റിയ കാലാവസ്ഥയില്‍ ജില്ല ഉരുകുകയാണ്. ചൂടിന്റെ തോത് കുത്തനെ ഉയര്‍ന്ന് 40 ഡിഗ്രിയോളമെത്തി. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.
പാലക്കാട്ടുകാര്‍ ഒരുപരിധിവരെയുള്ള ചൂടൊക്കെ സഹിക്കുമായിരുന്നു എന്നാലിപ്പോഴത്തെ ചൂട് സഹനശേഷിക്കുമപ്പുറമാണ്. കാരണം കുംഭപിറവിയില് തന്നെ കനത്ത ചൂടാണ് അനുഭപ്പെടുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ചൂട് കനക്കുക. ചൂട് കൂടിയതോടെ സൂര്യാഘാതത്തിനു സാധ്യതയേറെയാണ്. ജില്ലയില്‍ പലസ്ഥലത്തും വ്യത്യസ്തതാപനിലയാണ്.
പാറക്കെട്ടുകളുടെയും മലകളുടെയും സാന്നിദ്ധ്യമുള്ള മേഖലകളില്‍ മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ചൂടനുഭവപ്പെടുന്നു.അതേ സ്വാഭാവഘടനയാണ് നഗരത്തിലേതും. കൂടാതെ വേനല്‍ക്കാല രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ചിക്കന്‍പോക്സും മഞ്ഞപിത്തവും ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ക്രമാധീതമായി ഉയര്‍ന്നു. ശരീരത്തില്‍ ജലാംശം കുറയുന്നതും ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രോഗത്തിന് അനുകൂലമാണ്. വേനല്‍ ശക്തമായതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. കുടിവെള്ളം ശുദ്ധമല്ലാത്തതും ഇതില്‍ മാലിന്യം കലരുന്നതും പനി, ഛര്‍ദി, വയറിളക്കംപോലുള്ള രോഗങ്ങള്‍ വരുത്തുന്നതുമായ രോഗാണുക്കള്‍ വെള്ളത്തില്‍ കലരുന്നതിനും കാരണമാകും.
വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ അറിയിപ്പുകള് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിനു തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദേശം.
ജലാംശം അധികമുള്ള പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നതിനും നിര്‍ദേശമുണ്ട്. വേനല്‍ക്കാലത്ത് മദ്യം വര്‍ജിക്കണമെന്നും നിര്‍ജലീകരണത്തിന് മദ്യം കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്. ചിക്കന്‍പോക്സ് പിടിപെട്ടവര്‍ക്ക് ജലാംശം കൂടുതലുള്ള ഭക്ഷണമാണ് ശിപാര്‍ശ ചെയ്യുന്നത്. വേനല്‍ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്തു.
വെള്ളം തിളപ്പിച്ചാറ്റിയശേഷം മാത്രമേ ഉപയോഗിക്കാവൂവെന്നാണ് ആരോഗ്യവകുപ്പ് പകല്‍ 12നും മൂന്നിനും ഇടയക്ക് പുഴയോരത്തിരിക്കുന്നതും അമിതമായി വെയിലേല്‍ക്കുന്നതും സൂര്യഘാതമേല്ക്കാന് കാരണമാകും.
കത്തുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വെന്തുരുകുകയാണ്. വേനല്‍ചൂട് കനത്തതോടെ പാല് ഉത്പാദനത്തിലും പകുതിയോളം കുറവു വന്നു, കന്നുകാലി സമ്പത്ത് ഏറെയുള്ള ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പാല് ഉത്പാദനത്തില്‍ കുറവു വന്നതായി ക്ഷീരകര്‍ഷകര്‍ പറയുന്നു. കന്നുകാലികള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുയായ പുല്ലും കരിഞ്ഞുണങ്ങി. വേണ്ടത്രവെള്ളം കിട്ടാത്തതിനാല്‍ ശരീരത്തില്‍ അമ്ലാംശം കൂടി പശുക്കള്‍ക്ക് വയറിളക്കം പിടിപെടാനും സാധ്യതയുണ്ട്. പാലിനു നിറവ്യത്യാസം കണ്ടാല്‍ തൊട്ടടുത്തുള്ള മൃഗഡോക്ടറുടെ സേവനം തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കനത്തതോടെ ജില്ലയിലെ ഡാമുകളിലെയും കുളങ്ങളിലെയും മത്സ്യോത്പ്പാദനത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കു നീങ്ങുകയാണ്. പുഴകളും, കുളങ്ങളും, കിണറുകളുമൊക്കെ വറ്റിയിരിക്കുകയാണ്.കിഴക്കന്‍മേഖലയില്‍ ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിക്കുന്നത്. കുളങ്ങള്‍ നികത്തരുതെന്ന് കടലാസില്‍ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: