കാസര്‍കോട്: 17 ാം വയസ്സിലേക്ക് കാലെടുത്ത് വെയ്ക്കുന്ന കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന് ഇപ്പോഴും ഇപ്പോവും പറയാനുള്ളത് അവഗണനയുടെ കഥകള്‍ മാത്രം. 80 കി.മീറ്റര്‍ പരിധിയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, കളനാട്, ബേക്കല്‍ ഫോര്‍ട്ട്, കോട്ടിക്കുളം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ കേസുകളാണിവിടെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ഈ ആര്.പി.എഫ് സ്റ്റേഷനിലാവട്ടെ അഞ്ച് സിവില്‍ പോലീസും ഒരു എസ്.ഐയും മാത്രമാണുള്ളത്. മൂന്നുപേര്‍ മാത്രമാണ് ഒരു സമയത്ത് ഡ്യൂട്ടിയിലുണ്ടാകുന്നത്. ജില്ലയിലെ ഏക ആര്.പി.എഫ് സ്റ്റേഷനിലെ വിരലിലെണ്ണാവുന്ന ഈ ജീവനക്കാരാവട്ടെ തുടര്‍ച്ചയായി രണ്ടുംമൂന്നും ദിവസം ജോലിയെടുത്ത് ക്ഷീണിക്കുകയാണ്. പത്തുപേരുടെ അംഗബലം വേണ്ടിടത്താണ് അഞ്ചുപേരുമായി സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനോട് ചേര്‍ന്ന് സംസ്ഥാന പോലീസിന്റെ സ്റ്റേഷനുണ്ട്. അവിടെ 13 സിവില്‍ ഓഫിസര്‍മാരും എസ്.ഐ ഉള്‍പ്പെടെ നാല് പോലീസ് ഓഫിസറുമാണുള്ളത്. 25 സിവില്‍ പോലീസ് ഓഫിസര്‍ വേണ്ടിടത്താണ് 12 വര്‍ഷമായി 13 പേര് ജോലി ചെയ്യുന്നത്.
കാസര്‍കോട് ജില്ല രൂപവത്കൃതമായതു മുതല്‍ കണ്ണൂര്‍ ആര്.പി.എഫ് സ്റ്റേഷന്റെ ഔട്ട്പോസ്റ്റായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു കാസര്‍കോട് സ്റ്റേഷന്. നിരന്തരം ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 1999 ലാണ് സ്വതന്ത്ര സ്റ്റേഷനായി ഉയര്‍ത്തിയത്. മുമ്പ് ദിവസവും എട്ടോ ഒമ്പതോ ട്രെയിന്‍ പോയിക്കൊണ്ടിരുന്ന പാതയില്‍ ഇപ്പോള്‍ 30ലേറെ ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളെ കണ്ണൂര്‍, തലശ്ശേരി കോടതികളിലാണ് ഹാജരാക്കേണ്ടത്. കാഞ്ഞങ്ങാട്ടാണ് ഏറ്റവും കൂടുതല്‍ കേസ് നടക്കുന്നത്. അവിടെ എയ്ഡ് പോസ്റ്റിനുവേണ്ടി നടത്തുന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ കേസുകള്‍ പ്രാദേശിക പോലീസിനെയാണ് ഏല്പിക്കുന്നത്. ജീവനക്കാരുടെ അഭാവവും എത്തിച്ചേരാനുള്ള ദൂരവും റെയില്‍വേ പോലീസിന് പല കേസുകളുടെയും തുടരന്വേഷണത്തില്‍ വളരെ ബുദ്ധിമുട്ടുകളാണ് വരുത്തിവെക്കുന്നത്.
കാസര്‍കോട് എംപി വേണ്ടത്ര ശ്രദ്ധ പതിപ്പിച്ച് പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാത്തതിനാലുമാണ് റെയില്‍വേ പോലീസ് സ്റ്റേഷന് ഇപ്പോഴും ശൈശവ ദശയില്‍ തന്നെ നില്ക്കുന്നതെന്ന ആക്ഷേപം വ്യാപകമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: