ഭഗവാന് ശ്രീ മഹാദേവന്റെ കേശാലങ്കാരമായി പരിലസിക്കുന്നു ചന്ദ്രന്. പ്രതിബന്ധങ്ങളുടെ ശിവജടകള്ക്കും മേലേ, പുഞ്ചിരിയുടെ ചന്ദനക്കുളിരുമായി വരുന്ന നിറനിലാവിനിവിടെ ഏഴഴകാണ്. നന്മയുടേയും സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും സൂര്യശോഭയുണ്ടതിന്. ഇരുളില്‍ത്തെളിഞ്ഞ ഈ കൈത്തിരിക്ക് മാറ്റളക്കാനാകാത്ത തെളിച്ചമാണ്. അത് നറുനെയ്യില്‍ പ്രകാശിക്കുന്നതും സുഗന്ധവാഹിയുമാണെങ്കിലോ? അതിരുകളില്ലാത്ത ഭക്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും നിലാക്കുളിരൂര്ന്നു വീണ ഇടവഴിയിലൂടെയാണ് ആനേശ്വരം ശിവക്ഷേത്രക്ഷേമസമിതിയും, അതിന്റെ രക്ഷാധികാരി ‘കരീംക്ക’ എന്നറിയപ്പെടുന്ന അബ്ദുള്‍കരീമും സഞ്ചരിക്കുന്നത്.
ചെമ്മാപ്പിള്ളിയെന്ന തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള, ഒരു കൊച്ചു ഗ്രാമം ഇന്ന് കേരളം മുഴുവനും അറിയപ്പെടുന്നത് മഹത്തായൊരു സന്ദേശം നാടിനു നല്‍കിയൊരിടം എന്ന നിലയ്ക്കാണ്. അബ്ദുള്‍കരീമെന്ന അഞ്ചുനേരവും നിസ്കരിക്കുന്ന, തന്റെ മതവിശ്വാസത്തില്‍ മുറുകെപ്പിടിക്കുമ്പോഴും, താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ‘സക്കാത്തിന്റെ പുണ്യം’ തന്നെ കിട്ടുമെന്ന് ഉറപ്പിച്ചു പറയുന്ന ഒരു സാധാരണ മുസല്‍മാനെ, അസാധാരണക്കാരനാക്കി മാറ്റാന്‍ വെള്ളവും വളവും വെളിച്ചവും തേജസ്സും ഓജസ്സുമെല്ലാം നല്കിയ പ്രദേശമെന്ന നിലയ്ക്കാണ്.
1957 മുതല്‍ ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തിനു സമീപമാണ് കരീമിന്റെയും കുടുംബത്തിന്റെയും താമസം. പിതാവ് തിരുത്തിക്കാട്ടില്‍ ഉസ്മാന് സിലോണില്‍ ജോലിചെയ്ത് സമ്പാദിച്ച തുകകൊണ്ട് വാങ്ങിച്ച ഭൂമി. ഇവിടം നാമാവശേഷമായിപ്പോയ ഒരു മനയുടെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നിടമായതിനാലും, ഹിന്ദുക്ഷേത്രത്തിന്റെ അരികത്തുള്ള ഭൂമിയായതിനാലും ഒരുകാരണവശാലും ഒരു മുസല്മാന് ഇവിടം വാസയോഗ്യമാകില്ലെന്ന് പ്രഖ്യാപിച്ച് ഭയപ്പെടുത്തിയവരുടെ മുന്നില്‍ത്തന്നെ കാലത്തിനൊപ്പം കരീമും വീട്ടുകാരും വളര്‍ന്നു. അതുവരെയുണ്ടായിരുന്ന എല്ലാ പരാധീനതകളും വഴിമാറി, ശാരീരികവും മാനസികവും സാമ്പത്തികമായും ഔന്നത്യം നേടി.
തന്റെ പ്രഭാതങ്ങളെ കിളികളുടെ കളകൂജനത്തിനൊപ്പം സമ്പന്നമാക്കിയിരുന്ന ആനേശ്വരത്തെ മണിനാദം വിടാതെ കരീമിനെ പിടികൂടിയിരിക്കാം. അല്ലെങ്കില്‍ തന്റെ വീട്ടുമുറ്റത്തെ ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം എല്ലാവരും അറിയണമെങ്കില്‍ ഇതിനു ചുറ്റുമുള്ള കാടും പടലും നീങ്ങി വികസനത്തിന്റെ സൂര്യപ്രകാശം ഇവിടെ ഒളിമങ്ങാതെ നില്‍ക്കണമെന്നും ഇദ്ദേഹം കരുതിയിട്ടുണ്ടാകാം. കടലിനക്കരെയുള്ള തന്റെ പ്രവാസജീവിതത്തിനിടയില്‍, വീണുകിട്ടുന്ന ഇടവേളകളില്‍ നാട്ടിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയില്‍, അറിയാതെയെങ്കിലും വിധിവശാല്‍ ലഭിച്ച ശിവക്ഷേത്രപ്രദക്ഷിണപുണ്യം അതിന്റെ കരുത്തുകാട്ടിയതുമാകാം.
1980 കളുടെ അവസാനപാതിയില്‍ ആണ് രാഷ്ട്രീയമെന്നാല്‍ അധികാരക്കളികള്ക്കുമപ്പുറം ജനിച്ചു വളര്‍ന്ന നാടിനെ സംബന്ധിക്കുന്നതാണെന്നും നാടിനെ നന്നാക്കുവാന്‍ ചെയ്യേണ്ടുന്ന ഏറ്റവും ചെറിയ കാര്യം സ്വയം നന്നാകുന്നതാണെന്ന ലളിതമായ ആഹ്വാനവുമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ചെമ്മാപ്പിള്ളിയില്‍ ആരംഭിക്കുന്നത്. മരത്തേഴത്ത് സുബ്രഹ്മണ്യനെന്ന വ്യക്തിയുടെ കാര്യകര്ത്തൃത്വത്തിലാണ് ശാഖ തുടങ്ങിയത്. ഇദ്ദേഹം പിന്നീട് കരീമിന് സഹായിയും മാര്‍ഗദര്‍ശിയുമായി.
മഴക്കാലത്ത് നനയാതെ നിന്ന് പ്രാര്‍ത്ഥന ചൊല്ലാനും വെള്ളത്തില്‍ നിന്നും മാറിനിന്ന് യോഗ ചെയ്യാനുമുള്ള സ്ഥലത്തിനായുള്ള സുബ്രഹ്മണ്യന്റെ അന്വേഷണം ആനേശ്വരം ക്ഷേത്രമുറ്റത്ത് ചെന്നെത്തിയത് കേവലം യാദൃച്ഛികമായിരുന്നില്ല. അത് ആനേശ്വരത്തപ്പന്റെ നിയോഗം തന്നെയായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വായിച്ചും കേട്ടും മാത്രം അറിവുള്ള കേശവമാധവസംഗമം പോലെ.
സ്വച്ഛമായൊഴുകിയിരുന്ന രണ്ടരുവികളെ, തന്റെ ശക്തിയും സ്വരൂപവും നാട്ടുകാരെയറിയിക്കുവാന്, ആനേശ്വരന്‍ ഒന്നായിച്ചേര്ക്കുകയായിരുന്നു. ക്ഷേത്രമുറ്റത്തെ പാഴ്ച്ചെടികള് വെട്ടിയൊതുക്കി, കല്ലും മുള്ളുമെല്ലാം വകഞ്ഞുമാറ്റി, കളകള്‍ തൂത്തെറിഞ്ഞ് സ്വയംസേവകര്‍ നല്കിയ തുണ്ടുവെളിച്ചത്തില്‍ നിന്നും ആനേശ്വരന്‍ തെളിച്ചത് മനോജ്ഞപ്രഭ തൂകുന്ന നിരവധി വിളക്കുകളായിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള, തൃപ്രയാര്‍ തേവര് പോലും ബഹുമാനം നല്കി കടന്നുപോകുന്ന, ക്ഷേത്രത്തിന് അതിന്റെ പൂര്‍വ്വകാല മഹിമയിലേക്കും ഗരിമയിലേക്കുമുള്ള കുതിപ്പിന്റെ ‘ടേയ്ക്ക് ഓഫ്’.
ഇതിനിടയിലാണ് സുബ്രഹ്മണ്യനും അബ്ദുള്‍കരീമും കൂടുതല്‍ അടുക്കുന്നതും സൗഹൃദത്തിന് പുതിയതലങ്ങള്‍ കൈവരുന്നതും.
1997 ല്‍ അനേകകാലങ്ങള്ക്കുശേഷമുള്ള, ഈ ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തിലേക്ക് നയിക്കുന്നതും. ലോകമാകെ കാരുണ്യക്കതിര്‍ വീശി വന്ന പരിശുദ്ധ റംസാന് മാസത്തിലായിരുന്നു ഇവിടെ അഷ്ടബന്ധകലശം നടത്തുവാനുള്ള നിയോഗം ആദ്യമായി കരീമിനു ലഭിക്കുന്നത്. അത് താന്‍ മുറുകെപ്പിടിക്കുന്ന ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും പ്രതിഫലമായിക്കാണുവാനാണിദ്ദേഹം താല്പ്പര്യപ്പെടുന്നതും. മുറതെറ്റാതെ അനുഷ്ഠിച്ച റംസാന് നൊയമ്പിനും അഞ്ചു നേരവും മുടക്കാത്ത നിസ്കാരത്തിനും, ഉറവ വറ്റാത്ത ദീനിസ്നേഹത്തിനും അള്ളാഹു ചാര്‍ത്തിയ കയ്യൊപ്പ്.
കലശച്ചടങ്ങുകളുടെ ഭാഗമായി ദക്ഷിണ നല്‍കേണ്ടി വരുമ്പോള്‍ ‘സായ്വിന്റെ കയ്യില്‍ നിന്നും ദക്ഷിണ’ സ്വീകരിക്കാന്‍ കര്‍മ്മികളും പരികര്‍മ്മികളും കലശമണ്ഡപത്തിനു പുറത്തു വന്നത് വിവരണത്തിനും അപ്പുറം നില്ക്കുന്ന കാര്യമാണ്. അസ്പൃശ്യതയുടെ മൊത്തക്കച്ചവടക്കാര്‍ എന്ന് തങ്ങളെ ആക്ഷേപിച്ചവരെ പരിഹസിച്ചുകൊണ്ടുള്ള തലപ്പൊക്കം കാണിക്കല്‍ തന്നെയായിരുന്നു അത്.
അന്നത്തെ കലശച്ചടങ്ങുകള്‍ പരിസമാപ്തിയിലെത്തി ദക്ഷിണയും സ്വീകരിച്ച് ദേശവാസികളെ അനുഗ്രഹിച്ച് മടങ്ങും മുമ്പ് ‘എല്ലാം തൃപ്തിയായോ’ എന്ന് തിരക്കിയത് ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങുകള്‍ കാണാതെ കണ്ട് നിര്‍വൃതിയടയുന്ന, ആനേശ്വരന്റെ പ്രിയപ്പെട്ട ‘സായ്വി’നോടായിരുന്നു. തങ്ങള്‍ കര്മ്മത്തിനുണരും മുമ്പ് കുളികഴിഞ്ഞ്, അലക്കിത്തേച്ച ശുഭ്രവസ്ത്രം ധരിച്ച്, തങ്ങളുടെ വാസസ്ഥലത്തിലെത്തി, ‘ഇന്നലെ തിരുമേനിമാരുടെ ഉറക്കം സുഖമായിരുന്നോ? അസൗകര്യം ഒന്നുമുണ്ടായിരുന്നില്ലല്ലോ’എന്ന് ചോദിച്ചുകൊണ്ടിരുന്ന ദൈവം സൂക്ഷിക്കുന്ന പുസ്തകത്തിലെ ഒന്നാമനായ ഉസ്മാന്റെ മകന് കരീമിനോടു തന്നെയായിരുന്നു.
തനിക്കു തൃപ്തിയാണെന്ന കരീമിന്റെ മറുപടിക്ക് പിന്നാലെ മറ്റുള്ളവരോട് കര്‍മ്മം ശുഭമായി നടന്നതിനു തെളിവ് വേണോ എന്ന, തന്ത്രിയുടെ ചോദ്യവും, അതിനു പിന്നാലെ ക്ഷേത്രത്തിന്റെ വടക്കുപുറത്തെ തെങ്ങില്‍ നിന്നും രണ്ടു പച്ചയോല മടലോടെ അടര്‍ന്ന് താഴേക്കു നിപതിച്ചതും, ഒപ്പം പൂര്‍ണ്ണമായി രണ്ടുകുല ഇളനീരും കൂട്ടിനെത്തിയതും ഇതെല്ലാം ഞാന്‍ എങ്ങനെ വിവരിക്കുമെന്ന് സന്തോഷാധിക്യത്താല്‍ കരീം ചോദിക്കുന്നു.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ടുന്ന നവീകരണകലശം 17വര്‍ഷം കഴിഞ്ഞിട്ടും നടക്കാതിരുന്നപ്പോള്‍ ആനേശ്വരന്‍ വീണ്ടും അബ്ദുള്‍ കരീമിന്റെ നാവിലുദിച്ചു. ക്ഷേത്രക്ഷേമ സമിതിയോഗത്തില്‍ ഇദ്ദേഹത്തിന്റെ അഭിപ്രായം കേട്ട് താംബൂലപ്രശ്നം നടത്താമെന്ന് പറഞ്ഞ സമിതിയെക്കൊണ്ട് ആയത് അഷ്ടമംഗലപ്രശ്നമാക്കി മാറ്റിച്ചതും ഒടുവിലത് കര്‍പ്പൂരാദി നവീകരണ കലശത്തിലെത്തിച്ചതും കരീമിന്റെ വാക്കുകളാണ്. ധനശേഖരണാര്‍ത്ഥം പോകുവാനും കൊച്ചിന് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ക്കും എന്നും എപ്പോഴും മുന്നണിയില്‍ ഇദ്ദേഹമുണ്ട്.
ക്ഷേത്രത്തിലെ മരാമത്ത് പണികള്‍ കലശം തുടങ്ങും മുമ്പ് അവസാനിപ്പിക്കുന്നതിനായി രണ്ടുമാസക്കാലമായി ഇദ്ദേഹം ക്ഷേത്രാങ്കണത്തില്ത്തന്നെയായിരുന്നു. അഞ്ച് നേരം നമസ്കരിക്കുന്നതിന് മാത്രം ക്ഷേത്രപരിസരം വിട്ടുപോകുന്ന ഈ സാധകന് എല്ലാവര്ക്കും നല്‍കുന്നത് വേറിട്ടൊരു സന്ദേശമാണ്.
നിരവധി വര്‍ഷം ആനേശ്വരം ശിവക്ഷേത്രക്ഷേമസമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി,ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്ന അബ്ദുള്‍കരീമിന് , കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സമിതിയുടെ നിയമപ്രകാരം, പ്രസ്തുത ഭാരവാഹിത്വം ഒഴിയേണ്ടിവന്നപ്പോള്‍ അംഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം രക്ഷാധികാരി സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതും ദൈവനിശ്ചയം തന്നെ. ഇപ്പോള്‍ കര്‍പ്പൂരാദി നവീകരണ കലശമെന്ന ഈ അപൂര്‍വ്വ ചടങ്ങിന്റെ നേതൃസ്ഥാനം വഹിക്കുന്നതും പരംപൊരുളിന്റെ കാരുണ്യം.
തങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ക്ഷേത്രത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നവരും, തോളോട് തോള് ചേര്‍ന്ന് രംഗത്തിറങ്ങിയവരുമായ, ശിവപാദം പൂകിയ, ആനേശ്വരത്തപ്പന്‍ നരകവാരിധിയില്‍ നിന്നും കരകയറ്റിയ പാതിരിശ്ശേരി ദാമോദരന്‍ നമ്പൂതിരി, പുന്നപ്പിള്ളിമന രാമന് നമ്പൂതിരി, ആവണേങ്ങാട്ടില്‍ കളരി വേണുഗോപാല പണിക്കര്‍, മുന്‍ മേല്‍ശാന്തി രാമചന്ദ്രന് എമ്പ്രാന്തിരി , അഡ്വ.ടി.എം.ഉണ്ണികൃഷ്ണന്, വിനോദ് മേനോന്, ആനന്ദ് മേനോന്, ഗോപാല മേനോന്, വാസുദേവ മേനോന് തുടങ്ങിയവര്‍ നല്കിയ പിന്തുണ ആനേശ്വരന്റെ കൃപയൊന്നു കൊണ്ട് മാത്രമെന്നും കരീമിക്ക സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേത്രക്ഷേമസമിതിയുടേയും ഗ്രാമവാസികളുടേയും ശക്തമായ പിന്തുണ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിടുന്നതിനു കാരണമായി. സ്വയംസേവകരുടെ മുന്നണിയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം മൂലം രാമായണമാസം, നവരാത്രി ആഘോഷം, ശ്രീകൃഷ്ണജയന്തി, തീര്‍ത്ഥയാത്ര, തിരുവാതിര ഊട്ട് തുടങ്ങിവ പലര്‍ക്കും പലതിനും മാതൃകയായി.
അന്യം നിന്നുപോകുന്ന ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനും പഠനത്തിനും വേണ്ടി ഒരു ഇടം ഉണ്ടാക്കുകയെന്നതാണ് ഇനി ക്ഷേത്രക്ഷേമ സമിതിയുടെ സ്വപ്നം. ആയതിനുള്ള സ്ഥലം ക്ഷേത്രത്തിനു സമീപം തന്നെ വാങ്ങിച്ചിട്ടുമുണ്ട്. ഈ സ്ഥലം വാങ്ങിയിട്ടുള്ള ആനേശ്വരത്തപ്പന്‍ ട്രസ്റ്റിന്റെ ചെയര്‍മാനും ഇദ്ദേഹമാണ്. ക്ഷേത്രം ഊരാളന്‍ പുന്നപ്പിള്ളിമന ഉണ്ണികൃഷ്ണന് നമ്പൂതിരിയും, മേല്‍ശാന്തി സത്യനാരായണന് എമ്പ്രാന്തിരിയും ദേവസ്വം ബോര്‍ഡും ഒരുമിച്ചൊന്നായി തുണയായുണ്ട്. കൊള്ളപ്പലിശക്കാരില്‍ നിന്നും ബ്ലേഡ് കമ്പനികളില്‍ നിന്നും നാട്ടുകാരെ രക്ഷപ്പെടുത്തുന്നതിനായി രൂപീകരിച്ച ‘ദീനദയാല്‍ പലിശരഹിതഗ്രാമം പദ്ധതി’യുടെ കണ്‍വീനറും അബ്ദുള്‍ കരീം തന്നെ. സംഘത്തിന്റേയും പരിവാറിന്റെയും നിരവധി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതിയില്‍ നിന്നും ഒരു വര്‍ഷത്തിനിടെ നൂറോളം പേര്‍ക്ക് പതിനായിരം രൂപവീതം നല്‍കിക്കഴിഞ്ഞു.
പ്രഭാതത്തിന്റെ അരുണശോഭ, സേതുബന്ധന സ്മരണ എല്ലാവര്‍ഷവും ചിറകെട്ടി പുതുക്കുന്ന ഒരേഒരിടമായ, ശ്രീരാമന് ചിറയില്‍ നിന്നും, അസ്തമയസൂര്യന്റെ സ്വര്‍ണ്ണശോഭ, വാമനന്റെ കാല് കഴുകിയ തീര്‍ത്ഥത്തില്‍ നിന്നുണ്ടായ ‘ശ്രീപ്രിയ’എന്ന തീവ്രാനദിയില്‍ നിന്നും ഏറ്റുവാങ്ങുന്ന (ജനമേജയ രാജാവ് ശോണാചലത്തിലേക്ക് തീര്‍ത്ഥയാത്ര പോയത് ഈ നദീതീരത്തില്‍ കൂട്ടിയെന്ന് ദത്തസംഹിത പറയുന്നു) ആനേശ്വരം ശിവക്ഷേത്രത്തിന്റെ മുടിയില്‍ ചൂടപ്പെട്ട നിലാവാണ് അബ്ദുള്‍ കരീം.
അര്ജ്ജുനന് അന്ന് ശിവലിംഗത്തില്‍ ചൊരിഞ്ഞ അര്‍ച്ചനപ്പൂക്കള്‍ ചെന്നുവീണത് സമീപത്തുള്ള കിരാതന്റെ ശിരസ്സിലായിരുന്നു. ഇന്ന് ആനേശ്വരത്തപ്പനെ ആരാധിക്കുമ്പോള്‍ ആശംസാകുസുമങ്ങള് പുല്കുന്നത് സമീപസ്ഥനായ അബ്ദുള്‍ കരീമിനെയും. ഈ നാടിന്ന് അഭിമാനിക്കാം. ഈ ക്ഷേത്രത്തെ ഇന്നത്തെ നിലയിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. നാടാകെ അസഹിഷ്ണുതയുണ്ടെന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ചെമ്മാപ്പിള്ളിയെന്ന ഈ കൊച്ചുഗ്രാമം നല്‍കുന്നത്. തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറേ മഠം പദ്മനാഭന് നമ്പൂതിരിപ്പാട്, പി.ആര്. ഉണ്ണികൃഷ്ണന് നമ്പൂതിരി, അഡ്വ. രഘുരാമ പണിക്കര്‍, വത്സകുമാര്‍ കറുകശ്ശേരി, പി.ആര്. വാസുദേവന്‍ നമ്പൂതിരി, പി. രവീന്ദ്ര നാഥ്, യു.പി. കൃഷ്ണനുള്ളി, ടി.ഡി. സുജിത്ത്, പി.എം. അശോകന്, പി.കെ. ശ്രീജി, ബിജെപി നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് ഇ.പി. ഹരീഷ്, യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ടി.ജി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രക്ഷേമ സമിതിയുടെയും നവീകരണ കലശത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: