ജീവിതം ഒരു അത്ഭുതമാണ്, സാഹചര്യങ്ങളെ അനുകൂലമാക്കി ജീവിതത്തിനുനേരെ പുഞ്ചിരിക്കാന്‍ കഴിയുന്നവര്‍ക്ക്. തോറ്റുപോകുമായിരുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും വാശിയോടെ നടക്കാന്‍ ചങ്കൂറ്റമുള്ളവര്ക്കുമുന്നില് ലോകം അനന്തസാധ്യതകളുമായി വിശാലമായി കിടപ്പുണ്ടാകും. അവിടെ ആണെന്നോ പെണ്ണെന്നോ സവര്‍ണനെന്നോ അവര്‍ണനെന്നോ വ്യത്യാസമുണ്ടാവില്ല. എല്ലാവരും അവിടെ സ്വീകരിക്കപ്പെടും. അങ്ങനൊരു സ്വീകരിക്കപ്പെടലിന്റെ വിജയഗാഥയാണ് കല്പന സരോജിന്റെ ജീവിതം. ആത്മഹത്യാമുനമ്പുവരെ എത്തിയ ജീവിതത്തില്‍ നിന്നും വിജയത്തിന്റെ കൊടുമുടിയില്‍ ഇച്ഛാശക്തികൊണ്ടെത്തിയ കല്പനയുടെ ജീവിതം ആരേയും വിസ്മയിപ്പിക്കുന്നതാണ്.
മഹാരാഷ്ട്രയിലെ വിദര്‍ഭ ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. മാതാപിതാക്കളും മൂന്ന് സഹോദരിമാരും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം. തിരസ്കരിക്കപ്പെടലിന്റെ വേദനയറിഞ്ഞ ബാല്യം. സ്കൂള്‍വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാനാവാതെ 12-ാം വയസ്സില്‍ കല്പന ബാലവധുവായി. ഭര്‍ത്താവിന് കല്പനയേക്കാള് ഇരട്ടിപ്രായമുണ്ടായിരുന്നു. പോലീസ് കോണ്‍സ്റ്റബിളായ അച്ഛന് ഈ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധം കാരണം സമ്മതിക്കേണ്ടിവന്നു. ഉല്ലാസ്നഗറിലെ ഒരു ചേരിയിലായിരുന്നു ഭര്‍തൃഭവനം. ഭര്‍തൃവീട്ടിലെ നിരന്തരമായ പീഢനത്തെത്തുടര്‍ന്ന് അച്ഛന്റൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി കല്പന.
എന്നാല്‍ ഭര്‍ത്താവിനെ വിട്ട് സ്വന്തം വീട്ടില്‍ വന്നുനില്‍ക്കുന്നവരെ ഗ്രാമീണര്‍ കാണുന്നത് വേറൊരു കണ്ണീലൂടെയാണെന്ന തിരിച്ചറിവ് കല്പനയെ തളര്‍ത്തി. അച്ഛന് ഒരു ഭാരമാവാതിരിക്കാന്‍ സൈന്യത്തിലും നഴ്സിംഗ് സ്കൂളിലും മറ്റും ഒരു ജോലിക്കായി അപേക്ഷിച്ചെങ്കിലും വിദ്യാഭ്യാസമില്ലായ്മ അവിടെയും വില്ലനായി. വീട്ടുകാരുടെ ആക്ഷേപവും മൂകാന്തരീക്ഷവുമെല്ലാം കല്പനയെ നിരാശയാക്കി. ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശനി കഴിച്ച് അവശനിലയിലായ കല്പനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജീവന് തിരിച്ചുകിട്ടിയ കല്പന പിന്നീടൊരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം മുംബൈയിലേക്ക് മടങ്ങാന്‍ അവര്‍ തീരുമാനിച്ചു. ഒരു ബന്ധുവിന്റെ സഹായത്തോടെ ലോവര്‍ പരേലിലെ ഒരു തയ്യല്‍ കടയില്‍ ജോലി ശരിയാക്കി. ചേരിയിലെ ജീവിതത്തേക്കാള്‍ സുരക്ഷിതത്വമാണ് അവിടെ കല്പനയ്ക്ക് അനുഭവപ്പെട്ടത്. മാസം 250-350 രൂപയായിരുന്നു വരുമാനം.
കല്പനയുടെ അച്ഛന് ജോലി നഷ്ടമായതിനെ തുടര്‍ന്ന് സകുടുംബം കല്പനയ്ക്കൊപ്പമായി താമസം. ഇതുമൂലം വാടക കുറഞ്ഞിടത്തേക്ക് താമസം മാറ്റേണ്ടിയും വന്നു. ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യേണ്ടിവന്നു. സാമ്പത്തിക ബുദ്ധിമുട്ട് അത്രമാത്രം കല്പന സരോജിനെ അലട്ടിയിട്ടുണ്ട്. അസുഖബാധയെത്തുടര്‍ന്ന് സഹോദരി മരിക്കാനിടയായ സാഹചര്യമാണ് കല്പനയുടെ ജീവിത ചിന്താഗതി മാറ്റിയത്.
ജീവിക്കാന്‍ ആശിച്ച സഹോദരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കല്പനയ്ക്കായില്ല. സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായ നിമിഷമായിരുന്നു അത്. 50,000 രൂപയുടെ ബാങ്ക് ലോണിന് അപേക്ഷിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാക്ക വിഭാഗക്കാര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്കുകീഴില്‍ ഒരു ടെയ്ലറിങ് യൂണിറ്റ് തുടങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. എന്നാല്‍ ലോണിന് അനുമതി കിട്ടുന്നതിനും വേണ്ടി വന്നു രണ്ട് വര്‍ഷം. ലോണ്‍ അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ പോരാട്ടത്തിനിടയില്‍ വിവിധ തുറകളില്‍പ്പെടുന്ന നിരവധി പേരുമായി പരിചയപ്പെടുന്നതിനും അവരുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും ഇടയാക്കി. അവരുടെയെല്ലാം സഹായത്തോടെ, ഉദ്യോഗസ്ഥരായ യുവാക്കളേയും ലോണ്‍ സ്കീമുകളേയും തൊഴില്‍ അവസരങ്ങളേയും കുറിച്ച് ധാരണയുള്ള വിദഗ്ധരേയും ബന്ധപ്പെടുത്തിക്കൊണ്ടൊരു സംഘടനയ്ക്കും അവര്‍ രൂപം നല്കി.
തയ്യല്‍ ജോലി കൂടാതെ ഫര്‍ണീച്ചര്‍ ബിസിനസിലേക്കും കല്പന പ്രവേശിച്ചു. ദിവസവും 16 മണിക്കൂര്‍ അധ്വാനം. ഇതോടെ ജീവിത സാഹചര്യങ്ങള്‍ അനുകൂലമായി തുടങ്ങി. മികച്ചൊരു സംരംഭകയായി വളരുന്നതിനുള്ള എല്ലാ പ്രയത്നവും അവര്‍ നടത്തി. ഇതിനിടയില്‍ ഒരു ഫര്‍ണീച്ചര്‍ ബിസിനസുകാരനെ കല്പന വിവാഹം കഴിച്ചു.
ആദ്യ ലോണ്‍ കിട്ടുന്നതിലെ കാലതാമസം മറ്റ് ബിസിനസ് അവസരങ്ങളിലേക്കേും കല്പനയുടെ ശ്രദ്ധ തിരിച്ചു. ഇതിനിടയിലാണ് നിയമ നടപടിയിലിരിക്കുന്ന ഭൂമിയുടെ വില്പനയ്ക്കായ് ഒരാള്‍ കല്പനയെ സമീപിക്കുന്നത്. പലരില്‍ നിന്നും പണം സ്വരൂപിച്ച് നല്കി കോടതി വ്യവഹാരത്തിലിരിക്കുന്ന ഭൂമി സ്വന്തമാക്കി. കോടതി നടപടികള്‍ ഒഴിവായി കിട്ടുന്നതിന് പിന്നെയും രണ്ടുവര്‍ഷം വേണ്ടിവന്നു. കൈവശമിരിക്കുന്ന ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ മൂലധനം ഇല്ലാതിരുന്നതിനാല്‍, ലാഭത്തിന്റെ 65 ശതമാനം വിഹിതം നല്‍കാമെന്ന ഉറപ്പിന്മേല് ഒരു ബിസിനസ് പങ്കാളിയേയും ഉള്‍പ്പെടുത്തി അവിടെ കെട്ടിടം നിര്‍മിച്ചു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റി.
കമാനി ‘ട്യൂബ്സിന്റെ തലപ്പത്തേക്ക്
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രമുഖ ബിസിനസ് സംരംഭകനും ഗാന്ധിജിയുടേയും നെഹ്രുവിന്റേയും ശിഷ്യനുമായിരുന്നു രാംജിഭായ് കമാനി. കുര്‍ളയില്‍ അദ്ദേഹം തുടങ്ങിയ മൂന്ന് കമ്പനികളാണ് കമാനി ട്യൂബ്സ്, കമാനി എഞ്ചിനീയറിങ്, കമാനി മെറ്റല്‍ എന്നിവ. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും കമാനി സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. എന്നാല്‍ 1987 ല്‍ അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മക്കള്‍ തമ്മില്‍ കമ്പനിയെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ഇതേത്തുടര്‍ന്ന് കമ്പനിയുടെ ഉടമസ്ഥാവകാശം തൊഴിലാളി സംഘടനയ്ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കും കമ്പനിയുടെ വളര്‍ച്ചയില്‍ താല്പര്യമുണ്ടായിരുന്നില്ല. കമ്പനിയുടെ പുരോഗതിക്കായി സര്‍ക്കാര്‍ തലത്തിലും ഫണ്ടുകളും മറ്റും അനുവദിച്ചു. പക്ഷേ അതൊന്നും കമ്പനിയുടെ രക്ഷയ്ക്ക് മതിയാവുമായിരുന്നില്ല. ഒടുവില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനിയെ ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നേ മതിയാകൂ എന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ സമീപിച്ചത് കല്പനയെയാണ്. കമ്പനി അടച്ചുപൂട്ടിയാല്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുമായിരുന്ന കുടുംബങ്ങള്‍ക്കുവേണ്ടി കല്പന സരോജ് കമാനി ട്യൂബ്സ് കമ്പനി ഏറ്റെടുത്തു.
ഓരോ മേഖലയിലും വിദഗ്ധരായവരെ ഉള്‍പ്പെടുത്തി 10 അംഗ സമിതി രൂപീകരിക്കുകയാണ് കല്പന ആദ്യം ചെയ്തത്. എല്ലാ ബാധ്യതകളും ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സഹായിക്കാമെന്ന നിലപാടിലായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍. അതിന് സമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് 2000 ത്തില്‍ ബോര്‍ഡിന്റെ പ്രസിഡന്റായി കല്പനയെ നിയമിച്ചു. തുടര്‍ന്ന് ആറ് വര്‍ഷം കൊണ്ട് കമ്പനിയ്ക്കുവേണ്ടി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് കല്പനയ്ക്കുസാധിച്ചു. 2006 ല്‍ കമ്പനിയുടെ ചെയര്‍മാനായി. കമ്പനിയുടെ ഉടമസ്ഥാവകാശം കോടതി കല്പനയ്ക്കു കൈമാറി.
വായ്പകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ത്തു. തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്ന വേതനകുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ത്തു. ഇപ്പോള്‍ കമാനി ട്യൂബ്സ് ലാഭത്തിലേക്ക് കുതിക്കുകയാണ്. ഇതിനിടയില്‍ രാംജിഭായ് കമാനിയുടെ മകന് നവീന്‍ ഭായ് കമാനിയുടെ വര്‍ളിയിലെ വാടക ഫഌറ്റിലേക്ക് അപ്രതീക്ഷിതമായെത്തി 51 ലക്ഷം രൂപയുടെ ചെക്കെഴുതിക്കൊടുത്തു കല്പന സരോജ്. ആ വനിതയൊരു ദളിത് ആണെന്നത് നവീന്ഭായിയെ സംബന്ധിച്ച് ഒരു ആശ്ചര്യമായിരുന്നു. 116 കോടി കടബാധ്യതയുണ്ടായിരുന്ന കമ്പനിയെ അത്യാസന്നനിലയില്‍ നിന്ന് പിടിച്ചുയര്‍ത്തിയ ഈ ദളിത് സ്ത്രീക്ക് കല്പന സരോജ് ആന്‍ഡ് അസോസിയേറ്റ്സ് എന്ന പേരില്‍ പഞ്ചസാര ഫാക്ടറിയും വൈദ്യുതോല്പാദനവും റിയല്‍ എസ്റ്റേറ്റും ഖനനവുമായി വ്യാപിച്ച് കിടക്കുന്ന ബൃഹത്തായ പ്രസ്ഥാനമുണ്ട്.
2013 ല്‍ രാജ്യം പത്മശ്രീ നല്‍കിയാണ് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച കല്പന സരോജിനെ ആദരിച്ചത്. കൂടാതെ ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വനിതാ വിഭാഗത്തിന്റെ മാര്‍ഗദര്‍ശി യും ഭാരതീയ മഹിളാ ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമാണ് കല്പന. കഠിനാധ്വാനം ഒരിക്കലും വഞ്ചിക്കില്ല എന്നതാണ് കല്പന തന്റെ ജീവിതത്തിലൂടെ നല്കുന്ന സന്ദേശം. സീമയും അമറുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: