നിലമ്പൂര്‍: എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിനിടെ സംഘര്‍ഷം. പാലേമാട് വിവേകാനന്ദ പഠനകേന്ദ്രത്തിലാണ് എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിട്ടത്. സമരത്തിനോട് സഹകരിക്കില്ലെന്നും ക്ലാസില്‍ നിന്നും ഇറങ്ങില്ലെന്നും പറഞ്ഞ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ പോലീസിന്റെ മുന്നിലിട്ട് എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരായ വിഷ്ണു.പി.സുരേന്ദ്രന്, സംപ്രീത് എന്നിവര്‍ക്ക് സാരമായ പരിക്കുകളേറ്റു. ഇവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
എറണാകുളത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എബിവിപി സമരം നടത്തിയിരുന്നു. അന്ന് സമരവുമായി സഹകരിക്കണമെന്ന് കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. എന്നാല്‍ എസ്എഫ്ഐയുടെ സമരത്തിന് വൈസ് പ്രിന്‍സിപ്പള്‍ പൂര്‍ണ്ണ അനുവാദം നല്‍കുകയായിരുന്നു. സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം പോലീസിനെയും വിളിച്ചുവരുത്തിയിരുന്നു. വൈസ് പ്രിന്‍സിപ്പലിന്റെ നടപടിയെ എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് എസ്എഫ്ഐക്കാരെ പ്രകോപിപ്പിച്ചത്.
സമരവുമായി തങ്ങള്‍ സഹകരിക്കില്ലെന്നും ക്ലാസില്‍ നിന്നും ഇറങ്ങില്ലെന്നും എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. അപ്പോഴാണ് പോലീസ് നോക്കിനില്‍ക്കെ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. പുറത്തുനിന്നും എത്തിയ ഡിവൈഎഫ്ഐക്കാരും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചവരിലുണ്ടായിരുന്നു. അനന്ദു, രോഹിത്ത്, ശ്രീരാജ്, ആദര്‍ശ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: