ഏറ്റുമാനൂരപ്പന്റെ ഏഴരപൊന്നാന ദര്‍ശനം ഏറെ വിശേഷപ്പെട്ടതാണ്. കുംഭത്തിലെ തിരുവുത്സവകാലത്താണ് ഈ അപൂര്‍വ ദര്‍ശനമുള്ളത്. ഈ മഹാക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന എത്തിച്ചേര്‍ന്നതിനെപ്പറ്റി ഐതിഹ്യം പറഞ്ഞുകേള്ക്കുന്നതിങ്ങനെ.
കൊല്ലവര്‍ഷം 973 ല്‍ നാടുനീങ്ങിയ തിരുവിതാംകൂര്‍ മഹാരാജാവാണ് പൊന്നാനയെ പണിയിപ്പിച്ചത്. ഒന്നാന്തരം പ്ലാവിന് തടിയിലാണ് ഏഴ ആനയേയും ഒരു ചെറിയ ആനയേയും നിര്‍മിച്ചത്. അതിനെ സ്വര്‍ണത്തില്‍ പൊതിയുകയായിരുന്നു. തികഞ്ഞ ബന്തവസില്‍ വൈക്കം ക്ഷേത്രത്തിലേക്ക് എത്തിക്കുവാന്‍ പ്രത്യേകം സംഘത്തെ നിയോഗിച്ചു. തലച്ചുമടായി കരമാര്‍ഗമാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.
ചുമട്ടുകാര്‍ വിശ്രമിക്കുവാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തില്‍ വച്ചു. ഭക്ഷണം, വിശ്രമം ആദിയായതെല്ലാം കഴിഞ്ഞ് ഇവര്‍ അടുത്തുള്ള വൈക്കം ഗ്രാമത്തിലേക്ക് ഇന്നുതന്നെ എത്താമെന്നുള്ള കണക്കുകൂട്ടലില്‍ യാത്രക്കൊരുങ്ങി. അവിടെ ചെന്നപ്പോള്‍ കഥ മറ്റൊന്നായി. അവിടെവച്ചിരുന്ന പൊന്നാനപ്പുറത്തെല്ലാം ഒന്നാന്തരത്തില്‍പ്പെട്ട വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍. ഒരാളെയും അടുപ്പിക്കുന്നില്ല.
ഇവര്‍ ആകെ വിഷമിച്ചുപോയി. അവിടെയുണ്ടായിരുന്ന പ്രായം ചെന്നയാള്‍ പറഞ്ഞതനുസരിച്ച് ഒന്നു പ്രശ്നം വച്ചുനോക്കി. ”ഈ മുതല്‍ തനിയ്ക്ക് വേണമെന്ന വാശിയിലാണ് ഏറ്റുമാനൂരപ്പന്.” തിരുവനന്തപുരത്തുചെന്ന് മഹാരാജാവിനെ വിവരം അറിയിച്ചു. എന്നാല്‍ അത് ഏറ്റുമാനൂരില്‍ത്തന്നെ വച്ച് പോന്നുകൊള്ളുവാന് ഉത്തരവായി.
വൈക്കത്തപ്പന് ഇതിന് അനുയോജ്യമായ വിധത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയിലായി രാജാവ്. തത്തുല്യമായ തുകയ്ക്ക് സഹസ്രകലശം നടത്തുകയാണ് വൈക്കത്തപ്പന് ഇഷ്ടം. ജ്യോതിഷവിധിയനുസരിച്ച് കലശാദിചടങ്ങുകള് വിധിയാംവണ്ണം മഹാരാജാവിന്റെ നേതൃത്വത്തില്‍ നടന്നുവത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: