മൗനം വാചാലമാണെന്ന് പറഞ്ഞത് നീയാണ്
എന്റെ ചുണ്ടുകളില്‍ വിരല്‍ ചേര്‍ത്ത്!
ഹൃദയത്തില്‍ നിന്നുയര്‍ന്ന, ചുണ്ടിനും നാവിനുമിടയിലെ
ശബ്ദകോലാഹലങ്ങള്‍ അങ്ങനെ വീണുടഞ്ഞുപോയി!
എങ്കിലും എത്രയോ കാര്യങ്ങള്‍ നാം പറയാതെ പറഞ്ഞു!
പിന്നെ ഞാന്‍ മുത്തശ്ശികഥയിലെ മിണ്ടാപ്പെണ്ണിനെപ്പോലെയായി
എന്തിനെന്നോ, നിന്നെ മാത്രം കേള്‍ക്കാന്‍!
നീയെന്നോടു മന്ത്രിച്ച വാക്കുകളുടെ മാധുരി
ഗന്ധര്വ്വന്മാരെപ്പോലും അസൂയയിലാഴ്ത്തിയിരിക്കും
അവര്‍ പരാതി പറഞ്ഞിരിക്കും, ദൈവങ്ങളോട്!
പിന്നെ, കാണാമറയത്തും കേള്ക്കാദൂരത്തുപോലും
നീയില്ലെന്നറിഞ്ഞപ്പോള് ഞാനെന്റെ കാതുകള്‍ കൊട്ടിയടച്ചു
കണ്ണുകള്‍ എന്നേ ഇറുക്കിയടച്ചിരുന്നു, ഒപ്പം ഒരു പാവം മനസ്സും!
ഇപ്പോഴാണ് ശരിക്കും ശബ്ദഘോഷങ്ങളും
നിറക്കാഴ്ചകളും വിരുന്നിനെത്തിയത്
വിയോഗത്തിന്റെ ഉല്‍ക്കട ദുഃഖത്തില്‍ നിന്നും പരമാനന്ദസായൂജ്യം!
അതെന്നെ ജന്മാന്തരങ്ങളിലേക്കു നയിച്ചതും
നിന്നോടൊപ്പം തന്നെ!
നിന്റെ കണ്ണുകളിലെ തിളക്കമാണ് എന്നുള്ളില്‍ നിന്നുമുയരുന്ന
ഈ ദ്യൂതി! ഈ അനുഭൂതിയും നീ തന്നെ!
ഇപ്പോള്‍ ഉയരുന്നത് ഒരു പൊട്ടിച്ചിരിയാണ്
മണിനിസ്വനം! എന്നിലലിഞ്ഞ നിന് രാഗസ്വരമാധുരി
അതിപ്പോള്‍ ദൈവങ്ങളേയും അസ്വസ്ഥരാക്കുന്നുണ്ടാവാം!
അവര്‍ ചിലപ്പോള്‍ നിന്നെ സമീപിച്ചേക്കാം
കാരണം നീ ദേവാധിദേവനല്ലോ!
ഇനിയുമൊരു തിരസ്കാരം സഹിക്കവയ്യ
അതിനാല്‍ ഞാന്‍ പാഞ്ഞൊളിക്കട്ടെ
നിന്നിലേക്കുതന്നെ അലിയാന്‍, നീയായിത്തീരാന്‍
വാചാലമായ ഈ മൗനത്തിലേക്ക്
അതെ, ഇനി മൗനത്തിലേക്കൊരു തീര്‍ത്ഥാടനം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: