പത്തനംതിട്ട: ഉത്സവാഘോഷത്തിന് ആനയെ എഴുന്നെള്ളിക്കുന്നത് ഒഴിവാക്കി പകരം നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് ആടുകളെ വിതരണം ചെയ്തു ക്ഷേത്ര ഉത്സവ സമിതി ശ്രദ്ധേയമായി. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ചുമതലയിലുള്ള വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിലെ മകര രേവതി ഉത്സവത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് പത്ത് വീട്ടമ്മമാര്‍ക്ക് ആടുകളെ നല്‍കിയത്. ആടുകളെ വാങ്ങി ഇന്‍ഷുറന്‍സ് പരിരക്ഷയോടെയാണ് വിതരണം ചെയ്തത്. അടുത്ത ഉത്സവ വേളയില്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ ആട്ടിന്‍കുട്ടികളെ തിരികെ നല്‍കണമെന്ന ഉപാധിയാണ് ഉത്സവ കമ്മിറ്റി വെച്ചിട്ടുള്ളത്. പതിവായി ഉത്സവത്തിന് ആനയെ എഴുന്നെള്ളിച്ചിരുന്നു. എന്നാല്‍ ഇക്കുറി അത് ഒഴിവാക്കി പകരം ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു.
ചെറുകാവ് ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ രാജു എബ്രഹാം എംഎല്‍എ ആടുകളെ വിതരണം ചെയ്തു. അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ്ദാനം തഹസീല്‍ദാര്‍ സി.എന്‍.സോമനാഥന്‍നായര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ..ചിഞ്ചു അനില്‍, ഗ്രാമപഞ്ചായത്തംഗം തോമസ് കുട്ടി, അയ്യപ്പസേവാസംഘം യൂണിയന് സെക്രട്ടറി പ്രസാദ് കുഴിക്കാലാ, ആര്.സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: