ഇലന്തൂര്‍ : ഇലന്തൂര്‍ ശ്രീ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന പടേനി ഉത്സവത്തിന് ഇന്ന് നടക്കുന്ന ചൂട്ട് വെയ്പോടെ തുടക്കം കുറിക്കും. പടേനിയുടെ ആദ്യ ചടങ്ങായ ചൂട്ടുവെയ്പിലൂടെ ശ്രീകോവിലിനുള്ളില്‍ ഉള്ള ദേവിയെ പുറത്തേക്ക് ആനയിക്കുന്നു. ഇന്ന് സന്ധ്യശേഷം ക്ഷേത്രമേല്‍ശാന്തി കേശവന് നമ്പൂതിരി ഭഗവതിക്കു മുമ്പില്‍ കത്തിനില്‍ക്കുന്ന വിളക്കില്‍ നിന്നും പകര്‍ന്നു തരുന്ന ദീപം പടേനി ആശാന് എ.കെ. ശശിധരന്റെ നേതൃത്വത്തില്‍ പടേനി സംഘങ്ങളും കരവാസികളും കൂടി ഏറ്റുവാങ്ങി ക്ഷേത്രത്തിന് വലം വെച്ച് ആര്‍പ്പും കുരവയുമായി പടേനി കളത്തിന്റെ കന്നികോണില്‍ സ്ഥാപിക്കുന്നതോടു കൂടി ചൂട്ടുവെപ്പ് ചടങ്ങുകള്‍ ആരംഭിക്കുന്നു. അതിനുശേഷം പച്ച തപ്പില് ജീവ കൊട്ടുന്നതോടുകൂടി ചൂട്ട് വെച്ച് ചടങ്ങുകള്‍ സമാപിക്കുന്നു. തുടര്‍ന്ന് രണ്ടുദിവസം പടേനി കളത്തിന്റെ കന്നികോണില്‍ പച്ചതപ്പില്‍ ജീവകൊട്ടുന്നതോടെയുള്ള കാവുണര്ത്തലിന് ശേഷം പടേനി ഉത്സവത്തിന്റെ ആദ്യദിനത്തില്‍ കൊട്ടുംപാട്ടും കുരവയുമായി കാച്ചികൊട്ടിയ തപ്പിന്റെ ശുദ്ധതാളത്തില് മേളത്തിനൊത്ത് ദേവതന്മാര്‍ പടേനിക്കളത്തില്‍ ഓരോന്നായി എത്തുന്നു. 8 ദിവസവും കളത്തില്‍ എത്തുന്ന ശിവകോലം, ഗണപതി, മറുത, സുന്ദരയക്ഷി, കാലന്, ഭൈരവി എന്നീ കോലങ്ങളെ കൂടാതെ പ്രത്യേക കോലങ്ങളായ കരിങ്കാളി, മായയക്ഷി, നിണഭൈരവി, നാഗയക്ഷി, രുദ്രമറുത, അരക്കിയക്ഷി. അന്തരയക്ഷി തുടങ്ങിയ കോലങ്ങളും തുള്ളിയൊഴിയുന്ന ചടങ്ങുകള്‍ നടക്കും. ഫെബ്രുവരി 24 ന് നടക്കുന്ന വല്യപടേനി ദിവസം. 7 ദിവസം കളത്തില്‍ എത്തിയ എല്ലാകോലങ്ങളും തള്ളിയൊഴിഞ്ഞ് ചൂട്ടുവെച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ തിരിച്ചെഴുന്നള്ളിക്കുന്നതോടെ പടേനി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: