പരപ്പനങ്ങാടി: ഇന്ന് നടക്കാനിരിക്കുന്ന പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ ശിലാസ്ഥാപനം ചട്ടലംഘനമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു.
ആദ്യം ആലുങ്ങല്‍ കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി 2012 ഓഗസ്റ്റില്‍ ഉത്തരവിറക്കുകയും ചെയ്തു. 2012ലെ ഉത്തരവ് അനുസരിച്ച് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് 60 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. എന്നാല്‍ വിഭാഗിയതയും സ്ഥല നിര്‍ണ്ണയ തര്‍ക്കവും കാരണം 2016 ജനുവരിയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് ചാപ്പപ്പടിയില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാനാണ്. ഈ ഉത്തരവ് പ്രകാരം 100 കോടി രൂപയെങ്കിലും നിര്‍മ്മാണ ചിലവിലേക്ക് വകയിരുത്തേണ്ടി വരും. ഇതിനായി ടെണ്ടര്‍ നടപടികളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശിലാസ്ഥാപനം നടത്തുന്നത് ചട്ടലംഘനമാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു.
അധിക ചിലവുണ്ടായതിന് കാരണം ജനപ്രതിനിധിയുടെ കാര്യപ്രാപ്തിയില്ലായ്മയാണെന്ന് പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് ബിജെപിയടക്കം പ്രമുഖ് പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെ മുറിത്തോട് വഴിതിരിച്ചുവിടാന്‍ മത്സ്യതൊഴിലാളികളെ തന്നെ മാറ്റി പാര്‍പ്പിക്കേണ്ടതായി വരും.
നിരന്തര കടലാക്രമണം മൂലം കടലെടുത്ത മീന്‍ചാപ്പകളാണ് ചാപ്പപ്പടിയില്‍ ഉള്ളത്. മന്ത്രി ഇപ്പോള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഹാര്‍ബര്‍ സംബന്ധിച്ച യാതൊരു പഠനവും നടന്നിട്ടില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തീരദേശത്ത് നിന്നും തിരിച്ചടി നേരിട്ടതിനാലാണ് ഹാര്‍ബര്‍ ഇവിടെ സ്ഥാപിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രകൃതിദത്തമായ മുറിത്തോടിനെ വഴിതിരിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും വെല്ലുവിളിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: