കല്‍പ്പറ്റ : നീതി വീട്ടുപടിക്കല്‍ എന്ന ആപ്തവാക്യവുമായി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന നിയമ സഹായി ജില്ലയില്‍. നൂതന രീതിയിലുള്ള സഞ്ചരിക്കുന്ന മൊബൈല്‍ ലോക് അദാലത്ത് ജില്ലാ സെഷന്‍സ് കോടതി ജഡജി ഡോ. വി. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിയമ സഹായം ഒരുക്കുകയാണ് മൊബൈല്‍ ലോക് അദാലത്ത്. പിന്നാക്ക വിഭാഗക്കാര്‍ ഏറെയുള്ള ജില്ലയിലെ ഉള്‍പ്രദേശങ്ങള്‍, ആദിവാസി കോളനികള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകര്‍ തുടങ്ങിയവരുടെ അരികില്‍ സഞ്ചരിക്കുന്ന നിയമ സഹായി എത്തും. നൂതന നിയമസഹായ ബോധവല്‍ക്കരണ പരിപാടിയായ മൊബൈല്‍ ലോക് അദാലത്തില്‍ നിയമ ബോധവല്‍ക്കരണ ക്യാമ്പ്, വിദഗ്ധ നിയമജ്ഞരുടെ സേവനം ഉറപ്പാക്കി സൗജന്യ നിയമബോധവല്‍ക്കരണ ക്ലാസ്സ് എന്നീ സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
‘നീതി ഏല്ലാവര്‍ക്കും’ എന്ന ആശയത്തോടെയാണ് സഞ്ചരിക്കുന്ന നിയമ സഹായി എത്തുന്നത്. നിയമം ഉറപ്പാക്കുന്നതിന് നിരന്തരം ഓഫീസ് വരാന്തകള്‍ കയറിയിറങ്ങുന്ന പൊതുജനങ്ങള്ക്കരികിലേക്ക് മൊബൈല്‍ ലോക് അദാലത്തിന്റെ വരവ് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്മാന് കൂടിയായ ഡോ.വി. വിജയകുമാര്‍ വ്യക്തമാക്കി.
1877 ല്‍ നിലവില്‍ വന്ന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം തവണയാണ് സഞ്ചരിക്കുന്ന മൊബൈ ല്‍ ലോക് അദാലത്ത് ജില്ലയിലെത്തുന്നത്. ജില്ലയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ് എന്നിവ മുഖേന നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കരാറുകാര്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറച്ച് പേര് മാത്രമാണ് കരാര്‍ ജീവനകാര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിന് നിയമ ബോധവല്‍ക്കരണം നടത്തി കുറ്റകാര്‍ക്കെതിരെ ശാശ്വതമായ നടപടി കൈകൊള്ളുന്നതിനും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരാക്കുവാന്‍ ലോക് അദാലത്തിലൂടെ സാധ്യമാകുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ പറഞ്ഞു. ജില്ലയില്‍ 17ദിവസമാണ് മൊബൈല്‍ ലോക് അദാലത്ത് പര്യടനം നടത്തുന്നത്. ഫെബ്രുവരി 18വരെ മാനന്തവാടി താലൂക്കിലും 19മുതല്‍ 24വരെ ബത്തേരിയിലും 25 മുതല്‍ 28വരെ വൈത്തിരി താലൂക്കിലും വാഹനം പര്യടനം നടത്തും.
താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്മാന് പഞ്ചാപകേശന്‍, ജില്ലാ പോലീസ് മേധാവി എം.കെ പുഷ്കരന്, ജില്ലാ റീജണല്‍ ട്രാന്സ്പേര്ട്ട് ഓഫീസര്‍ പി.എ. സത്യന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് എന്‍.ജെ. ഹനസ്, റിട്ടേഡ് ജില്ലാ ജഡ്ജി പി.എന്‍.ശാന്തകുമാരി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്.എം. സല്‍മത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: