അടൂര്‍ : പ്രായപൂര്‍ത്തിയായ രണ്ട് പെണ്മക്കളുമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാടകവീടുകളില്‍ കഴിഞ്ഞുവന്ന ചന്ദ്രികയ്ക്കും മക്കള്‍ക്കും ഇനി മനസ്സമാധാനത്തോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഇവരുടെ ജീവിതദുരിതം കണ്ടറിഞ്ഞ അടൂര്‍ സെന്‍ട്രല്‍ ലയണ്‍സ് ക്ളബ്ബ് അഞ്ച് ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ഇന്ന് വൈകിട്ട് 5 ന് ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ കൈമാറും. ഇതോടെ സ്വന്തമായി ഒരുവീടെന്ന വര്‍ഷങ്ങളായുള്ള ഈ കുടുംബത്തിന്റെ സ്വപ്നമാണ് പൂവണിയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അകാലത്തിലുള്ള വേര്‍പാടിനെ തുടര്‍ന്ന് അനാഥമായ കുടുംബത്തിന്റെ ജീവിതഭാരം വീട്ടമ്മയായ ചന്ദികയുടെ ചുമലിലായിഉ. പന്തളം എന്‍. എസ്. എസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകളും, കമ്പ്യൂട്ടര്‍ ടി. ടി. സി ക്ക് പഠിക്കുന്ന രണ്ടാമത്തെ മകളുമായി പന്നിവിഴ കരിമ്പന്നൂരിലുള്ള പെന്തകോസ്ത് സഭയുടെ ചര്ച്ചിനോടുചേര്ന്നുള്ള മുറിയിലാണ് ഏതാനും വര്‍ഷങ്ങളായി വാടകയ്ക്ക് താമസിച്ചു വരുന്നത്. കരള്‍രോഗത്തെ തുടര്‍ന്ന് മേശിരിപ്പണിക്കാരനായ ഭര്‍ത്താവ് മരിച്ചതോടെ കൂലിവേലചെയ്താണ് മക്കളുടെ പഠനത്തിനും ജീവിതചെലവിനുമായി ചന്ദ്രിക പണം കണ്ടെത്തിവരുന്നത്. ഇതിനിടയില്‍ സ്വന്തമായി ഇത്തിരി സ്ഥലവും വീടുമെന്നത് ഈ കുടുംബത്തിന് സ്വപ്നം കാണാനേ കഴിയുമായിരുന്നുള്ളൂ. ഇവരുടെ ജീവിതദുരിത കണ്ടറിഞ്ഞ പന്നിവിഴ പുലിക്കണ്ണാലില് കമലാസനപണിക്കര് മൂന്ന് സെന്റ് സ്ഥലം സ്വന്തമായി നല്കി. അപ്പോഴും വീട് വയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഉദാരമതികളുടെ കരുണ തേടുന്നതിനിടെയാണ് അടൂര്‍ സെന്‍ട്രല്‍ ലയണ്‍സ് ക്ളബ്ബ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. മൂന്ന് മുറിയും അടുക്കളയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീടാണ് ഈ കുടുംബത്തിന് ഇന്ന് കൈമാറുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്ളബ്ബ് പ്രസിഡന്റ് മനോജ് വിജയന് അദ്ധ്യക്ഷതവഹിക്കും. വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ലയണ്‍സ് ക്ളബ്ബിന്റെ മുന്‍ ഭാരവാഹികളായ കെ. ജഗദേവന്‍, ജോസ് തോമസ്, കെ. ആര്. കൃഷ്ണകുമാര്‍ എന്നിവരെ ചടങ്ങില്‍ എം. എല്‍. എ ആദരിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: