സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: ഹോസ്പിറ്റല്‍ സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍, വരും നാളുകളില്‍ ആരോഗ്യമേഖല സ്തംഭിക്കുമെന്ന് സൂചന. നഗരത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നേഴ്സുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് നടത്താനൊരുങ്ങുന്നത്. ചെറുതും വലുതുമായ ഇരുപതിലധികം ആശുപത്രികളാണ് പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലുമായി ഉള്ളത്.
ഇവയില്‍ തന്നെ നാലെണ്ണം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും. എന്നാല്‍ പ്രാരംഭമായി ഇവയില്‍ ഏതെങ്കിലും ഒന്നില്‍ പണിമുടക്ക് നടത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് നേഴ്സുമാരുടെ തീരുമാനം. സമരത്തിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ആശുപത്രി അധികാരികള്‍ക്ക് നല്‍കുന്നതിനും നേഴ്സുമാരുടെ സംഘടനാ യോഗത്തില്‍ തീരുമാനമായി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഒരു മാസത്തെ സാവകാശം ആശുപത്രി അധികാരികള്‍ക്ക് നല്‍കുമെന്നും അനുഭാവപൂര്‍ണ്ണമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം പണിമുടക്കാനുമാണ് നേഴ്സുമാരുടെ തീരുമാനം.
മിനിമം പ്രതിദിന വേതനം 1000 രൂപയാക്കി ഉയര്‍ത്തുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, ഐസിയു പോലെ അടിയന്തര പ്രാധാന്യമുള്ള യൂണിറ്റുകളില്‍ രോഗി-നേഴ്സ് അനുപാതം 1:1 പാലിക്കുക, അധികസമയ ജോലിക്ക് ശമ്പളം നല്‍കുക, പ്രവര്‍ത്തിപരിചയം അടിസ്ഥാനമാക്കി ശമ്പളം പുനക്രമീകരിക്കുക, ഓണം, ക്രിസ്മസ്, റംസാന് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഫെസ്റ്റിവല്‍ അലവന്‍സ് നടപ്പാക്കുക, യൂണിഫോം അലവന്‍സ് നിര്‍ബന്ധമായും നല്‍കുക, ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അനാവശ്യ ബോണ്ടുകളില്‍ ഒപ്പ് വെക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക, നൈറ്റ് ഡ്യൂട്ടിയുടെ എണ്ണം പ്രതിമാസം നാലായി നിജപ്പെടുത്തുക, അതില്‍ കൂടുതല്‍ വന്നാല്‍ ഇരട്ടി ശമ്പളം നല്‍കുക, മെറ്റേണിറ്റി ലീവ് ആറ് മാസമായി ഉയര്‍ത്തുക, സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള 10 ദിവസത്തെ പെറ്റേണിറ്റി ലീവും നടപ്പാക്കുക, ഉത്സവ കാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരട്ടി ശമ്പളം നല്‍കുക. പിന്നീട്, അവധിയും അനുവദിക്കുക, കുറഞ്ഞത് 2000 രൂപ ഇന്‍ചാര്‍ജ്ജ് അലവന്‍സ് നല്‍കുക, സൗജന്യ താമസ സൗകര്യമോ അല്ലെങ്കില്‍ അക്കമഡേഷന്‍ അലവന്‍സോ അനുവദിക്കുക, 35 ശതമാനം മെയില്‍ റിസര്‍വേഷന്‍ നടപ്പാക്കുക, സ്റ്റാഫ് നേഴ്സിന് മാത്രമായി പഞ്ചിംഗ് മെഷീന് സ്ഥാപിക്കുക, രാജിവെക്കുന്ന ചെയ്യുന്ന സ്റ്റാഫിന്റെ ഇഎല്‍, സിഎല്‍, ഓഫ് സറണ്ടര്‍ ചെയ്ത് അതിന്റെ ശമ്പളം നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സമരരംഗത്തേക്ക് എത്തുന്നത്.
കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദ്യേശിക്കുന്ന സമരപരമ്പരകളുടെ തുടക്കം പെരിന്തല്‍മണ്ണയില്‍ നിന്നാകണമെന്നാണ് ഭാരവാഹികളുടെ തീരുമാനം. വിദേശികള്‍ ഉള്‍പ്പെടെ നിരവധി രോഗികളാണ് ദിവസവും ചികിത്സ തേടി പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളിലെത്തുന്നത്. അതുകൊണ്ട് തന്നെ ഈ സമരം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഭൂരിപക്ഷം മലയാളികളിലും നേഴ്സിംഗ് പഠനത്തിന് ചേരുന്നത് തന്നെ ഉയര്‍ന്ന ശമ്പളത്തിലുള്ള വിദേശ ജോലി മോഹിച്ചാണ്. 60000 രൂപ മുതല്‍ രണ്ടരലക്ഷം രൂപയാണ് വിവിധ രാജ്യങ്ങളില്‍ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളിയാണ് മലയാളി നേഴ്സുമാര്‍ ഇപ്പോള്‍ നേരിടുന്നത്. കാരണം ക്രൂഡ് ഓയില്‍ വിലകുത്തനെ ഇടിഞ്ഞതോടെ കുവൈറ്റ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കെയാണ്. മാത്രമല്ല, നേഴ്സുമാര്‍ക്ക് നല്കിക്കൊണ്ടിരുന്ന ലോണും നിര്‍ത്തലാക്കിയിരിക്കുകയാണ്. വന്‍തുക മുടക്കി കുവൈറ്റില്‍ നേഴ്സുമാര്‍ പോയിരുന്നത് തന്നെ ചിലവാകുന്നതിന്റെ ഇരട്ടിയിലധികം തുക ആദ്യ മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ലോണായി ലഭിക്കുമെന്നതിനാലായിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തന്നെ മടങ്ങിവരുന്ന സാഹചര്യമാണ് നിലവില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: