പത്തനംതിട്ട: പെരുനാട് കോട്ടമലയില്‍ നടക്കുന്ന പാഖനനത്തിനെതിരേ ബിജെപി റാന്നി പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി ദുര്‍ബലപ്രദേശമാണ് പെരുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള കോട്ടമല. ശബരിമലയുടെ പതിനെട്ട് മലകളില്‍ ഒന്നായ മലദൈവങ്ങള്‍ കുടിയിരിക്കുന്ന കോട്ടമല വിളക്കുകള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന മലയാണ്. പെരുനാട് പഞ്ചായത്തിന്റെയും നാറാണംമൂഴി പഞ്ചായത്തിന്റേയും പ്രധാന നീരൊഴുക്കിന്റെ ഉത്ഭവസ്ഥാനവും ഈ മലയാണ്. ഈ മലയുടെ അടിവാരത്ത് ആയിരത്തിലേറെ കുടുംബങ്ങള്‍ പാര്‍ക്കുന്നു. ചരിത്ര പ്രാധാന്യമുള്ള മലങ്കര കത്തോലിക്കാപ്പള്ളി ഉള്‍പ്പെടെ നാലു പള്ളികളും ഒരു മുസ്ലിം പള്ളിയും പെരുനാട് ധര്‍മ്മശാസ്താ ക്ഷേത്രവും ഈ മലയുടെ അടിവാരത്താണ് സ്ഥിതിചെയ്യുന്നത്. ഇതിന് പുറമേ രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന പ്രൊഫഷണല്‍ കോളേജും അത്രയുംതന്നെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളും ഈ മലയുടെ അടിവാരത്തിലുണ്ട്. ഈ പ്രദേശത്തെ ജനങ്ങള്‍ക്കും പ്രകൃതിസമ്പത്തിനും ഭീഷണിയാകുംവിധമുള്ള പാറഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇവിടെ ക്രഷര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്കാന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രഘുനാഥിന്റെ അദ്ധ്യക്ഷതയില്കൂടിയ യോഗം ഷിജു ആനന്ദിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: