ബത്തേരി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി കേരളാ യൂണിറ്റില്‍ നിന്നെത്തിയ സംഘം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നിലും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരിലും സന്ദര്‍ശനം നടത്തി.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് കുരങ്ങുപനി പിടിപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി സംഘം കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നും രോഗവാഹിനിയായ ചെള്ളുകള്‍ വന്തോതിലുള്ളതായും സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഘം ഡിഎംഒക്ക് നിര്‍ദ്ദേശം നല്കി. എന്‍ഐവി കേരളാ യൂണിറ്റ് ആലപ്പുഴയില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ ആര് ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംസ്ഥാന എപ്പിഡോമോളജിസ്റ്റ് ഡോ കെ സുകുമാരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘവുമാണ് കുരങ്ങുപനിയെകുറിച്ച് പഠിക്കാനായി വയനാട്ടിലെത്തിയത്. രാവിലെയോടെ ജില്ലയിലെത്തിയ സംഘം ഡിഎംഒ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതഗതികള്‍ വിലയിരുത്തിയ ശേഷമാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. മാടപ്പള്ളിക്കുന്നില്‍ നിന്നും കരിപ്പൂരില്‍ നിന്നും സംഘം പരിശോധനക്കായി ചെള്ളുകള്‍ ശേഖരിച്ചു. കരിപ്പൂരില്‍ രോഗം പിടിപെട്ട യുവതി ജോലിക്ക് പോയ കല്‍ക്കെട്ട് മൂലയില്‍ നിന്നാണ് ചെള്ളുകള്‍ ശേഖരിച്ചത്. ഇവ പൂക്കോട് വെറ്ററിനറി കോളേജില്‍ എത്തിച്ച് പരിശോധന നടത്തുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. നൂല്‍പ്പുഴ പിഎച്ച് എസ് സിയുടെ നേതൃത്വത്തില്‍ കേളനിയിലെ അറുപത്തിയഞ്ചോളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കി. കൂടാതെ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത് പുരട്ടാനുള്ള ലേപനങ്ങളും നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമെന്ന് നൂല്‍പ്പുഴ പിഎച്ച്എസിയിലെ മെഡിക്കല്‍ ഓഫീസര്‍ പികെ അനില്‍കുമാര്‍ പറഞ്ഞു. പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാടപ്പള്ളിക്കുന്നിലെ പതിനഞ്ചോളം പേര്‍ക്കും വാക്സിനേഷന് നല്കി. കഴിഞ്ഞ വര്‍ഷം കുരങ്ങുപനി പടര്‍ന്ന് പിടിച്ച പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും സംഘം സന്ദര്‍ശിച്ചു. മാടപ്പള്ളിക്കുന്നിലും കരിപ്പൂരിലും രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ കുരങ്ങുപനി വേട്ടയാടിയ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും മാടപ്പള്ളിക്കുന്ന്, കരിപ്പൂര്‍ കാട്ടുനായ്ക്ക കോളനി എന്നിവടങ്ങളിലും ഇത്തവണ രോഗം പടര്‍ന്ന് പിടക്കാന്‍ സാധ്യതയുള്ളതായി സംഘം വിലയിരുത്തി. കുരങ്ങുപനിക്കെതിരെ നിതാന്ത ജാഗ്രത പാലിക്കാന്‍ വൈകീട്ട് ഡിഎംഒ ഓഫീസീല്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംഘം നിര്‍ദ്ദേശം നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ വനാതിര്‍ത്തികളിലുള്ള കോളനികളില്‍ പനി ബാധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കണമെന്നും വാക്സിനേഷന് മൂന്ന് ഡോസും നിര്‍ബന്ധമായി നല്‍കണമന്നും സംഘം നിര്‍ദ്ദേശിച്ചു. പരമാവധി വനത്തില്‍ പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാമുന്‍കരുതലുകളുടെ കാര്യത്തില്‍ വിട്ട് വീഴ്ച പാടില്ലെന്നും സംഘം ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: