റാന്നി: തങ്ങള്‍ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യം ആശുപത്രി കിടക്കയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ കൈമാറി എസ്.സി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ പാലിയേറ്റീവ് പരിചരണത്തില്‍ പങ്കാളികളായി.
വോളന്റിയര്‍മാരായ 50 കുട്ടികള്‍ ദിവസേന കരുതി വച്ച ഒറ്റനാണയങ്ങളാണ് പതിനായിരം രൂപയായപ്പോള്‍ പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍, കമോഡ് ചെയര്‍, സാനിട്ടറി നാപ്കിന് തുടങ്ങിയവ വാങ്ങാനായി നല്‍കിയത്. പ്രോഗ്രാം ഓഫീസര്‍ എബി വര്‍ഗീസാണ് ഒറ്റനാണയത്തുട്ടും ഭക്ഷ്യ വസ്തു ശേഖരണവും എന്ന ആശയം കുട്ടികള്‍ക്കു നല്‍കിയത്. വോളന്റിയര്മാര്മാരില് നിന്നും ലേഡി ചാര്‍ജ് ഓഫീസര്‍ ജോബി പോള്‍ ഒറ്റനാണയങ്ങള്‍ ശേഖരിച്ചു. വോളന്റിയര്‍ സെക്രട്ടറിമാരായ ജിജോ സണ്ണി, സലോമി സാം എന്നിവര്‍ പദ്ധതി വിജയിപ്പിക്കാന്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഏലിയാമ്മ അലക്സിന്റെ പിന്തുണ കൂടിയായപ്പോള്‍ പാലിയേറ്റീവ് പരിചരണത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ സജീവമാകുകയായിരുന്നു.
വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനു ടി. ശാമുവേല്‍ ഏറ്റുവാങ്ങി.
വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് യോഗത്തില്‍ അനില്‍ തുണ്ടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ബോബി ഏബ്രഹാം, കമ്യൂണിറ്റി നേഴ്സ് ജയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: