പൂക്കോട്:മത്സ്യത്തൊഴിലാളി സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ അഞ്ചാമത്തെ സീ ഫുഡ് കിച്ചണ്‍ വയനാട്ടിലെ പൂക്കോട് തടാകക്കരയില്‍ പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കാളായ വനിതകളുടെ സ്വയം പര്യാപ്തതയ്ക്കും കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സംരംഭം ഉതകുമെന്ന് അവര്‍ പറഞ്ഞു. കാരാപ്പുഴ നെല്ലാറച്ചാല്‍ പട്ടികവര്‍ഗ ഫിഷറീസ് സഹകരണ സംഘത്തിനു സെന്‍ട്രല്‍ ഇന്‍ലാന്റ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ബംഗലൂരു) അനുവദിച്ച എട്ട് ഫൈബര്‍ കുട്ടത്തോണികളുടെ കൈമാറ്റവും അവര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷയായിരുന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈത്തിരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.വി.വിജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി ജോസ്, പഞ്ചായത്തംഗങ്ങളായ ബഷീര്‍ പൂക്കോടന്‍, സലിം മേമന, പി.ടി.വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പി.അബു, സി.കുഞ്ഞമ്മദുകുട്ടി, ഒ.കെ.മൂസ ഹാജി, ഋഷികുമാര്‍, എം.വി.ബാബു, സി.പി.അഷ്റഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബി.കെ.സുധീര്‍ കിഷന് സ്വാഗതവും വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.ഗോപി നന്ദിയും പറഞ്ഞു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍വിമന്‍(സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുള്ള തങ്ങള്‍ക്കുന്ന് പട്ടികവര്‍ഗ കോളനിയിലെ പുലരി സ്വയംസഹായ സംഘത്തിനു അനുവദിച്ചതാണ് സീ ഫുഡ് കിച്ചണ്‍. തങ്ങള്‍ക്കുന്ന് കോളനിയിലെ ഓമന, തുളസി, ബീന, സരിത, രാധ ബിന്ദു എന്നിവരാണ് പുലരി സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍. കടല്‍ മത്സ്യങ്ങളുടേയും തദ്ദേശ മത്സ്യ ഇനങ്ങളുടേയും പാചകത്തിലും അതിഥികളോടുള്ള പെരുമാറ്റത്തിലും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് പൂക്കോട്. വിദേശങ്ങളില്‍നിന്നടക്കം ദിവസവും നൂറുകണക്കിനു സഞ്ചാരികളെത്തുന്ന ഇവിടെ സീ ഫൂഡ് കിച്ചണിലൂടെ വിവിധയിനം മത്സ്യങ്ങള്‍ രുചികരമായും പാരമ്പര്യത്തനിമ ചോരാതെയും പാചകം ചെയ്ത് മിതനിരക്കില്‍ ലഭ്യമാക്കുമെന്ന് പുലരി സംഘം പ്രസിഡന്റ് സരിതയും സെക്രട്ടറി തുളസിയും പറഞ്ഞു. ഉദ്ഘാടനദിനമായ ഞായറാഴ്ച അപ്പവും വേവിച്ച കപ്പയും കറിവെച്ചതും വറുത്തതുമായ മത്സ്യങ്ങളുമാണ് സംഘാംഗങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയത്. കപ്പ് പ്ലേറ്റിനു 20 രൂപയാണ് വില. വിപണിവില അടിസ്ഥാനമാക്കിയായിരിക്കും പാകംചെയ്ത മത്സ്യ ഇനങ്ങള്‍ക്ക് വിലയിടുക.പൂക്കോട് തടാകക്കരയില്‍ എട്ട് ലക്ഷം രൂപ അടങ്കലിലാണ് സീ ഫൂഡ് കിച്ചണ്‍ യാഥാര്‍ഥ്യമാക്കിയതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറ്കടറും സാഫ് നോഡല്‍ ഓഫീസറുമായ ബി.കെ.സുധീര്‍ കിഷന് പറഞ്ഞു. ഇതില്‍ ആറ് ലക്ഷം രൂപ സംരംഭത്തിനാവശ്യമായ സ്ഥിരമൂലധന സാമഗ്രികളും പ്രവര്‍ത്തനമൂലധനവുമായി സാഫ് ലഭ്യമാക്കിയതാണ്. രണ്ട് ലക്ഷം രൂപ ഗുണഭോക്താക്കള്‍ ബാങ്ക് വായ്പയായി തരപ്പെടുത്തിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: