പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം പദ്ധതി വന്‍വിജയമായതിനു പിന്നില്‍ ആവണിപ്പാറ വനവാസി സങ്കേതത്തിലുള്ളവര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും പദ്ധതിയുടെ ലാഭ വിഹിതം ആവണിപ്പാറ ആദിവാസി സങ്കേതത്തിന് പ്രയോജനപ്പെടുത്തുമെന്നും റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആവണിപ്പാറ പാലം നിര്‍മാണോദ്ഘാടനം അച്ചന്‍കോവിലാറിന്റെ കരയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വനവികാസ് ഏജന്‍സികളുടെ ഇക്കോ ഷോപ്പുകളുടെ വരുമാനം ഉള്‍പ്പടെ കോന്നി ഇക്കോ ടൂറിസം പദ്ധതിയില്‍ നിന്ന് 1.54 കോടി രൂപ ലാഭം നേടി. വനവാസി വിഭാഗങ്ങള്‍ ശേഖരിച്ച വനവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആവണിപ്പാറ പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ കോന്നി മണ്ഡലത്തിന്റെ സമസ്ത മേഖലയിലും വികസന കുതിപ്പ് കാണാന്‍ കഴിയുമെന്നും ഇതിനു പിന്നില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ സമര്‍പ്പണ ബോധത്തോടെയുള്ള പൊതുപ്രവര്‍ത്തനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
ഡിഎഫ്ഒ മോഹനന്‍പിള്ള, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ അനില്‍, ഗ്രാമ പഞ്ചായത്തംഗം പി. സിന്ധു, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എ.റഹിം, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ബി.രാജീവ്കുമാര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജേഷ്, ഊരുമൂപ്പന് അച്യുതന്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, പട്ടികവര്‍ഗ വികസന-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: