പെരിന്തല്‍മണ്ണ: നഗരസഭയുടെ പരിധിയില്‍ കുന്നപ്പള്ളി റെയിലുംകര ഭാഗത്ത് 21, 22 വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ക്കെതിരെ ജനരോഷം അണപൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം തടയാനെത്തിയ നാട്ടുകാരും ക്വാറി ഉടമകളും തമ്മില്‍ സംഘര്‍ഷം. നാട്ടുകാരെ നേരിടാന്‍ മാരകായുധങ്ങളുമായി ക്വാറി ഉടമകളും ഗുണ്ടകളും എത്തിയത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രംഗം ശാന്തമാക്കാനെത്തിയ പോലീസുകാരിലൊരാളെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. അവസാനം നാട്ടുകാര്‍ ഒന്നടങ്കം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
ഏഴോളം ക്വാറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷവും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതും. ജിയോളജി വകുപ്പില്‍ നിന്നും ചുരുങ്ങിയ സ്ഥലത്ത് ഖനനം നടത്താന്‍ ലഭിച്ച പഴയ ലൈസന്‍സ് ഉപയോഗിച്ചാണ് ഇവിടെ ഇപ്പോഴും ഇവര്‍ ഖനനം നടത്തുന്നത്. മാത്രമല്ല, നഗരസഭയുടെ അനുമതി പോലും ഇവക്കില്ല. ഇത്തരം അനധികൃത ക്വാറികള്‍ പല പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പലവീടുകളുടെ ഭിത്തികളും വിണ്ടുകീറിയിരുന്നു. ജലസ്രോതസുകളായ കിണറുകളുടെയും കുളങ്ങളുടെയും തോടുകളുടെയും നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്നു. അതുകൊണ്ട് രൂക്ഷമായ ജലക്ഷാമമാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. ഒരു അങ്കണവാടിയും നിരവധി വീടുകളും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് ശ്വസിക്കാന്‍ പറ്റാത്ത വിധം പൊടിശല്യം വ്യാപിച്ചിരിക്കുന്നു. ക്വാറികള്‍ക്ക് അടുത്തുള്ള വീടുകളിലും ചെങ്കല്ല് കൊണ്ടുപോകുന്ന വഴിയുടെ ഇരുഭാഗങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഈ ക്വാറികളില്‍ നിന്നും ദിവസേന അമ്പതിലധികം ലോഡ് ചെങ്കല്ല് ഖനനം ചെയ്ത് കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. സമീപകാലത്ത് നഗരസഭ നിര്‍മ്മിച്ച 10 അടി മാത്രം വീതിയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെയാണ് ചെങ്കല്ല് കയറ്റിയ ലോറികള്‍ പായുന്നത്. ഇതോടെ ഈ റോഡുകളും തകര്‍ന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ ഈ ക്വാറികളില്‍ പണിയെടുക്കുന്നുണ്ടെങ്കിലും യാതൊരുവിധ തൊഴില്‍ നിയമങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എടുക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. താമസ സൗകര്യങ്ങള്‍പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. അതേസമയം ചെങ്കല്‍ ക്വാറികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഉടമകള്‍ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയിലേക്ക് ഭീഷണി വളര്‍ന്നു. എന്നാല്‍ പ്രദേശവാസികളില്‍ ചിലര്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി നിലപാട് എടുക്കുന്നത് ബഹുഭൂരിപക്ഷം പേരെയും ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ക്വാറി ഉടമകള്‍ ചിലരെ വിലക്ക് വാങ്ങിയതാണെന്ന് മറ്റുള്ളവര്‍ ആരോപിക്കുന്നു . അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: