പത്തനംതിട്ട: കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയെത്തിയ ജനകീയ നേതാവ് കുമ്മനം രാജശേഖരനെ സ്വീകരിക്കാന്‍ എത്തിയ ജനസാഗരങ്ങള്‍ ജനകീയ ആവശ്യങ്ങളുടെ നിരവധി നിവേദനങ്ങളും നല്കി. തലചായ്ക്കാനിടമില്ലാത്തവരുടെ ആകുലതകളും വ്യാകുലതകളും ദ്യോതിപ്പിക്കുന്നതുമുതല് സിപിഎമ്മിന്റെ അരുംകൊലയുടെ ഇരകള്‍ വരെ നിവേദനങ്ങളുമായി ജനനായകനുമുന്നിലെത്തി. റിയാദിലകപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്‍പതോളം ആളുകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് റാന്നിയില്‍ വീട്ടമ്മമാര്‍ ജനനേതാവിനെ കണ്ടത്. ഗവിയിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന നിവേദനവുമായിഎത്തിയ വികലാംഗനായ ധര്‍മ്മലിംഗം മുതല്‍ അടൂരില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മുകാര്‍ അരുംകൊല ചെയ്ത മകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായെത്തിയ സുകുമാരി എന്ന മാതാവുവരെ നിരവധി ആളുകളാണ് വിവിധ സ്ഥലങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ കാത്തുനിന്നത്. റബര്‍ പ്രോഡ്യൂസേഴ്സ് അസോസിയേഷന്, സാധുജന വിമോചന സംരക്ഷണ വേദി, പട്ടികജാതി വര്‍ഗ്ഗ പുനരുദ്ധാരണ സമിതി, തുടങ്ങി നിരവധി സംഘടനകളും ആവശ്യങ്ങള്‍ നിവേദനങ്ങളിലാക്കി നല്കി. അച്ചന്‍കോവില്‍ -ചിറ്റാര്‍ പാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് തണ്ണിത്തോട്ടില്‍ ഇടത്താവളം നിര്‍മ്മിക്കണമെന്ന തണ്ണിത്തോട് സ്വദേശി റിട്ട. കേണല്‍ സുകേഷന് തണ്ണിത്തോട്ടില്‍ നവോദയ വിദ്യാലയം വേണമെന്ന ആവശ്യവും ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: