പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയായ കര്‍ഷകനാണ് രോഗം പിടിപെട്ടത്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ഈ വര്‍ഷം ഇതാദ്യമായാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കര്ഷകന് പനി പിടിപെട്ടത്. ഉടന്‍ പുല്‍പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും കര്‍ഷകനെ ഈ മാസം രണ്ടിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കര്‍ഷകന്റെ രക്തസാമ്പിള്‍ മണിപ്പാലിലുള്ള വൈറോളജി ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് പരിശോധനാ ഫലം വന്നത്. . ഇതേ തുടര്‍ന്ന് കര്‍ഷകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
കുരങ്ങുപനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കര്‍ഷകന്റെ വീടിന്റെ പരിസത്ത് സന്ദര്‍ശനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വനത്തില്‍ പോയത് കൊണ്ടല്ല കര്ഷകന് പനി പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കന്നുകാലികളിലൂടെ പകര്‍ന്നതാകാമെന്നും സംശയിക്കുന്നുണ്ട്. മുള്ളന്‍കൊല്ലി മേഖലയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയെങ്കിലും ഇയാള്‍ കുത്തിവെപ്പിന് വിധേയമായിട്ടില്ലെന്നാണ് അറിയുന്നത്.
കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തിലാണ് രോഗിയായ കര്ഷകന് കഴിയുന്നത്. കേരള വനാതിര്ത്തിയിലെവിടെയും ഇതുവരെ കുരങ്ങു ചത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്ന വിവരം. കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ അടുത്തിടെ കുരങ്ങ് ചത്തിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കും. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് മൂള്ളന്കൊല്ലിയില് മെഡിക്കല്‍ ക്യാമ്പ് നടത്തും. രോഗവാഹിനികളായ ചെള്ളുകള്‍ പ്രദേശത്തുണ്ടോയെന്നത് പരിശോധിക്കും. ചെള്ളുകള്‍ ശേഖരിച്ച് രോഗവാഹിനിയാണോ എന്ന കാര്യം പൂക്കോട് വെറ്ററിനറി കോളേജില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇത്തവണ വേനാരംഭത്തിന് മുന്നേ തന്നെ ആരോഗ്യവകുപ്പ് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പനിസര്വ്വേ നടത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. പ്രതിരേധ കുത്തിവെപ്പും നടത്തിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ മാനന്തവാടി ബത്തേരി നഗരസഭാ പരിധിയിലും നെന്മേനി പഞ്ചായത്തിലും കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത് കുരങ്ങുപനി ഭീതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കുരങ്ങുപനിയെ കുറിച്ച് നിലവില്‍ പരിഭ്രമിക്കേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്ന് ഡിഎംഒ ഡോ ആശാദേവി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. നൂറിലേറെപേര്‍ക്ക് രോഗം ബാധിക്കുകയും പതിനൊന്ന് പേര് മരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: