പാലക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ വ്യാപകം. പാലക്കാട്, ഒറ്റപ്പാലം, ആലത്തൂര്‍, മണ്ണാര്‍ക്കാട് നഗരങ്ങളിലെ വിദ്യാലയങ്ങളാണ് പ്രധാന വിപണന കേന്ദ്രങ്ങള്‍. ഗ്രാമീണ വിദ്യാലയങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. കഞ്ചാവ്, പാന്‍ പരാഗ് എന്നിവക്ക് പുറമേ കൃത്രിമ ലഹരി വസ്തുക്കളും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വരെ വ്യാപകമാണ്.
ഏതാനു ദിവസം മുമ്പ് പാലക്കാട് നഗരത്തിലെ ഒരു വിദ്യാലയത്തിലെ പത്താം ക്ളാസ് വിദ്യാര്‍ഥി ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. വാര്‍ധക്യം ബാധിച്ചപോലെ പ്രതിരോധ ശേഷി നഷ്ടമായതായിരുന്നു 15 വയസുള്ള ഈ കുട്ടിയുടെ ശരീരവും. ഇത് അനേ്വഷണവിധേയമാക്കിയപ്പോഴാണ് മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
കഞ്ചാവ്, ടാബ്ലറ്റ് എന്നിവയും വിദ്യാലയങ്ങളില്‍ സുലഭമാണ്. കൂടാതെ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നറും മായ്ക്കുന്നതിനുള്ള വൈറ്റ്നറും ലഹരിക്കായി ഉപയോഗിക്കുന്നു. പഞ്ചര്‍ ഒട്ടിക്കുന്ന പശ പ്രത്യേക രീതിയില്‍ ലഹരിയായി ഉപയോഗിക്കുന്നുണ്ട്. വൈറ്റ്നര് ചേര്‍ത്ത് കത്തിച്ച് അതിന്റെ ഗന്ധങ്ങളിലും ഇവര്‍ ലഹരി കണ്ടെത്തുന്നു.
ഗന്ധമില്ലാത്തതില് ഇത് തിരിച്ചറിയാന്‍ അധ്യപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ കഴിയുന്നില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍പോലും ഇത്തരം ലഹരിക്ക് അടിമകളാണ്.
കോയമ്പത്തൂരില്‍ പഠിക്കാന്‍ പോകുന്ന പലരും ഇത്തരം റാക്കറ്റുകളില്‍ വീഴുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ഗുളികകളും എത്തിച്ചുകൊടുക്കുന്ന വന്‍ റാക്കറ്റ് തന്നെ ഇവിടെയുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഒഴിവ് ദിവസങ്ങളില്‍ നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ കഞ്ചിക്കോട്, വാളയാര്‍ പ്രദേശങ്ങളിലെ കാടുകളിലും ധോണി, മലമ്പുഴ എന്നിവിടങ്ങളിലും ലഹരി ഉപയോഗിക്കുന്നതിനായി ഒത്തുചേരുന്നതായി വിവരമുണ്ട്. എട്ടാം ക്ളാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ വരെ ഇവിടെയെത്തുന്നുണ്ട്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ച്ചയായി കഞ്ചാവ് പിടികൂടുന്നുണ്ടെങ്കിലും വിദ്യാലയങ്ങളിലെ മയക്കു മരുന്ന് മാഫിയകള്‍ക്ക് കുറവുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: