തിരൂര്‍: കേരളചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മുഖാമുഖം കാണാന്‍ കഴിയുമെന്ന് വിഖ്യാത ചരിത്രകാരന് പ്രൊഫ. എം.ജി.എസ്. നാരായണന് പറഞ്ഞു. ശാസ്ത്രീയമായ ചരിത്രരചന നിര്‍വഹിക്കുന്നു എന്നവകാശപ്പെട്ട ചരിത്രകാരന്മാരില് പലരും ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷയുടെ പിതാവാണെങ്കില്‍ ഗുണ്ടര്‍ട്ടിനെ ഭാഷയുടെ വളര്‍ത്തച്ഛനെന്ന് വിശേഷിപ്പിക്കാമെന്നും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ‘മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എം.ജി.എസ്. പറഞ്ഞു. ചരിത്രത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ഗുണ്ടര്‍ട്ട് കൃതികളുടെ ആഴത്തിലുള്ള പഠനം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരചരിത്രത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുള്ള നാഴികക്കല്ലുകളാണ് ആ കൃതികള്‍. മലയാളിയെ മലയാളമെന്തെന്ന് മനസ്സിലാക്കിക്കൊടുത്തത് മലയാളനിഘണ്ടു അടക്കമുള്ള ഗുണ്ടര്‍ട്ടിന്റെ സംരംഭങ്ങളാണ്. കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളും അവയിലുള്ളടങ്ങിയിട്ടുള്ള മിത്തുകളും അക്കാലത്തെ കാഴ്ചപ്പാടുകളായി കാണണം. ഇവ ചരിത്രരചനയ്ക്കുള്ള ഉപകരണങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ സംസ്കാരവും ചരിത്രവും നമുക്കുവേണ്ടി വീണ്ടെടുത്ത് തരികയാണ് ഗുണ്ടര്‍ട്ട് ചെയ്തത്. നിഘണ്ടുവിന്റെ രചനയിലൂടെ മലയാളിക്ക് മലയാളമെന്തെന്ന് മനസ്സിലാക്കിത്തന്നു. ലോകത്തെവിടെയും മനുഷ്യരുടെ പ്രശ്നങ്ങളും സംസ്കാരവും ഒന്നാണെന്ന് കാട്ടിത്തരുന്നതായിരുന്നു ഗുണ്ടര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍. ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ച മലയാളസര്‍വകലാശാലയുടെ തിരിച്ചറിവ് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളസര്‍വകലാശാല പരമ്പരാഗതരീതികള്‍ മാറ്റി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ നയം രൂപീകരിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഡോ. എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം രൂപീകരിച്ചത്. മലയാളസര്‍വകലാശാല ജര്‍മനിയിലെ ട്യുബിംഗന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരിച്ച രണ്ട് വാല്യങ്ങളുള്ള പുസ്തകം ഡോ. എം.എം. ബഷീര്‍ ഏറ്റുവാങ്ങി. ഡോ. സ്കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തി. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ ആശംസാപ്രസംഗം നടത്തി.
ഭാഷാശാസ്ത്രവിഭാഗം പ്രൊഫസര്‍ എം. ശ്രീനാഥന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘ഗുണ്ടര്‍ട്ടിന്റെ സമകാലികത’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ ഡോ. സ്കറിയ സക്കറിയ, ഡോ. വി.ലിസി മാത്യു, ഡോ. എം.ശ്രീനാഥന്‍, ഡോ.കെ.എം.അനില്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: