രഞ്ജിത്ത് വടക്കേക്കരയത്ത്
പെരിന്തല്‍മണ്ണ: ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് കേരളത്തിന് പുറത്തേക്ക് വിവാഹം കഴിപ്പിച്ചയക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി വിവരം.
പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഈ അന്യസംസ്ഥാന വിവാഹങ്ങളുടെ ഇരയാകുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരം വിവാഹങ്ങള്‍ വിവാഹമോചനത്തിലെത്തുന്നതായാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇങ്ങനെ താല്പര്യത്തോടെ വിവാഹത്തിന് തയ്യാറായി കേരളത്തിലെത്തുന്നതില്‍ ഏറെയും കര്‍ണ്ണാടക സ്വദേശികളാണ്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കാരണം പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് ആശ്വസിക്കുമ്പോഴാണ് വിവാഹ കമ്പോളത്തിലെ ‘പുതിയ പ്രശ്നം ‘ ഉടലെടുക്കുന്നത്.
പൊന്നും പണവും വേണ്ട, പെണ്ണിനെ മതി എന്ന മോഹനവാഗ്ദാനവുമായാണ് ഇത്തരം വിവാഹ ദല്ലാളന്മാര് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെത്തുന്നത്. വിവാഹം കഴിക്കാന്‍ തയ്യാറായി പുരുഷന് തന്നെ കവലകളിലെത്തുന്നതും കുറവല്ല. എങ്ങനെയെങ്കിലും വിവാഹം ഏന്ന ഭാരത്തില്‍ നിന്ന് കരകയറാന്‍ ആഗ്രഹിക്കുന്ന പല മാതാപിതാക്കളും ഇത്തരം അന്യസംസ്ഥാന വിവാഹങ്ങള്‍ക്ക് തലവെക്കുന്നു.
വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറച്ച് നാളുകള്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ പോകുന്നതിനാല്‍ ഈ വിവാഹത്തിന്റെ അപകടങ്ങളും പുറംലോകം അറിയാറില്ല. ഒന്നോ രണ്ടോ കുട്ടികളായതിന് ശേഷം പലതും വേര്പിരിയലിലെത്തുന്നു. ഇങ്ങനെ കേരളത്തില്‍ തിരിച്ചെത്തി നിരാശയോടെ ജീവിതം തള്ളി നീക്കുന്ന നിരവധി പെണ്കുട്ടികളുള്ളതായാണ് വിവരം. ആവശ്യമായ നിയമസഹായങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കാറില്ല. തിരിച്ചെത്തുന്ന പെണ്‍കുട്ടിയെയും മക്കളെയും സംരക്ഷിക്കാന്‍ പ്രായമായ മാതാപിതാക്കള്‍ക്കും കഴിയാതെ വരുന്നു. അതേസമയം കേരളത്തില്‍ നിന്ന് തന്നെയുള്ള ചില ഏജന്റുമാര്‍ ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്തായാലും ഇത്തരം അന്യസംസ്ഥാന വിവാഹങ്ങള്‍ നിയന്ത്രിക്കാത്ത പക്ഷം വന്‍ ഭവിഷ്യത്താകും വന്ന് ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: