മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഡ്രൈവര്‍ നിയമനത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍നിന്നും ഇറങ്ങിപോയി. വൈസ് പ്രസിഡണ്ടും മറ്റൊരംഗവും യോഗത്തിനെത്തിയിരുന്നില്ല. എന്നാല്‍ സിപിഎം പിന്തുണച്ചതോടെ ലീഗിന്റെ ആള്‍ക്ക് താല്‍ക്കാലിക ഡ്രൈവര്‍ നിയമനം നല്കാന് തീരുമാനമായി.
നിലവിലെ ഭരണസമിതി അധികാരമേറ്റ് ആഴ്ച്ചകള്‍ക്കകം തന്നെ പ്രസിഡന്റിന്റെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് ലീഗ്- കോണ്‍ഗ്രസ്സ് അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. പ്രശ്നത്തില്‍ പ്രതിപക്ഷവും നിലപാട് കടുപിച്ചതോടെ പ്രസിഡന്റിന്റെ വാഹനം ഷെഡില്‍ വിശ്രമത്തില്തന്നെയായി.
കഴിഞ്ഞ ഭരണസമിതിയിലെ ഡ്രൈവറെ തന്നെ വെക്കണമെന്ന കോണ്‍ഗ്രസ്സും പറ്റില്ലെന്ന ലീഗും നിലപാടിലുറച്ച്് നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഡ്രൈവര്‍ക്കായി കൂടികാഴ്ച്ച നടന്നെങ്കിലും നിയമനം നടന്നിരുന്നില്ല. ഇന്നലത്തെ യോഗമാകട്ടെ ഡ്രൈവര്‍ നിയമന അജണ്ടവെച്ചതുമായിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ് അംഗമായ വൈസ് പ്രസിഡന്റ് കെ.ജെ. പൈലിയും മറ്റൊരു കോണ്‍ഗ്രസ്സ് അംഗം ബിന്ദു ജോണും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മറ്റ് മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയതോടെ നാല് സിപിഎം അംഗങ്ങളുടെയും ഒരു സിപിഐ അംഗത്തിന്റെയും പിന്തുണയോടെ ലീഗിന്റെ ആള്‍ക്ക് താല്‍ക്കാലിക ഡ്രൈവര്‍ നിയമനം നല്കാന് തീരുമാനമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: