പത്തനംതിട്ട: നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഡിവൈഎഫ്ഐ അക്രമം. സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പോലീസുയര്ത്തിയ ബാരിക്കേഡ് മറിച്ചിടുകയും പോലീസുകാരെ തലങ്ങും വിലങ്ങും തല്ലുകയും ചെയ്ത ഡിവൈഎഫ്ഐക്കാര്‍ പോലീസുകാര്‍ക്ക് നേരേയും സിവില്‍ സ്റ്റേഷനിലേക്കും കല്ലേറ് നടത്തുകയും ചെയ്തു. ഡിവൈഎഫ്ഐ അക്രമത്തില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍പടിക്കല്‍ എത്തിയത്. ബാരിക്കേഡുകള്‍ മറിച്ചിടുന്നതിനെ പ്രതിരോധിച്ച പോലീസുകാര്‍ക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ചെറിയ തോതില്‍ പോലീസ് ലാത്തിവീശിയെങ്കിലും പ്രകടനക്കാര്‍ പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി പോലീസുകാരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. പിന്നില്‍ നിന്ന് അണികളുടെ ആക്രമണത്തില്‍ ചില ഡിവൈഎഫ്ഐ നേതാക്കന്മാര്ക്കും പരിക്കേറ്റു. പോലീസ് സംയമനം പാലിക്കുന്നതിനനുസരിച്ച് ഡിവൈഎഫ്ഐക്കാര്‍ പ്രകോപനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ജനരക്ഷായാത്രയുടെ ഫ്ളക്സ് ബോര്‍ഡുകളും കോണ്‍ഗ്രസ് പതാകകളും വ്യാപകമായി നശിപ്പിച്ചു.
ഡിവൈഎഫ്ഐക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട എ.ആര് ക്യാമ്പിലെ പ്രസൂണ്‍, ഹരി, അബ്ദുല്‍ റഹീം, പ്രദീപ്കുമാര്‍, രാജേഷ്, ഹരികുമാര്‍, ഷിബു, സലിം രാജ്, ജയചന്ദ്രന്, ശ്രീലാല്‍.പത്തനംതിട്ട ്സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ജയദാസ്, രാധാകൃഷ്ണന്, കെ.എ.പി ബറ്റാലിയനിലെ വൈശാഖന്, പ്രേംചന്ദ്, പ്രവീണ്‍, സെബന്‍, ഹുസൈന്, സന്തോഷ്, വിഷ്ണു മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.വി. സഞ്ജു, സെക്രട്ടറി കെ.യു. ജനീഷ്കുമാര്‍, പ്രവര്‍ത്തകരായ സജീഷ്കുമാര്‍, ശ്രീനി, അഭിലാഷ്, നിസാം എന്നിവര്‍ക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റു.
ഡിവൈഎഫ്ഐക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ എഐവൈഎഫ് കാരും പ്രതിഷേധമാര്‍ച്ചുമായി എത്തി. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്. ജയന്, പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്. അഖില്‍, എം.വി. പ്രസന്നകുമാര്‍, രാജേഷ് ആനപ്പാറ, സുമേഷ് ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിബിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: