മേപ്പാടി :നെല്പാടങ്ങള് വളരെ സമ്പന്നമായ ഒരു ജൈവ സമൂഹത്തിന്റെ ഭാഗമാണ്. തവളകളും മത്സ്യങ്ങളും വിവിധയിനം മിത്ര കീടങ്ങളും മണ്ണിരകളും എണ്ണമറ്റ സൂക്ഷ്മ ജീവികളും എല്ലാം ചേര്‍ന്ന വയലുകള്‍ ജൈവവൈവിധ്യത്തില്‍ സമ്പന്നവുമാണ്. അവ അങ്ങനെത്തന്നെ നിലനിര്‍ത്തുക എന്നത് കര്‍ഷകന്റേത് എന്നതിലുപരി സമൂഹത്തിന്റേതു കൂടി ആവശ്യമാണ്. വയനാട്ടില്‍ നെല്‍കൃഷി നിലനിര്‍ത്തുന്നതില്‍ സ്തുത്യാര്‍ഹമായ പങ്കാണ് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ വഹിക്കുന്നത്. പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിത്തുത്സവം 2016 ന്റെ ഉല്‍ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പ്രസ്താവിച്ചു. ചടങ്ങില്‍ എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ.എന്‍. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ചേര്‍ന്നാണ് 28,29,30 തിയ്യതികളിലായി വിത്തുല്‍സവം നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി നിരവധി കര്‍ഷകര്‍ പങ്കെടുത്തു. ആദിവാസി പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷക കുടുംബങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകളും ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.
വയനാടിന്റെ തനത് നെല്‍വിത്തുകള്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തു സംരക്ഷിക്കുന്ന പള്ളിയറ രാമനും കുടുംബവും, തനത് കാര്‍ഷിക ആവാസവ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ട് കാര്‍ഷിക വൃത്തിയിലേര്പ്പെട്ടിട്ടുള്ള ജാനകിയും കുടുംബവുമാണ് അവാര്‍ഡിന് അര്‍ഹരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: