പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ ഭൂരേഖ നല്‍കുന്നതിനായി താലൂക്ക് ഓഫീസിനു സമീപം ഒരുക്കിയ പ്രത്യേക ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1,48,347 പേര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്കി. മറ്റു ജില്ലകളില്‍ തയാറാക്കിയ പട്ടയം കൂടി നല്‍കുന്നതോടെ രണ്ട് ലക്ഷം എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. റവന്യു, വനം വകുപ്പ് സംയുക്ത സര്‍വ്വെ പ്രകാരം വനഭൂമിയില്‍ നിന്ന് മാറ്റപ്പെട്ട കോന്നിയിലെ അയ്യായിരത്തോളം പേര്‍ക്ക് കൈവശ രേഖ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 1977 ജനുവരി ഒന്നിന് മുന്‍പ് മുതല്‍ വനഭൂമി കൈവശമുള്ളവര്‍ക്കാണ് ഫെബ്രുവരി അവസാനം നടക്കുന്ന ജില്ലാതല പട്ടയമേളയില്‍ കൈവശരേഖ വിതരണം ചെയ്യുക. കഴിഞ്ഞ പട്ടയമേളയില്‍ കോന്നി മേഖലയിലെ കോളനികളില്‍ ഉള്‍പ്പടെയുള്ള 1500 പട്ടയം നല്കി. അടുത്ത മാസം കൂടുതല്‍ പേര്‍ക്ക് പട്ടയം ലഭിക്കുന്നതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സര്‍വ്വെ-റവന്യു വകുപ്പുകളില്‍ നിന്ന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
റവന്യു വകുപ്പില്‍ നിന്ന് തഹസില്‍ദാര്‍മാര്‍ ഉള്‍പ്പടെ 25 ഉം സര്‍വ്വെ വകുപ്പില്‍ നിന്ന് 20 ഉം ഉദ്യോഗസ്ഥരെയാണ് പ്രത്യേക ഓഫീസിലേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. പട്ടയ-കൈവശ രേഖകള്‍ തയാറാക്കുന്നതിന്റെ മേല്‍നോട്ടത്തിനായി സ്പെഷ്യല്‍ ഓഫീസറായി പത്തനംതിട്ട സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) എം.ശ്രീദേവിയെയും, ജില്ലാ സര്‍വ്വെ സൂപ്രണ്ട് എം.ചെറുപുഷ്പത്തിനെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല നല്‍കിയും നിയമിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വൈസ് പ്രസിഡന്റ് പ്രവീണ്‍, തഹസില്‍ദാര്‍ വി.ടി രാജന്, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: