ബത്തേരി:ദേശീയ സമ്മതിദായക ദിനം ബത്തേരി ഡോണ്‍ ബോസ്കോ കോളേജില്‍ പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം സുശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നവ വോട്ടര്‍മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. 18 വയസ്സ് പൂര്‍ത്തിയായതും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തതുമായ പുതിയതും നിലവിലുള്ളതുമായ വോട്ടര്‍മാരെ വോട്ടവകാശത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന ആറാമത് ദേശീയ സമ്മതി ദായക ദിനാചരണമായിരുന്നു ഇത്.
ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷനായി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ജില്ലയിലെ ഭൂരിഭാഗം വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചത് ജില്ലയിലെ വോട്ടര്‍മാര്‍ക്ക് ജനാധിപത്യത്തെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചുമുള്ള അവബോധമാണ് സൂചിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കലക്ടര്‍ സമ്മതിദാനാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2016 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ നവ വോട്ടര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ കലക്ടറും സുശാന്ത് മാത്യുവും ചേര്‍ന്ന് ഡോണ്‍ ബോസ്കോ കോളേജിലെ ഇരട്ട സഹോദരിമാരായ അഞ്ജന വിജയന്, ആതിര വിജയന് എന്നിവര്‍ക്ക് നല്കി നിര്‍വ്വഹിച്ചു. 12500 പേരാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്യും. വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളെ വോട്ടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പ് പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് സഹായിച്ച ക്യാമ്പസ് അമ്പാസഡര്‍മാര്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: