എഴുത്തിന്റെ മേഖലയില്‍ ഗിരിശൃംഗങ്ങളില്‍ നില്ക്കുന്നു. രാഷ്ട്രീയത്തില്‍ പരകോടിയിലും. അതീവ വൈദഗ്ധ്യം ആവശ്യമുള്ള ഈ രണ്ട് മഹത്തായ മേഖലകളെയും എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോവുന്നത്?
എഴുത്ത്, രാഷ്ട്രീയം, സാമൂഹ്യസേവനം ഇവ അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നു. വ്യക്തിക്കായി, കുടുംബത്തിനായി, സമൂഹത്തിനായി, നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അത് പ്രാവര്‍ത്തികമാക്കാനുള്ള മേഖലയാണ് എന്നെ സംബന്ധിച്ച് രാഷ്ട്രീയം. നന്മയുടെ ആ നാമ്പുകള്തന്നെയാണ് കുടുംബത്തിലും നടപ്പാക്കുന്നത്. ഈ ചിന്തയും പ്രവൃത്തിയുംതന്നെ എഴുത്തായും രൂപാന്തരപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ അവനവനുവേണ്ടി ചെയ്യുന്നതും, കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നതും സാമൂഹ്യ സേവനവും രാഷ്ട്രീയപ്രവര്‍ത്തനവും വ്യത്യസ്തങ്ങളല്ല എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുന്നു.
ഇത്തരത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെയാണ് എന്റെ കഥകളുടെ പ്രമേയവും. അതുകൊണ്ടുതന്നെ ജീവിതഗന്ധികളായ സന്ദര്‍ഭങ്ങളെ എഴുത്തിലേക്ക് ആവാഹിക്കുന്നു. എന്നോട് എഴുത്തിനെപ്പറ്റിചോദിച്ചാല് ഞാന്‍ പറയും 24 മണിക്കൂറും എഴുതിക്കൊണ്ടേയിരിക്കുന്നു എന്ന്. ഉറക്കത്തില്‍പ്പോലും സ്വപ്നത്തില്‍പ്പോലും, പലപ്പോഴും ആശയങ്ങള്‍ ലഭിക്കുന്നു. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ലഭിക്കുന്നു. അങ്ങനെ എപ്പോഴും ചിന്ത നടന്നുകൊണ്ടേയിരിക്കുന്നു.
എഴുതാന്‍ പ്രത്യേകമായി സമയം നീക്കിവെക്കാറുണ്ടോ?
ഇല്ല. എന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ എന്റെ കഥകളും രൂപംകൊള്ളുന്നു, വളരുന്നു, പുഷ്പിക്കുന്നു. ആശയം വന്ന് വീര്‍പ്പുമുട്ടുമ്പോള്‍ തൂലിക സഞ്ചരിക്കുന്നു. അത്രമാത്രം. അപ്പോള്‍ സമയവും നമ്മുടെ കൈപ്പിടിയിലാവും. ഒരു പക്ഷേ എഴുതുക എന്നത് എന്റെ ആഗ്രഹത്തെക്കാള്‍ കൂടുതല്‍ നിയോഗമാണ്. അതുകൊണ്ടാകാം സമയവും എനിക്കായി വഴിമാറിത്തരുന്നു.
എഴുതി തുടങ്ങിയതിനു പിന്നില്‍ എന്തെങ്കിലും പ്രേരണയുണ്ടോ? എങ്ങനെയാണ് എഴുതാന്‍ തുടങ്ങിയത്?
ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിരുന്നു. ഞാനാര് എന്നതിന്റെ ഉത്തരവും ഒരുപക്ഷേ ഇതുതന്നെയായിരിക്കും. കുട്ടിക്കാലം മുതല്‍ എനിക്കാരുടേയും വേദന സഹിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ആ ദുഃഖം എന്നെയും ദുഃഖിതയാക്കി. ആ ലോലഹൃദയംതന്നെ ആളുകളെ മനസ്സിലാക്കുന്നതിന് എന്നെ സഹായിച്ചു. അവരുടെ വൈകാരികത തിരിച്ചറിയാന്‍ എനിക്കായി. സാഹിത്യത്തിലും വേണ്ടത് പരഹൃദയങ്ങളോടുള്ള താദാത്മ്യം തന്നെയാണ്. രാഷ്ട്രീയത്തിലും ജനതയുടെ മനസ്സറിയുക എന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെ പരാനുകമ്പയിലൂടെ ഞാന്‍ എഴുത്തുകാരിയായി; രാഷ്ട്രീയക്കാരിയും.
ആദ്യകൃതിയേതായിരുന്നു?
എനിക്ക് എഴുതാനാകും എന്നത് ഒരു തിരിച്ചറിവായിരുന്നില്ല. ഞാനെഴുതുകയായിരുന്നു. രണ്ട് കഥകള്‍ മാത്രമെഴുതിയ ഞാന്‍ യവനികക്കുള്ളിലായിരുന്നു. അവിടെ നിന്നും ജീവിതം എന്നെ കോളേജ് അദ്ധ്യാപികയാക്കി. അവിടെ സൈക്കോളജിയായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് ഒരു സ്കൂള്‍ നിയന്ത്രിക്കേണ്ടതായി വന്നപ്പോള്‍ അവിടുത്തെ വേഷം പ്രധാനാദ്ധ്യാപികയുടേതായി. ഈ പുതുമയെ സ്വീകരിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിര്ദ്ദേശപ്രകാരമായിരുന്നുതാനും. പിന്നീട് ദല്‍ഹിയില്‍ വീട്ടമ്മയായ മന്ത്രി പത്നിയായിരുന്നു. സഹമന്ത്രിയായിരുന്നു ഭര്‍ത്താവ് രാംകൃപാല്‍ സിന്‍ഹ. അതിഥി സല്‍ക്കാരം ചെയ്യുക എന്നതൊഴിച്ചാല്‍ അവിടെ എനിക്ക് പ്രത്യേക ജോലിയൊന്നുമുണ്ടായിരുന്നില്ല.
”ഞാനെന്തുചെയ്യണമിനി” എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു, സാഹിത്യത്തിലേക്കുള്ള എന്റെ കാല്‍വെയ്പ്പ്. ഭര്‍ത്താവ് എന്നോട് കഥയെഴുതാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമാദ്യം സുഗമമായ എഴുത്തിലേക്കെത്താന്‍ കഷ്ടപ്പെട്ടു. എന്നാല്‍ പ്രയത്നപാരമ്യം മനുഷ്യന് അനായാസത പ്രദാനം ചെയ്യുന്നു എന്നറിയാന്‍ അധികകാലമെടുത്തില്ല. അങ്ങനെയെഴുതിയ രണ്ട് കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ മനസ്സ് ഊര്‍ജ്ജസ്വലമായി. ചിന്തയുടെ പൂവുകള്‍ മൊട്ടിടാന്‍ തുടങ്ങി. എന്നെ ഞാനാക്കിയത്, എഴുത്തിന്റെ മരുപ്പച്ചകളെ കൈക്കുമ്പിളിലാക്കാന്‍ പ്രേരിപ്പിച്ചത്, രാഷ്ട്രീയത്തിലേക്ക് പിച്ചവെപ്പിച്ചത്, എന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്, എല്ലാം വിവാഹത്തിലൂടെ പൂര്‍ണ്ണമായും എന്നെ സ്വീകരിച്ച ഭര്‍ത്താവായിരുന്നു.
മാതൃകാപുരുഷന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിനുചേരുന്ന വിശേഷണം. സ്വയം ഉയരങ്ങളിലെത്തുകയും അര്‍ദ്ധനാരീശ്വര സങ്കല്പത്തിലെന്നപോലെ അര്ദ്ധാംഗിനിയ്ക്കും ജീവിതലക്ഷ്യം മനസ്സിലാക്കിക്കൊടുത്തു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ഇന്നും ഞാനറിയാതെ എനിക്ക് ഊര്‍ജം പകരുന്ന ശക്തിസ്രോതസ്സിനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.
ഓരോ തലക്കെട്ടും കവിതയാണ്. (ഉദാ: ”ഏക് ദിയാകേ ദീവാലി” ഒരു ദീപനാളത്തിന്റെ ദീപാവലി) സ്നേഹത്തിന്റെ ആര്‍ദ്രതയാണ്. സമൂഹത്തിലെ ഏത് മേഖലയാണു എഴുത്തിനായി തിരഞ്ഞെടുത്തത്?
മനുഷ്യജീവിതത്തിന്റെ ഭാവപരിവേഷങ്ങള്ത്തന്നെയാണ് തിരഞ്ഞെടുക്കാറ്. അവ ഓരോ സംസ്ഥാനത്തിന്റേതുമായ ചിന്താഗതികളോ, നേരും നെറികേടുകളോ അല്ല, മറിച്ച് ഭാരതീയ സംസ്കാരത്തിന്റെ പൈതൃക മേഖലകളിലൂടെയുള്ള ഒരു പ്രയാണം തന്നെയാണ്. നാനാത്വത്തില്‍ ഏകത്വവും സംസ്കൃതിയും നമുക്കുണ്ട്. എന്റെ കഥകള്‍ സാംസ്കാരികമായ അതിര്‍വരമ്പുകളില്‍ വിശ്വസിക്കുന്നില്ല. ഭാരതവും ഭാരത സംസ്കാരവും ഏകവും സനാതനവുമാണെന്ന് കാണിക്കുന്നു. അതുകൊണ്ടുതന്നെ വിവിധഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴും അവ അതേ വികാരത്തോടെതന്നെ അംഗീകരിക്കപ്പെട്ടു. കുടുംബബന്ധങ്ങളും ആത്മബന്ധങ്ങളും സാമൂഹിക ചലനങ്ങളും വ്യക്തിബന്ധങ്ങളും കഥകളില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
കവിതകള്‍ പോലുള്ള കഥകളെഴുതിയപ്പോള്‍, കവിതയെ മറന്നുപോയോ?
ഒരു കവിതാസമാഹാരവും ഞാനെഴുതിയിട്ടുണ്ട്. എന്നാല്‍ കഥാസമാഹാരങ്ങളും, നോവലുകളും, ലേഖനങ്ങളുമാണ് അധികവും എഴുതിയത്. എഴുതിയത് എന്നതിനേക്കാള്‍ അദൃശ്യശക്തി എഴുതിച്ചത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
എഴുതിയവയില്‍ ഏറ്റവും പ്രിയപ്പെട്ട കൃതിയേതാണ്?
അത് ഒരു ലേഖകനും പറയാന്‍ സാധിക്കുകയില്ല. എല്ലാ കൃതികളും എന്റെ പ്രിയസന്താനങ്ങളാണ്. പക്ഷേ ഈയിടെ പ്രകാശിപ്പിക്കപ്പെട്ട പുസ്തകം ഒരുപാട് മനനത്തിന്ശേഷം ഉരുത്തിരിഞ്ഞതാണെന്നു പറയാം. മണ്ഡോദരിയുടെ ആത്മകഥയാണത് – ”പരിതപ്തലങ്കേശ്വരി”. രാമായണം കേള്‍ക്കാന്‍ തുടങ്ങിയകാലം മുതലേ പഞ്ചകന്യകകളിലൊരാളായ മണ്ഡോദരി മനസ്സില്‍ സ്ഥാനമുറപ്പിച്ചിരുന്നു. രാവണപത്നിയെങ്കിലും ദിനവും സ്മരിക്കേണ്ട അഞ്ച് സ്ത്രീകളിലൊരാളാണ് എന്നത് അവരുടെ മാന്യത വെളിപ്പെടുത്തുന്നു. ഈ ആശയത്തില്‍ നിന്നാണ് ”പരിതപ്തലങ്കേശ്വരി”യുടെ ഉദയം.പൂജനീയ സര്‍സംഘചാലക് മോഹന്‍ ഭാഗവതാണ് ഈ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. 15 പുസ്തകങ്ങള്‍ അച്ചടിയിലുമുണ്ട്.
ജീവിതയാത്ര എങ്ങനെയായിരുന്നു? മുസാഫിര്‍പൂരില്‍ നിന്ന് ദല്‍ഹിയിലേക്കും പിന്നീട് രാജ്ഭവനിലേക്കുമുള്ള പ്രയാണം. എന്തൊക്കെയായിരുന്നു ജീവിതത്തിന്റെ നാഴികക്കല്ലുകള്‍?
ആദ്യയാത്ര 8-ാം വയസ്സില്‍ ഹോസ്റ്റലിലേക്കുള്ളതായിരുന്നു. അച്ഛന്റെ ആ തീരുമാനമായിരുന്നു എന്റെ തുടര്‍ന്നുള്ള യാത്രകളെ കെട്ടുറപ്പുള്ളതും ചിട്ടയുള്ളതുമാക്കിയത്. സൂര്യനമസ്ക്കാരവും, യോഗയും, കായികാഭ്യാസങ്ങളും അവിടെ നിന്നും പരീശീലിച്ച ഞാന്‍ അവയെ ജീവിതത്തിന്റെ ഭാഗമാക്കി. മെട്രിക്കുലേഷന്‍ വിജയിച്ചതോടെ ഹോസ്റ്റലില്‍ നിന്ന് തിരികെ വീട്ടിലെത്തി. കോളേജ് വിദ്യാഭ്യാസത്തില്‍ ഒന്നാംവര്‍ഷ ഡിഗ്രി കഴിഞ്ഞതോടെ വിവാഹവും നടത്തി. ഭര്‍ത്താവ് കോളേജദ്ധ്യാപകനായിരുന്നു. എംഎ കഴിഞ്ഞതിന് ശേഷം കോളേജില്‍ അദ്ധ്യാപികയായി. 1964 മുതല്‍ 68 വരെ ആ പദവിയില്‍ തുടര്‍ന്നു.
ആ സമയം സംഘപ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിനെക്കാണാന്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ കാര്യകര്‍ത്താക്കള്‍ വീട്ടില്‍ വരുമായിരുന്നു. അവരില്‍ നനാജി ദേശ്മുഖ് എന്നോട് കോളേജ് ജോലിവിട്ട് ഒരു പ്രാഥമികവിദ്യാലയം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ സംഘത്തിനുവേണ്ടി സ്കൂള്‍ ആരംഭിച്ചു. എട്ടു വര്‍ഷം ഞാന്‍ ആ സ്കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു.
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജനങ്ങളെ കൂടുതല്‍ അടുത്തറിയാനും അവരുടെ പ്രയാസങ്ങള്‍ കാണാനും സാധിച്ചു. അങ്ങനെയാണ് സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് എന്റെ മനസ്സ് പൂര്‍ണ്ണമായും പ്രവേശിച്ചത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തൃപ്തിലഭിച്ചതും ഈ സ്കൂള്‍ ജോലിയിലാണ്. കുട്ടികളെ വളര്‍ത്തിയെടുക്കാനും അവരുമായി ഇടപഴകാനും കിട്ടിയ ഈ അവസരം മനസ്സിന് ശാന്തി നല്കി.
പുതുതലമുറയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു അവിടുത്തെ എന്റെ കര്‍ത്തവ്യം. നല്ല കാഴ്ചയും, കാഴ്ചപ്പാടും, ചിന്തയുമുള്ള ഒരു സമൂഹനിര്‍മാണത്തിനായി ഈ വിദ്യാര്‍ത്ഥികളെ നല്ല വഴിയിലൂടെ നയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. നവരാഷ്ട്രനിര്മാണം തന്നെയായിരുന്നു ലക്ഷ്യം.
ഗോവന്‍ സംസ്കാരവും ഗോവയിലെ താമസവും ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ?
ഗോവയിലെ ജീവിതവും ബീഹാറിലെ ജീവിതവും എനിക്കൊരുപോലെതന്നെയാണ്. പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയിട്ടേയില്ല.
എഴുതിയ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമേതാണ്?
എന്റെ ആദ്യനോവല്‍ ”ജ്യോ മെഹന്ന്തീകാ രംഗ്” (എത്തരത്തിലാണോ മൈലാഞ്ചിയുടെ നിറം ) അത് അത്തരത്തിലൊരു കഥയാണ്. റെഹിം എന്ന കവിയുടെ വരികള്‍ പറയുന്നു. (ജ്യോ റഹീം ഒപ് സുഖ ജെ ഔപ് തപകാരി കാ രംഗ്…) മൈലാഞ്ചിയുടെ നിറം എഴുതപ്പെട്ട കരത്തിന് ചുവപ്പ് പ്രദാനം ചെയ്യുന്നതിനോടൊപ്പം എഴുതുന്നയാളുടെ കൈയ്ക്കും രക്തവര്ണ്ണമേകുന്നു എന്ന്. അത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തകരെ സമീപിക്കുന്നവര്‍, നല്ല സംസര്‍ഗം നടത്തുന്നവര്‍ അവരുടെ മനസ്സും നന്മയ്ക്കായി വര്‍ത്തിക്കാന്‍ തുടങ്ങുന്നു. ആ നോവല്‍ അംഗപരിമിതരുടെ പ്രശ്നങ്ങളുടെ വിശകലനമാണ്.
വാല്‍ക്കഷ്ണം
ജീവിതം പിന്നിട്ട വഴികളും പരോപകാരപ്രദങ്ങളായ ചെയ്തികളുടെ ബാക്കിപത്രങ്ങളും സമ്പുഷ്ടമാക്കിയ ജീവിതം. ബീഹാറിലെയും ദല്ഹിയിലെയുമെന്നുവേണ്ട ഭാരതത്തിലുടനീളമുള്ള സ്ത്രീകള്‍ക്ക് ഒരു വഴികാട്ടിയാണ് മൃദുല സിന്‍ഹ. ധിഷണാപരമായ പ്രവര്‍ത്തനങ്ങളും, ധൈഷണികമായ പ്രാവര്‍ത്തികതയും ഒത്തുചേര്‍ന്ന സ്ത്രീത്വം. ”യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ” എന്ന് പറയുന്നത് ഇന്ന് ഗോവയാണ്. പകല്‍ക്കിനാവുകളും ഇരുട്ടുതട്ടാത്ത രാത്രികളും മാത്രമല്ല, പ്രകൃതി ഭംഗിയും സാംസ്കൃതികത്തനിമയും ഇന്ന് ഗോവയ്ക്ക് സ്വന്തം. അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഗോവയിലേക്ക് എത്തിച്ചേര്‍ന്ന മൃദുലാജിയാവട്ടെ സര്‍വ്വോന്നത പീഠത്തെ അലങ്കരിക്കുന്നു; ഗോവയുടെ പുതിയവെളിച്ചത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: