എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വസിക്കുന്നുവെന്ന് ഭാരതീയ സങ്കല്പം. പൗരാണിക ഭാരതത്തില്‍ സ്ത്രീക്ക് ലഭ്യമായ ആദരവ് കാലം ചെല്ലുന്തോറും നഷ്ടമായി. ഇന്ന് സ്ത്രീക്ക് ഒരു ഉപഭോഗവസ്തുവിന്റെ സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്. അതിനപ്പുറം അവള് ആദരിക്കപ്പെടേണ്ടവളാണെന്ന് വാദിച്ചാല്‍ ആദ്യം വാളെടുത്ത് പടയ്ക്കുപുറപ്പെടുക സ്ത്രീസമത്വ വാദികളാണ് എന്നത് മറ്റൊരു വിരോധാഭാസം. ഈ അവസ്ഥയ്ക്കൊരുമാറ്റം ഏവരും ആഗ്രഹിക്കുന്നു. പക്ഷേ, അത് എങ്ങനെ സാധ്യമാകും. ആ മാറ്റത്തിലേക്കുള്ള തുടക്കമെന്ന നിലയിലാണ് മാതൃസമിതിയുടെ നേതൃത്വത്തിലുള്ള സ്ത്രീ സ്വാഭിമാന്‍ യാത്ര. ഇത്തരത്തിലൊരു യാത്രയും ഇതാദ്യം…
സ്ത്രീസുരക്ഷ, സ്ത്രീ ശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കിക്കൊണ്ട്, വളരുന്ന തലമുറയില്‍ ഭാരതീയ മൂല്യങ്ങളുടെ നന്മ ഊട്ടിവളര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തിലുള്ള സ്ത്രീസ്വാഭിമാന്‍ യാത്ര. സ്ത്രീകളുടെ ഇന്നത്തെ പ്രശ്നങ്ങള്‍ക്കും ദുരനുഭവങ്ങള്‍ക്കും തടയിടാന്‍ നിലവിലുള്ള വ്യവസ്ഥിതിക്ക് കഴിയുന്നില്ല എന്നതൊരു സത്യം. തത്തമ്മച്ചേലില് കൊഞ്ചുന്ന പിഞ്ചുകുഞ്ഞുങ്ങള്‍വരെ അതിദാരുണമായി പിച്ചിച്ചീന്തപ്പെടുന്ന ഭീകരാന്തരീക്ഷം, വര്‍ത്തമാനകാലത്തിനുമേല്‍ കറുപ്പ് പടര്‍ത്തുന്നു. തൊഴിലിടങ്ങളിലെ മാന്യതയില്ലാത്ത പെരുമാറ്റവും സാന്ദര്‍ഭിക ചൂഷണങ്ങളും സ്ത്രീകളെ വല്ലാതെ വലയ്ക്കുന്നു. അപഹാസ്യതയും അനാദരവും പാര്‍ശ്വവല്‍ക്കരണവും മറ്റൊരു വശത്ത് സ്ത്രീയെ സമൂഹത്തില്‍ തരംതാഴ്ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്. ഇതിനൊക്കെയെതിരെ ഭരണവ്യവസ്ഥയില്‍ നിയമസംവിധാനങ്ങളുണ്ടെങ്കിലും കുറ്റകൃത്യങ്ങളും പീഡനങ്ങളും കൂടുന്നു.
ബാഹ്യമായ നിയമ സംവിധാനങ്ങള്‍ക്കോ, ഇന്ന് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്ന ആയോധനാഭ്യാസനത്തിനോ പോലും സ്ത്രീ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ മുറിവില്‍ മരുന്നിടുന്ന ലാഘവത്തോടെ അവയെ സമീപിക്കുക മാത്രമല്ലേ ചെയ്യുന്നത്! മുറിവുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍, സമൂഹത്തിലെ പെണ്രക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചിന്തിക്കപ്പെടുകയോ ചര്‍ച്ചയാവുകയോ ചെയ്യുന്നില്ല. കുറ്റപ്പെടുത്തലും പരിദേവനങ്ങളും ഒരിത്തിരി ഫെമിനിസവും ചേര്‍ത്ത ചില്ലറക്കസര്ത്തുകള്ക്കപ്പുറം എന്തുണ്ടാകുന്നു? തെരുവ് നായ്ക്കള്‍ക്കുപോലും സംരക്ഷണം നല്‍കാനുള്ള മുറവിളി ഉയരുമ്പോള്‍, കരിയുന്ന പെണ്ജീവിതങ്ങളെപ്പറ്റി ഗൗരവതരവും സമഗ്രവുമായ ഒരു പരിഹാര സമീപനം ഉണ്ടാവുന്നില്ല എന്നതാണ് ദയനീയം.
സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ പോലും കാതലായ ജീവിതവീക്ഷണ വ്യതിയാനങ്ങളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതിനു പകരം, സംഭവിച്ച ദുരന്തങ്ങളുടെ പൊലിപ്പിക്കുന്ന ചര്‍ച്ചകളില്‍ ഒതുങ്ങുകയാണ്. ഉപരിപ്ലവമായ പരിഹാരസമീപനങ്ങള് വേണ്ടത്ര വിജയിക്കാത്തിടത്ത്, കാതലായ ചില ചിന്തകള്‍ അത്യാവശ്യമാണ്. താത്വികവും ദാര്‍ശനികവുമായ ഒരു കാഴ്ചപ്പാടിലൂടെ സമൂഹമനസ്സിന് നല്കാവുന്ന ചികിത്സയെക്കുറിച്ചും മൂല്യാധിഷ്ഠിതമായ ഒരു ജീവിതരീതി രൂപപ്പെടുത്തുന്ന സാംസ്കാരികാവബോധനത്തെക്കുറിച്ചും ചിന്തിക്കാന്‍ ഇനിയും എന്താണ് താമസം. സ്ത്രീപുരുഷ പാരസ്പര്യത്തിന്റെ സാംസ്കാരികതലത്തിലേക്ക് കടന്നുചെല്ലാനും ഭാരതീയമായ പരിപ്രേക്ഷ്യത്തില്‍ ഒരവലോകനം നടത്താനും കഴിഞ്ഞാല്‍ സ്ത്രീസുരക്ഷയുടെ ശക്തകവചങ്ങളെ നമുക്ക് കണ്ടെത്താനാവും. ഈ അന്വേഷണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായാണ് സ്ത്രീ സ്വാഭിമാന്‍ യാത്ര നടത്തപ്പെടുന്നതും.
അമ്മയെ അറിയാന്‍
സ്ത്രീയെ അമ്മയായി കണ്ട് ബഹുമാനിച്ചിരുന്ന സംസ്കാരത്തില്‍ നിന്നും അമ്മയ്ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയില്‍ നാം എത്തിനില്‍ക്കുന്നു. സ്ത്രീയുടെ പ്രാഥമികമായ രക്ഷാകവചമായിരുന്നു, ഭാരതത്തില്‍ അമ്മ എന്ന സങ്കല്‍പ്പം. അമ്മയായി ആദരിക്കപ്പെട്ട സ്ത്രീത്വം തന്നെയായിരുന്നു ഒരുകാലത്ത് ഭാരതത്തിന്റെ ശക്തിയും. ‘അമ്മ’ എന്ന് അഭിസംബോധന ചെയ്യുന്ന പുരുഷന്, സ്ത്രീയെ മറ്റൊരു തരത്തില്‍ കാണാനും പ്രയാസമാണ്. ശക്തിയായും പൗരുഷത്തിന്റെ ചാലകശക്തിയായും സ്ത്രീയെ ആദരിച്ച കാഴ്ചപ്പാടിന്റെ പിന്നാമ്പുറങ്ങളില്‍, സ്ത്രീ-പുരുഷ വ്യക്തിത്വങ്ങളുടെ പരസ്പരാശ്രിതത്വവും പരസ്പരാംഗീകാരവും ദൃശ്യമാണ്. ഒന്നും ഒന്നും ചേര്‍ന്നാല്‍ ”ഇമ്മിണി വല്യ ഒന്ന്” എന്നുപറഞ്ഞതുപോലെ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ പാരസ്പര്യമാണ് അര്‍ദ്ധനാരീശ്വര സങ്കല്പ്പത്തിലൂടെ ഭാരതീയ വ്യക്തിത്വത്തിന്റെ അടിത്തറ ശക്തമാക്കിയതും. ശിവശക്തൈക്യത്തിന്റെ പൂര്‍ണത, സന്തതി എന്ന നിലനില്‍പ്പിന്റെയും വംശത്തുടര്ച്ചയുടെയും സങ്കല്‍പ്പത്തിലുമാണ്. സ്ത്രീയെ അമ്മയായിക്കണ്ട സമൂഹം അവളെ വെറും ഉപഭോഗവസ്തുവായി, ഇവിടെ, കണ്ടതുമില്ല. സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും കാവലാളായി, മൂല്യങ്ങള്‍ ഇഴചേര്‍ത്ത കഥകള്‍ ചൊല്ലിക്കൊടുത്ത്, ഭക്തിയും യുക്തിയും പകര്‍ന്ന് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്തപ്പോള്‍, ആ അമ്മ സ്നേഹവും ത്യാഗവും രൂപമെടുത്തതാണെന്ന് സമൂഹം തിരിച്ചറിഞ്ഞു. കുടുംബത്തിലായാലും സമൂഹത്തിലായാലും തന്റെ സാന്നിദ്ധ്യവും നിലപാടും അറിയിക്കാന്‍ അമ്മയ്ക്ക് അവസരങ്ങളുണ്ടായിരുന്നു.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വ്യക്തിയുടെ ആവശ്യങ്ങളായി പരിഷ്കൃതലോകം സ്വീകരിച്ചപ്പോള്‍, വിശാല സമൂഹത്തിന്റെ സുരക്ഷക്കും വളര്‍ച്ചക്കും വേണ്ട സമ്പത്ത്, ആയുധശക്തി, വിദ്യ എന്നീ അവശ്യഘടകങ്ങളുടെ ആധിപത്യം നല്കി ഭാരതീയധിഷണ അംഗീകരിച്ചതും ആദരിച്ചതും ലക്ഷ്മി, ദുര്‍ഗ്ഗ, സരസ്വതി എന്നീ സ്ത്രീദേവതകളെയാണ്. സ്ത്രീയെന്ന സങ്കല്‍പ്പത്തെ എത്രമാത്രം ഉദാത്തവല്ക്കരിച്ചിരുന്നുവെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവുവേണം.
വൈദേശികാക്രമണങ്ങളും ആധിപത്യങ്ങളും കാലക്രമേണ ഭാരതീയ സംസ്കാരത്തില്‍ വെള്ളംചേര്‍ക്കാന്‍ തുടങ്ങുകയും സെമറ്റിക് രീതികളും സങ്കല്‍പ്പങ്ങളും ഇവിടെ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, നമുക്ക് അന്യംവന്നത് ആ പഴയ അമ്മക്കാലമാണ്. കുടുംബച്ഛിദ്രങ്ങള്‍ക്കും ഉഴറുന്ന മനസ്സുകള്‍ക്കും ഇടറുന്ന കാലുകള്‍ക്കും എപ്പോഴും കൈത്താങ്ങായിരുന്ന ബലിഷ്ഠമായ മാതൃത്വാവസ്ഥയെ നിരാകരിച്ച്, അമ്മയില്‍നിന്ന് പെണ്ണിലേക്കിറങ്ങാനാണ് പരിഷ്കൃതലോകം പ്രോത്സാഹനം നല്‍കിയത്. സുഖോപകരണമായി സ്ത്രീയെ കാണാന്‍ തുടങ്ങിയ പുരുഷമനസ്സിന് ആക്കം കൂട്ടാന്‍, സ്വയം ഉപഭോഗവസ്തുവായി ചിത്രീകരിച്ചുകൊണ്ട് സ്ത്രീത്വവും നീങ്ങുന്ന അവസ്ഥ ഇന്നില്ലെന്നു പറയാനാവില്ല. പക്ഷെ, സുഖലോലുപതയും സ്വാര്‍ത്ഥതയും കേവല ശരീരബോധവും മാത്രം കൈമുതലായി കരുതുന്ന ഇന്ന് ക്രൂരമായ ശിശുപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും നിര്‍ലജ്ജം നടമാടുമ്പോള്‍, സ്ത്രീ ജീവിതം അരക്ഷിതമായിത്തീരുന്നു; കൂടെ സമൂഹജീവിതവും. ആശങ്കയും ആകുലതയും ഭയപ്പാടും കാര്‍ന്നുതിന്നുന്ന സമൂഹജീവിതത്തില്‍, മാരകമായ ലഹരി-മദ്യ ഉപയോഗങ്ങളും സൈബര്‍ കേന്ദ്രീകൃത ലൈംഗികവൈകൃതങ്ങളും യുവതലമുറയെ വഴിതെറ്റിക്കുന്നു.
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പേരില്‍ അടിതെറ്റുന്ന പുതുതലമുറയാകട്ടെ, സംസ്കാരവും സദാചാരവും എന്തിന് കുടുംബബന്ധങ്ങള്‍ മറന്ന് മുന്നേറുന്നത് ലൈംഗിക ചൂഷണത്തിന്റെ അപായക്കെണികളിലേക്കാണ്. അഭ്യസ്തവിദ്യരായ യുവതലമുറ ലൈംഗിക അരാജകത്വത്തിലേക്ക്, സാമൂഹ്യ നിഷേധങ്ങളിലേക്ക് വഴുതി വീഴുമ്പോള്‍, നഷ്ടം സംഭവിക്കുന്നവരും ഇരകളാകുന്നവരും പെണ്‍വര്‍ഗം തന്നെയാണ്. സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബാല്യത്തിലേ പകര്‍ന്നുകൊടുത്ത് യഥാര്‍ത്ഥ സ്വാതന്ത്ര്യം തന്റെ വ്യക്തിത്വ നിര്‍മാണത്തിലാണെന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട മാതൃത്വത്തെയാണ് നാം തിരിച്ചുപിടിക്കേണ്ടത്. അത്തരം അമ്മമാരെ സൃഷ്ടിക്കുന്ന സാമൂഹ്യബോധം എവിടെപ്പോയി? നമ്മളെത്തുന്നത്, വേരറ്റുപോകുന്ന കുടുംബസങ്കല്പ്പങ്ങളിലേക്കും വേദനിക്കുന്ന മാതാപിതാക്കളിലേക്കുമാണ്. ഇതിനൊരു മറുമരുന്നായി അമ്മ എന്ന ശക്തിയെ തിരിച്ചറിഞ്ഞ് തിരിച്ചുപിടിക്കുകയും അതിലൂടെ സ്ത്രീയുടെ സ്വാഭിമാനം ഉയര്‍ത്തുകയും ചെയ്യാനാണ് ഈ യാത്രയിലൂടെ ശ്രമിക്കുന്നത്. ”മാതൃദേവോ ഭവ” എന്ന സന്ദേശം, അതുകൊണ്ടുതന്നെ, സ്വാഭിമാന്‍ യാത്രയുടെ മുദ്രാവാക്യമായി മാറുന്നു!
മാറേണ്ടത് മനോഭാവം
സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും മനസ്സിലും കാഴ്ചപ്പാടിലും മാറ്റം സംഭവിച്ചേ പറ്റൂ. പാരസ്പര്യത്തിന്റെ സഹിഷ്ണുതയിലേക്ക് ഇന്നത്തെ അസഹിഷ്ണു സമൂഹത്തെ കടത്തിവെയ്ക്കണം. സ്ത്രീയെ അമ്മയായിക്കണ്ട് ആദരിക്കാനുള്ള പുരുഷമനസ്സ് സംജാതമാക്കലാണ് ആദ്യപടി. സ്വന്തം ഉറവിടം സ്ത്രീയായ അമ്മ തന്നെയെന്ന സ്വയം ബോധ്യപ്പെടുത്തല്‍. ഒപ്പം തന്നെ, ആദരവര്‍ഹിക്കുന്ന തലത്തിലേക്ക് മാതൃത്വാഭിമാനത്തോടെ ഉയരാന്‍ സ്ത്രീക്ക് സാധിക്കണം. മമ്മി, ലിറ്റില്‍ ഗേള്‍ ആകുന്ന ലക്ഷ്യമല്ല ഇതിന് വേണ്ടത്. അമ്മമാരിലൂടെ ഭാരതീയമൂല്യങ്ങള്‍ പകര്ന്നുവാങ്ങുന്ന കുഞ്ഞുങ്ങള്‍ നാളെ സംസ്കാര സമ്പന്നരാകും എന്നാണല്ലൊ പ്രതീക്ഷിക്കേണ്ടത്.
സ്ത്രീക്ക് പ്രസവിക്കാന്‍ മാത്രമേ അറിയൂവെന്ന സെമറ്റിക് ചിന്തയിലൂടെ സ്ത്രീയെ ചെറുതാക്കിക്കാണിക്കുന്ന പ്രവണത അപകടകരമാണ്. ഭാരതത്തില്‍ സ്ത്രീക്ക് പ്രാധാന്യവും ബഹുമാനവും കിട്ടിയത് അവള് അമ്മയായി ഉയര്ന്നതുകൊണ്ടുതന്നെയാണ്. പ്രസവിക്കാന്‍ സ്ത്രീക്കേ കഴിയൂ എന്നതുകൊണ്ട്! അമ്മയായി കണക്കാക്കപ്പെടുമ്പോള്‍ അത് സ്ത്രീക്ക് ഒരു രക്ഷാകവചമാണ് നല്‍കുന്നത്. ആ സുരക്ഷയാകട്ടെ, നിര്‍ഭയമായി ജീവിക്കാനുള്ള അന്തരീക്ഷവും ഒരുക്കുന്നു. നിര്ഭയതയില്നിന്നു മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാകൂ. ഈ സ്ത്രീശക്തിയാകട്ടെ, സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ അനുകരണീയവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുകയും ചെയ്യും.
ബൗദ്ധികവും സാംസ്കാരികവും കലാപരവും സൈദ്ധാന്തികവുമായ രംഗങ്ങളിലൊക്കെയും ജൈത്രയാത്ര നടത്താന്‍ ഈ ശക്തി സഹായമാവുകയും ചെയ്യും. താങ്ങലും തലോടലും ശാസനയും വാത്സല്യവുമായി അമ്മ സമൂഹത്തില്‍ നിറയും. സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിന്റെ സാധ്യതകള്‍ പൂവണിയുന്നത് കുടുംബം എന്ന സ്നേഹസങ്കല്പ്പത്തിലാണ്; ത്യാഗവും സ്നേഹവും ഒരുമിച്ചുണര്‍ത്തുന്ന ഊഷ്മളതയാണ് അതിന്റെ ആരൂഢം. ആ സ്നേഹോഷ്മള ബന്ധങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ബന്ധങ്ങളുടെ പാവനതയിലൂടെ സമൂഹഭദ്രത ഉറപ്പുവരുത്തുകയെന്നതാണ് സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ ലക്ഷ്യം.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തെ ദൃഢപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്ലെങ്കില്‍, ചുംബനാഭാസങ്ങള്ക്കും ഭ്രൂണഹത്യകള്‍ക്കും സര്‍വോപരി, ശിശുപീഡനങ്ങള്‍ക്കും വിരുന്നൊരുക്കുന്ന വൃത്തികെട്ടൊരു സമൂഹത്തിന്റെ വിഴുപ്പ്, സനാതന സംസ്കാരത്തിന്റെ ഇന്നത്തെ അവകാശികള്‍ക്ക് ചുമക്കേണ്ടിവരും. ലോകം നമിച്ച പഴയൊരു ജീവിതരീതിയുടെ ശുദ്രവും ഭദ്രവുമായ ഭൂമിക തിരിച്ചു പിടിച്ചില്ലെങ്കില്‍, എരിഞ്ഞമരുന്ന പച്ചജീവനുകള്ക്കും കരഞ്ഞുതീരുന്ന കുടുംബങ്ങള്‍ക്കും കാവലിരിക്കാം. ദുരന്തം പൂര്ണമാകുന്നതിനു മുമ്പേ തന്നെ സാംസ്കാരിക മൂല്യവിന്യാസത്തിലൂടെ സാമൂഹ്യപ്രതിവിധി നിര്‍ണയിക്കാനുള്ള ദൗത്യമാണ് മാതൃസമിതി ഈ യാത്രയിലൂടെ തുടങ്ങിവെക്കുന്നത്. ഉപരിപ്ലവമായ വാക്കുകള്‍ക്കും നിയമത്തിനും അപ്പുറം സൈദ്ധാന്തികവും സാംസ്കാരികവും ഹൃദയസ്പര്‍ശിയുമായ ഒരു ആന്തരിക ചികിത്സാപദ്ധതിയിലൂടെ മനഃശാസ്ത്രപരവും മൂല്യാധിഷ്ഠിതവുമായ ഒരു മാറ്റം സമൂഹത്തെ, സ്ത്രീയെ, വരുംതലമുറയെ രക്ഷിക്കുമെന്നാണ് പ്രത്യാശ.
(മാതൃസമിതി സംസ്ഥാന അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: